കൊച്ചി: സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കമന്റുകൾ പറയുമ്പോൾ ജാഗ്രത പുലർത്തണമെന്നും അഭിപ്രായപ്പെട്ടു.
കേസിൽ പൊലീസിന്റേയും മജിസ്ട്രേട്ടിന്റേയും നടപടിക്രമങ്ങളിൽ പിഴവുകളുണ്ടായെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്നും പ്രോസിക്യൂഷന്റെ മറുപടി വരട്ടേയെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
ആരോപണങ്ങളെല്ലാം വ്യാജമാണെന്നും താൻ നിരപരാധിയാണെന്നും ബോബി ജാമ്യഹർജിയിൽ വ്യക്തമാക്കി. പരാതിക്കിടയാക്കിയ സംഭവങ്ങളെല്ലാം പൊതുസമക്ഷത്തിലുള്ളതാണ്. വീഡിയോ ദൃശ്യങ്ങളുമുണ്ട്.
അഭിഭാഷകനെ കാണാനായി കഴിഞ്ഞ 7ന് വയനാട്ടിൽനിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ യൂണിഫോമില്ലാത്ത പൊലീസുകാരാണ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിലധികം പിന്നിട്ടശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വീഡിയോദൃശ്യങ്ങൾ കാണിക്കണമെന്ന് ജാമ്യഹർജി പരിഗണിക്കുമ്പോൾ താൻ അപേക്ഷിച്ചെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. പ്രധാനതെളിവായ ദൃശ്യങ്ങൾ ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടെന്ന് മജിസ്ട്രേട്ടും നിലപാടെടുത്തു.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതും ഇതേ മജിസ്ട്രേട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് പക്ഷപാതപരവും നിയമവിരുദ്ധവുമാണ്. കേസിനാധാരമായ കണ്ണൂരിലെ ഉദ്ഘാടനച്ചടങ്ങിൽ തന്റെ സ്ഥാപനവുമായുള്ള 20 വർഷത്തെ സഹകരണം സംബന്ധിച്ച് പരാതിക്കാരി അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ചടങ്ങുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 5 മാസത്തിനുശേഷം പരാതി നൽകിയത് ദുരുദ്ദേശ്യപരമാണെന്നും ജാമ്യഹർജിയിൽ പറയുന്നു.
‘നീതിയുക്തമല്ല’
മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അന്വേഷണ ഘട്ടത്തിൽത്തന്നെ ജയിലിൽ അയച്ചത് നീതിയുക്തമല്ലെന്ന് ബോബി ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി 34കോടി ശേഖരിച്ചതടക്കം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
Source link