അനു എന്ന് എംബിഎ വിദ്യാർഥിയാണ്. അവളെ പഠിപ്പിച്ച് ഒരു നല്ല ജോലിയില്‍ എത്തിക്കണമെന്നായിരുന്നു സീമയുടെയും ശശിയുടെയും മോഹം. അത് മറ്റൊന്നും കൊണ്ടല്ല. സിനിമ അനിശ്ചിതത്വത്തിന്റെ മേഖലയാണ്. അതിലേക്ക് വരുന്ന ഒരാള്‍ക്ക് എന്ത് നേടാന്‍ കഴിയുമെന്നോ എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നോ യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് പഠിച്ച് ഒരു സ്ഥിരം ജോലിയില്‍ എത്തട്ടെയെന്ന് കണക്ക് കൂട്ടി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അനു തനിക്കും സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞു. സീമയും ശശിയും എതിര്‍ക്കാന്‍ നിന്നില്ല. തങ്ങള്‍ക്ക് എല്ലാം തന്നത് സിനിമയാണ്. പരസ്പരം കണ്ടുമുട്ടാനും ഒരുമിച്ച് ജീവിക്കാനും ഇടയാക്കിയതും സിനിമയാണ്. അങ്ങനെയൊരു മേഖലയിലേക്ക് വരാന്‍ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ എതിര്‍ക്കുന്നത് എങ്ങനെ?
പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ അനു ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പഠിത്തം കഴിയട്ടെ എന്ന് അച്ഛനും അമ്മയും അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു. ഇനി എതിര്‍ക്കുന്നതില്‍ ന്യായമില്ല. ഐ.വി. ശശി തന്നെ സംവിധാനം ചെയ്ത സിംഫണി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആ പടം ദയനീയ പരാജയമായി. സിനിമ തനിക്ക് യോജിച്ച മേഖലയല്ലെന്ന് അനുവിന് സ്വയം ബോധ്യപ്പെട്ടു. അങ്ങനെ അവള്‍ തന്നെ അതില്‍ നിന്ന് പിന്‍മാറി. അനു പിന്നീട് വിവാഹിതായി ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി. മകന്‍ അനിക്കും അച്ഛന്റെ വഴിയേ സിനിമയിലെത്തണമെന്ന് തന്നെയായിരുന്നു മോഹം. ചെന്നെയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കഴിഞ്ഞ് പ്രിയദര്‍ശന്റെ സഹായിയായി കുറെക്കാലം ജോലി ചെയ്തു. പിന്നീട് തെലുങ്കില്‍ സ്വന്തമായി ഒരു പടം സംവിധാനം ചെയ്തു.
അകാലത്തില്‍ ഒരു വിടവാങ്ങല്‍
മകന്റെ വിജയങ്ങള്‍ കാണാന്‍ ഐ.വി. ശശിയെ കാലം അനുവദിച്ചില്ല. അവിചാരിതമായ ചില കാരണങ്ങളാല്‍ സംഭവിച്ച മാനസികാഘാതം അദ്ദേഹത്തെ സ്‌ട്രോക്കിലേക്ക് നയിച്ചു. സിനിമയില്‍ അദ്ദേഹം കൈപിടിച്ചുയര്‍ത്തിയ ചിലരില്‍ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ താങ്ങാന്‍ സെന്‍സിറ്റീവായ ആ മനസിന് കഴിഞ്ഞില്ല. മാനസികമായ തകര്‍ച്ചയുടെയും രോഗാവസ്ഥകളുടെയും തുടക്കം അവിടെ നിന്നായിരുന്നു. പക്ഷേ ശശിയോ സീമയോ ആരെയും കുറ്റപ്പെടുത്തിയില്ല. ആരെക്കുറിച്ചും പരാതി പറഞ്ഞതുമില്ല. എല്ലാം തങ്ങളുടെ വിധിയായി കരുതി സമാധാനിച്ചു.
ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് സീമ. ഡാന്‍സ് ഗ്രൂപ്പില്‍ ഒരാളായിരുന്ന താന്‍ ഇന്ന് രാജ്യം അറിയപ്പെടുന്ന നടിയായി. രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംവിധായകരില്‍ ഒരാളായ ഐ.വി. ശശിയുടെ ഭാര്യാ പദവി. ഇതൊക്കെ തന്റെ സ്വപ്നങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന കാര്യങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ അമിതമായ മോഹങ്ങള്‍ ഒരു കാലത്തും അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ എല്ലായ്‌പോഴും ആവര്‍ത്തിക്കാറുളളതു പോലെ സ്വന്തം അമ്മയെ നന്നായി പരിപാലിക്കണമെന്ന് മോഹിച്ചു. അത് സാധിക്കുകയും ചെയ്തു.
ഭയം ശവങ്ങളെ മാത്രം
ചെറുപ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു തന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ സീമയെ അന്വേഷിച്ച് വരുമായിരുന്നു. കുടെക്കൂടെ വന്ന് കാണും. ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു. ‘‘നീ എന്റെ കൂടെ വരണം. എന്റെ കുടുംബത്തിനൊപ്പം നിന്നെയും ഞാന്‍ പൊന്നുപോലെ നോക്കാം’’
അതുകേട്ട് അമ്മ പറഞ്ഞു. ‘‘മോള്‍ നിന്റെ ഇഷ്ടം പോലെ ചെയ്തുകൊളളു. അച്ഛന്റെ കൂടെ പോകണമെങ്കില്‍ പോകാം’’. പക്ഷേ സീമ പറഞ്ഞു. ‘‘ഇല്ല. അച്ഛന് വേറെ കുടുംബവും കുട്ടികളുമുണ്ട്. പക്ഷേ ഞാന്‍ പോയാല്‍ അമ്മയ്ക്ക് ആരുമില്ല. മാത്രമല്ല ഒരിക്കല്‍ അച്ഛന്‍ കൈവിട്ടപ്പോള്‍ എനിക്ക് താങ്ങും തണലുമായി നിന്ന അമ്മയെ തനിച്ചാക്കിയിട്ട് ഒരു സൗഭാഗ്യവും വേണ്ട.’’
ഐ.വി.ശശിയുമായുളള വിവാഹക്കാര്യം അറിഞ്ഞപ്പോഴും അച്ഛന്‍ എതിര്‍ത്തു. സീമ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘മോളെ നമ്മള്‍ നമ്പ്യാര്‍മാരാണ്’’
സീമ തിരിച്ചടിച്ചു. ‘‘പക്ഷേ മനുഷ്യരല്ലേ അച്ഛാ. ശശിയേട്ടനും ഒരു മനുഷ്യനാണ്. ലക്ഷകണക്കിന് ആളുകള്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാള്‍. അതിലുപരി അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഈ സീമ ഉണ്ടാവുമായിരുന്നില്ല.’’ നിലപാടുകളിലെ ഈ വജ്രത്തിളക്കമാണ് സീമയുടെ വ്യക്തിത്വം.ആരെയും കൂസാതെ തന്റേടത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് ഇത്രയും കാലം ജീവിച്ചു.
ആരുടെ മുന്നിലും നടുവളച്ചില്ല. ആരെയും ഭയന്നതുമില്ല. അപ്പോഴും ഇപ്പോഴും സീമയെ ഭയപ്പെടുത്തുന്ന ഒന്നേയുളളു. മൃതദേഹങ്ങള്‍. റോഡിലൂടെ ഏതെങ്കിലും ശവയാത്ര കണ്ടാല്‍ ഉടന്‍ ഓടി അടുത്തുള്ള വീട്ടില്‍ കയറി ഒളിക്കും. മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും ധൈര്യമില്ല.ഒരിക്കല്‍ സീമയെ കാണാന്‍ വരാമെന്ന് പറഞ്ഞ അച്ഛന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വന്നില്ല. ഏറെ വൈകി വന്നതിന് പരിഭവിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. ‘‘മോളെ ഞാന്‍ കൃത്യസമയത്ത് ഒരുങ്ങി ഇറങ്ങിയതാണ്. അപ്പോഴാണ് ഒരു ശവം റോഡിലൂടെ കൊണ്ടുപോകുന്നത് കണ്ടത്. അപ്പഴേ വീട്ടില്‍ കയറി. ശവം കാണുന്നത് എനിക്ക് പേടിയാണ്.’’
സീമ പരിസരം മറന്ന് ഉറക്കെ പൊട്ടിച്ചിരിച്ചുപോയി. ജനിതകമായ ചില ശീലങ്ങളെക്കുറിച്ച് വേറെയും ഒരു അനുഭവം സീമ പറയാറുണ്ട്. യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുന്ന ശീലം സീമയ്ക്കുണ്ട് . ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ആദ്യത്തെ സീറ്റ് തന്നെ പിടിക്കും. ചെറുപ്പത്തിലേ ഈ ശീലമുളളത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും അറിയാം. വാന്തി എന്നാണ് ഛര്‍ദ്ദിക്ക് തമിഴില്‍ പറയുന്നത്. കമലഹാസനൊക്കെ സീമയെ തമാശയ്ക്ക് വിളിച്ചിരുന്നത് വാന്തി ശാന്തി എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പ്രശ്‌നം അനുവിനും വന്നു. അന്ന് അവള്‍ പറഞ്ഞു. ‘അമ്മ കാരണമാണ് എനിക്ക് ഈ കുഴപ്പം വന്നത്’
തന്റേടം വന്ന വഴി
ഏത് വിപരീത സാഹര്യത്തിലും കൂസലില്ലാതെ നിവര്‍ന്നു നില്‍ക്കാനുളള കരുത്ത് സമ്മാനിച്ചത് അമ്മയാണ്. ഏഴാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയ സന്ദര്‍ഭത്തില്‍ അമ്മ മകള്‍ക്ക് നല്‍കിയ ഉപദേശം ഇതായിരുന്നു. ‘‘ആണുങ്ങളെ ബഹുമാനിക്കണം. പക്ഷേ ആണുങ്ങളെ പേടിക്കരുത്’’ശക്തയായ ഒരു സ്ത്രീയായാണ് അമ്മ സീമയെ വളര്‍ത്തിയത്. തെറ്റ് കണ്ടാല്‍ ശിക്ഷിക്കും. 18 വയസ്സ് വരെ അടി കൊടുക്കുമായിരുന്നു അമ്മ. വേദന അറിഞ്ഞു തന്നെ വളരണമെന്ന് പറയും. ആ കാലത്ത് മഹാവികൃതിയായിരുന്നു കുട്ടിസീമ. ഉപേക്ഷിച്ച് പോകുന്ന പിതാവിനെ ഏത് മക്കളും പകയോടെയാവും നോക്കി കാണുക. എന്നാല്‍ നേര്‍വിപരീതമായിരുന്നു സീമ. പിണങ്ങി പോകും വരെ അച്ഛന് സീമയെന്നാല്‍ ജീവനായിരുന്നു. എന്നിട്ടും ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പോയി. ആ സമയത്ത് ദേഷ്യം തോന്നിയെങ്കിലും അച്ഛനെ വെറുക്കാന്‍ കഴിഞ്ഞില്ല.
അച്ഛന്‍ പോയ ശേഷം മകളെ വളര്‍ത്താനായി കഷ്ടപ്പെടുന്ന അമ്മയെയാണ് സീമ കാണുന്നത്. ഈ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഏഴ് വയസ്സുകാരിയായ ആ കുഞ്ഞിനെ ആദ്യം അലട്ടിയത്. കോടതിവിധി അനുസരിച്ച് എല്ലാ ഞായറാഴ്ചകളിലും അച്ഛനെ കാണാന്‍ അനുവദിച്ചിരുന്നു. ഡിവോഴ്‌സിന്റെ തലേന്ന് നിറയെ ചോക്‌ലേറ്റും ബിസ്‌കറ്റും എല്ലാം വാങ്ങി തന്ന ശേഷം അച്ഛന്‍ പറഞ്ഞു. ‘‘മോളെ നാളെ കോടതി ചോദിക്കും. ആരുടെ കൂടെ പോകണമെന്ന്. അപ്പോള്‍ നീ പറയണം. അച്ഛന്റെ കൂടെയേ പോകൂ’’ എന്ന്.
സീമ എല്ലാം തലകുലുക്കി സമ്മതിച്ചു. എന്നിട്ട് കോടതിയില്‍ പറഞ്ഞു. ‘‘എനിക്ക് അമ്മയുടെ കൂടെ പോകണം’’ അങ്ങനെ പറയുമ്പോഴും സീമയ്ക്ക് അച്ഛനെ ഇഷ്ടമായിരുന്നു.
ടി.വി.എസിലായിരുന്നു അച്ഛന് ജോലി. 7 വയസ്സ് വരെ അദ്ദേഹം സീമയെ ഒരു രാജകുമാരിയെ പോലെയാണ് വളര്‍ത്തിയത്. ആ നിമിഷം വരെ കഷ്ടപ്പാട് എന്താണെന്ന് അറിഞ്ഞിട്ടില്ല. അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം ഒരിക്കല്‍ അമ്മ സീമയെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ ചെന്നു. ആ സമയത്ത് ഒരു ചാരുകസേരയില്‍ ചാരി കിടക്കുകയാണ് അച്ഛന്‍. അദ്ദേഹം തല ഉയര്‍ത്തി ഒന്ന് നോക്കിയിട്ട് ചോദിച്ചു.
‘ആരാണ് നിങ്ങള്‍?’
അന്ന് കരയാന്‍ തുടങ്ങിയതാണ് അമ്മ. ട്രെയിന്‍ യാത്രയിലുടനീളം കരഞ്ഞുകൊണ്ടേയിരുന്നു. പലരും സീമയോട് ചോദിച്ചു. ‘‘എന്തിനാ കുട്ടി അമ്മ കരയുന്നത്’’. ഏഴ് വയസ്സുകാരിയായ ആ കുഞ്ഞ് അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. അപ്പോഴേക്കും അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. പിന്നീട് ഒരിക്കലും അച്ഛനെ കാണാന്‍ പോയിട്ടില്ല.
അവസാനത്തെ കൂടിക്കാഴ്ച ഒഴികെ. അന്ന് സീമ പറഞ്ഞ വാക്കുകള്‍ അവരുടെ മാനുഷികതയുടെ ആഴം വെളിവാക്കുന്നതായിരുന്നു. ‘കുടുംബത്തെക്കുറിച്ച് ഓര്‍ത്ത് അച്ഛന്‍ വിഷമിക്കണ്ട. അച്ഛന്റെ കൂടെയുളളവരെയും ഞാന്‍ നോക്കാം.’ പക്ഷേ സീമയ്ക്ക് എല്ലാം അമ്മയായിരുന്നു. സിനിമയില്‍ നിന്ന് പണം കിട്ടാന്‍ തുടങ്ങിയ കാലത്തും അതുകൊണ്ടു പോയി അമ്മയുടെ കയ്യില്‍ കൊടുക്കും. 5 രൂപ ആവശ്യം വന്നാല്‍ അമ്മയോട് ചോദിച്ച് വാങ്ങും. ഒറ്റപ്പെട്ട് പോയ ആ 7 വയസ്സുകാരിക്ക് അമ്മ തന്ന സ്‌നേഹം അത്രമേല്‍ ദിവ്യമായിരുന്നു. അച്ഛനെ അവസാനമായി കണ്ട നിമിഷം ഇന്നും സീമയുടെ ഓര്‍മ്മകളിലുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം അമ്മ വിളിച്ച് പറഞ്ഞു.
‘‘മോളെ അച്ഛന്‍ സീര്യസായി ഹോസ്പിറ്റലിലാണ്’’
സീമ അത്ര കാര്യമാക്കിയില്ല. വീണ്ടും അമ്മ വിളിച്ചു. ‘‘അദ്ദേഹത്തിന് നിന്നെ ഒന്ന് കണ്ടാല്‍ കൊളളാമെന്ന് അറിയിച്ചു’’
സീമ ചോദിച്ചു. ‘‘അമ്മ പറയൂ. ഞാനെന്താണ് വേണ്ടത്?’’
‘‘മക്കളൊന്ന് പോയി കണ്ടിട്ട് വരൂ’’ അമ്മയുടെ മറുപടി. സെറ്റില്‍ നിന്ന് അവധി വാങ്ങി അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു. അപ്പോഴേക്കും അച്ഛന്‍ കോമാ സ്‌റ്റേജിലെത്തിയിരുന്നു. ഇത്രയും സീര്യസാണെന്ന് വാസ്തവത്തില്‍ സീമ വിചാരിച്ചിരുന്നില്ല. നാലാം ദിവസം അച്ഛന്‍ ഈ ലോകം വിട്ട് പോയി.
സീമ
രണ്ടാം വരവും മൂന്നാം വരവും
സിനിമയില്‍ തിരക്കുളളപ്പോഴും പിന്നീട് തിരക്കു കുറഞ്ഞപ്പോഴും മദ്രാസ് വിട്ട് ഒരു ജീവിതം സീമയുടെ സ്വപ്നങ്ങളിലുണ്ടായില്ല. അച്ഛന്റെ വീടായ തലശ്ശേരിയിലോ അമ്മയുടെ നാടായ തൃപ്പൂണിത്തുറയിലോ പോകുന്നത് പോലും അപൂര്‍വം. മകന്‍ അനിക്കൊപ്പം ചെന്നെയിലെ വീട്ടിലുണ്ട് സീമ ഇപ്പോഴും. സീമ ജനിച്ചതും വളര്‍ന്നതും അവരുടെ ജീവിതം പൂവിട്ടതുമെല്ലാം ഇവിടെയാണ്. അവിശ്വസനീയമായ ഉയരങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയ നഗരം. വിവാഹവും കുട്ടികളുടെ ജനനവും അടക്കം ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം സംഭവിച്ച ഇടം. ശശിക്കും അങ്ങനെ തന്നെയായിരുന്നു. യൗവ്വനാരംഭത്തില്‍ തന്നെ മദ്രാസിലേക്ക് ചേക്കേറിയ അദ്ദേഹം പ്രായമായശേഷം പോലും ജന്മനാടായ കോഴിക്കോട്ടേക്ക് ഒരു മടക്കയാത്രയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നാട്ടില്‍ ഷൂട്ടിങുണ്ടെങ്കില്‍ തന്നെ പായ്ക്കപ്പ് ആകുന്ന ദിവസം വൈകിട്ടത്തെ ട്രെയിനില്‍ മദ്രാസിലെത്തും. മദ്രാസ് നഗരം അത്രമേല്‍ ആഴത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മലയാള സിനിമ മദ്രാസ് വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയിട്ടും സീമ ആ നഗരം വിട്ടില്ല. ദീര്‍ഘകാലം അവര്‍ സിനിമയില്‍ നിന്ന് മാറി നിന്നു.
ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെയായിരുന്നു ഒരു ഇടവേളയ്ക്ക് ശേഷമുളള സീമയുടെ രണ്ടാം വരവ്. ആ കാലയളവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ജോജു ജോര്‍ജിന്റെ പണി എന്ന ചിത്രത്തിലുടെ അടുത്ത ഇടവേളയും ലംഘിക്കുന്നു. ജോജു സിനിമമയിലേക്ക് ക്ഷണിച്ച രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് അവരുടെ ഭാഷ്യം.സാധാരണ ആളുകള്‍ ഫോണില്‍ വിളിച്ച് ഇങ്ങനെയൊരു റോളുണ്ട് വരണം എന്ന് പറയും. ജോജു വിളിച്ച് അപ്പോയിന്‍മെന്റ ് എടുത്ത് ചെന്നെയിലെ വീട്ടില്‍ വന്നു കണ്ട് വിശദമായി കഥ പറഞ്ഞു. ഈ റോള്‍ സീമചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിനെ മാനിക്കുന്ന ആ സമീപനത്തോട് സീമയ്ക്കും മതിപ്പ് തോന്നി. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പണിയില്‍ അവര്‍ അവതരിപ്പിച്ചത്.
സീമാതീതമായ നേട്ടങ്ങള്‍
സിനിമയില്ലാത്തപ്പോള്‍ വീട്ടില്‍ മക്കളോടൊപ്പം കഴിയുന്നതാണ് സീമയുടെ ഏറ്റവും വലിയ സന്തോഷം. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി അവര്‍ കുടുംബത്തെ കാണുന്നു. ഇടയ്ക്ക് മകള്‍ പേരക്കുട്ടിയുമായി വിദേശത്തു നിന്ന് എത്തും. അതോടെ കുടുംബം ഒരു സ്വര്‍ഗ്ഗമാകും. എല്ലാം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരുടെ ആള്‍ക്കൂട്ടമാണ് പൊതുവെ സിനിമ. ഇത്രയധികം അത്യാഗ്രഹികളുളള ലോകം മറ്റൊന്നില്ലെന്ന് തിക്കുറിശ്ശി പണ്ട് തമാശ പറയുമായിരുന്നു. എന്നാല്‍ ആഗ്രഹിച്ചതിലും കൂടുതലാണ് തനിക്ക് ദൈവം തന്നതെന്നും ഇനി കാര്യമായ ആഗ്രഹങ്ങളൊന്നുമില്ലെന്നും സീമ പറയും. പേര് സൂചിപ്പിക്കും പോലെ സ്വയം ചില അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കുന്നതാണ് അവരുടെ മനസ്. തന്റെ സാഹചര്യത്തിലുളള ഒരാള്‍ക്ക് പ്രതീക്ഷിക്കാവുന്നതിന്റെ എല്ലാ സീമകളും കടന്നെത്തിയ നേട്ടങ്ങളില്‍ അവര്‍ ദൈവത്തോട് നന്ദി പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം-ഏതോ ഷൂട്ടിങുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോള്‍ തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ശില്‍പ്പിയായ എം.ടി.വാസുദേവന്‍ നായരെ കാണാനായി സീമ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അന്ന് പലതും സംസാരിച്ച് പിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘നീയൊക്കെ അഭിനയിക്കാത്തതു കൊണ്ട് പഴയതു പോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ എഴുതാന്‍ പറ്റുന്നില്ല. എന്തായിരുന്നു നീയൊക്കെ ചെയ്തത്’’
സീമയുടെ കണ്ണുകള്‍ നിറഞ്ഞു. എംടിയുടെ കാല്‍ക്കല്‍ വീണ് അവര്‍ കരഞ്ഞു. ഇതിനേക്കാള്‍ വലിയ ഒരു അംഗീകാരം ഇനി കിട്ടാനില്ലെന്ന് പല പൊതുവേദികളിലും തുറന്ന് പറഞ്ഞു. എന്നാല്‍ എംടിയുടെ വാക്കുകള്‍ക്കപ്പുറത്ത് സീമയുടെ അഭിനയശേഷിയുടെ ഏറ്റവും വലിയ റഫറന്‍സ് അവരുടെ സിനിമകള്‍ തന്നെയാണ്.
നമ്മള്‍ ഇന്ന് കൊട്ടിഘോഷിക്കുന്ന പല താരങ്ങളുടെയും ആദ്യകാല സിനിമകളിലെ പ്രകടനം പരിതാപകരമായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ച് കാലാന്തരത്തില്‍ അവര്‍ സ്വയം രൂപപ്പെടുത്തിയാണ് ഇന്ന് കാണുന്ന തലത്തിലെത്തി നില്‍ക്കുന്നത്. അതേ സമയം സീമ അങ്ങനെയായിരുന്നില്ല. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ആദ്യമായി അഭിനയിച്ച അവളുടെ രാവുകള്‍ ഇന്ന് കണ്ടാലും നമ്മള്‍ അദ്ഭുതപ്പെടും. ഓരോ നോട്ടവും ചലനവും ഭാവാഭിനയത്തിലെ ആരോഹണാവരോഹണങ്ങളും എത്ര സൂക്ഷ്മതയോടും അവധാനതയോടും കൂടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. എന്തൊരു പൂര്‍ണതയാണ് അവരുടെ കഥാപാത്ര വ്യാഖ്യാനത്തിന് (ക്യാരക്ടര്‍ ഇന്റര്‍പ്രട്ടേഷന്‍). കേവലം 20 വയസ്സ് മാത്രം പ്രായമുളളപ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും ഓര്‍ക്കണം.
മലയാളം കണ്ട ഏറ്റവും മികച്ച അഭിനയശേഷിയുളള നായികമാരുടെ പട്ടികയില്‍ നമ്മള്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന നടിയാണ് ഉര്‍വശി. പല സന്ദര്‍ഭങ്ങളിലും ഉര്‍വശിയെ പോലും വെല്ലുന്ന അഭിനയശേഷിയുടെ അത്യുദാത്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന സീമയെ തിരിച്ചറിയാന്‍ പഠനങ്ങളോ ഗവേഷണങ്ങളോ സംവാദങ്ങളോ വേണ്ടതില്ല. പകരം അവര്‍ അഭിനയിച്ച ഏതാനും സിനിമകള്‍ ഒന്ന് ശ്രദ്ധയോടെ കണ്ടാല്‍ മാത്രം മതി.അക്ഷരങ്ങളും ആള്‍ക്കൂട്ടത്തില്‍ തനിയെയും അനുബന്ധവും അവളുടെ രാവുകളും മഹായാനവും സന്ധ്യയ്ക്ക് വിരിഞ്ഞ പൂവും രുഗ്മയും ലക്ഷ്മണരേഖയും സ്ത്രീകഥാപാത്രങ്ങളെ എത്ര മികവോടെയും ആഴത്തിലും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയും എന്നതിന്റെ എക്കാലത്തെയും മികച്ച മാതൃകയാണ്. എഴുപതുകളില്‍ അതിഭാവുകത്വം കൊണ്ട് അഭിഷേകം ചെയ്യുന്ന നായികമാര്‍ തിളങ്ങി നിന്ന കാലത്ത് സ്വാഭാവികവും നിയന്ത്രിതവുമായ അഭിനയശൈലിയിലൂടെ കാലത്തിന് മുന്‍പേ സഞ്ചരിച്ച അഭിനേത്രിയാണ് സീമ.
(അവസാനിച്ചു)
Source link