ശബരിമല അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും, വെള്ളി ആനയും; ഭക്തരെത്തിയത് തെലങ്കാനയിൽ നിന്ന്

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീ‌ർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം തൂക്കം വരുന്ന വെള്ളിയിൽ തീ‌ർത്ത ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി സമർപ്പിച്ചത്.

മകൻ അഖിൽ രാജിന് ഗാന്ധി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിക്കാനായി താനും ഭാര്യ അക്കാറാം വാണിയും ചേർന്ന് നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിൽ.

ഒമ്പതംഗ സംഘത്തോടൊപ്പമാണ് അക്കാറാം രമേശ് ശബരിമലയിലെത്തിയത്. പ്രഭുഗുപ്‌ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയേന്തി രമേശും കൂട്ടരും മല ചവിട്ടിയെത്തി കാണിക്കയർപ്പിച്ചത്. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽ വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.


Source link
Exit mobile version