‘അക്കാര്യത്തിൽ എന്നോട് അനീതി ചെയ്തു എന്നുള്ള ഫീലിംഗ് എനിക്കുണ്ട്, വേദനിപ്പിച്ചു എന്നുള്ളത് സത്യമാണ്’

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗം ആക്കാതിരുന്നത് വേദനിപ്പിച്ചെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃ സ്ഥാനം എന്നോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ ഒഴിഞ്ഞിരുന്നേനെയെന്നും അഞ്ചു വർഷക്കാലം കേരള ചരിത്രത്തിലെ ഒരു പ്രതിപക്ഷ നേതാവിന് ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും, അത് പിൻവലിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ്‌ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്..

 പ്രതിപക്ഷത്തിന്റെ മുഖമായി മാറിയിരിക്കുകയാണല്ലോ?

ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങൾക്ക് വേണ്ടി നിൽക്കുകയും ചെയ്യുന്നതാണ് എപ്പോഴുമുള്ള സമീപനം. ആ നിലപാട് വിദ്യാർത്ഥി പ്രവർത്തകനായിരിക്കുമ്പോൾ മുതൽ സ്വീകരിക്കുന്നതാണ്. ഇപ്പോഴും തുടരുന്നു.

 2026ൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട നേതാക്കളിലൊരാളാണ് താങ്കൾ. അതിപ്പോൾ ഒരു വിവാദമാക്കി ആ വാതിൽ അടയ്ക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല, ഞാൻ വിവാദത്തിൽ ഒന്നുമില്ല. പാർട്ടി ഏൽപ്പിക്കുന്ന എല്ലാ ദൗത്യവും ഭംഗിയായി നടത്തണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. അങ്ങനെ ആരു വിചാരിച്ചാലും ഒരാളുടെ പ്രവർത്തനത്തെ ഇല്ലാതാക്കാൻ കഴിയില്ലല്ലോ. ഞാൻ എപ്പോഴും ജനങ്ങളുടെ കൂടെയാണ്.

 മന്നംജയന്തിയിൽ പങ്കെടുത്തത് വിവാദമാക്കാൻ ശ്രമങ്ങളുണ്ടായില്ലേ?

ഞാൻ മന്നംജയന്തിയിൽ പോകുന്നതിന് മുമ്പ് പോയത് ശിവഗിരിയിലാണ്. എൻ.എസ്.എസിന്റെ പരിപാടിക്ക് കഴിഞ്ഞ 11 വർഷത്തിന് ശേഷമാണ് പോകുന്നത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ വിവിധ സംഘടനകൾ വിളിക്കുന്ന പരിപാടികൾക്ക് പോകുന്നുണ്ട്. ഇതൊക്കെ എല്ലാക്കാലത്തും പോകുന്നതാണ്. ഇപ്പോൾ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നെന്നേ ഉള്ളു. വിവാദമുണ്ടാക്കുന്ന ആളുകൾ മനഃപ്പൂർവം ഉണ്ടാക്കുന്നതാണെന്ന് കരുതിയാൽ മതി.

 കോൺഗ്രസിൽ താങ്കൾക്കു പുറമെ മുതിർന്ന നേതാക്കളായ കെ.സുധാകരൻ, വി.ഡി സതീശൻ, ശശി തരൂർ, കെ. മുരളീധരൻ, കെ. സി.വേണുഗോപാൽ തുടങ്ങിയ ആരെയും മുഖ്യമന്ത്രി സ്ഥാനത്തിനു പരിഗണിക്കാം ഇപ്പോഴേ കലഹം തുടങ്ങിയോ?

ആ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണ്. ഈ നേതാക്കളുടെയെല്ലാം പ്രവർത്തനം പാർട്ടിക്ക് അനിവാര്യമാണ്. ഒരാളെയും മാറ്റിനിറുത്തണമെന്ന അഭിപ്രായം എനിക്കില്ല. പാർട്ടി ഒറ്റക്കെട്ടായിട്ട് പോകേണ്ട സമയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉടനുണ്ടാകും. അവിടെ സാധാരണ പ്രവർത്തകൻ മത്സരിച്ച് ജയിക്കേണ്ടതാണ്. 2010ൽ ഞാൻ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള ചരിത്രത്തിൽ കോൺഗ്രസിനും യു.ഡി.എഫിനും കിട്ടിയ ഏറ്റവും വലിയ വിജയമുണ്ടായത്. അന്ന് കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായാണ് അങ്ങനെയൊരു വിജയമുണ്ടായത്.

 അങ്ങനെയൊരു കഠിനാദ്ധ്വാനം ഇപ്പോൾ നേതൃത്വത്തിൽ നിന്നുണ്ടാകുന്നുണ്ടോ?

ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.

 പ്രവ‌ർത്തകർക്കു മുന്നിൽ നേതാക്കൾ പല ധ്രുവങ്ങളിൽ നിൽക്കുകയല്ലേ?

തീർച്ചയായും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന്. ഒന്നരവർഷം കഴിഞ്ഞ് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോഴേ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. പിണറായി സർക്കാരിനെ ജനം മടുത്തു.

 ആ ജനവികാരം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുണ്ടോ?

പ്രവർത്തിക്കണമെന്നുള്ളതാണ് എന്റെ അഭിപ്രായം. അതാണ് ഞാൻ മുന്നോട്ടുവയ്ക്കുന്ന അജണ്ട.

 രണ്ടാം പിണറായി സർക്കാരിന്റെ ഭാഗത്ത് ദുഷ് ചെയ്തികൾ ഉണ്ടെങ്കിൽ അത് തുറന്നുകാട്ടുന്നതിൽ പ്രതിപക്ഷം വിജയിക്കുന്നുണ്ടോ?

അത് നിങ്ങൾ വിലയിരുത്തേണ്ട കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം സതീശന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം..

 പ്രതിപക്ഷ നേതാവും താങ്കളും തമ്മിൽ ഒരു ശീതസമരമുണ്ടെന്ന് സംസാരമുണ്ട്?

എന്റെ ഭാഗത്തുനിന്ന് അങ്ങനെയില്ല .

അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടോ?

ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

 കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സതീശന് കിട്ടേണ്ട ഒരു അവസരം. ഒഴിവാക്കുന്നതിൽ താങ്കൾക്ക് റോൾ ഉണ്ടായിരുന്നെന്ന് പറയുന്നവരുണ്ട്? അദ്ദേഹം മന്ത്രിയാകുന്നതിനു പകരം വി.എസ് ശിവകുമാർ മന്ത്രിയായി?

അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഒരിക്കലും ശിവകുമാറിന് വേണ്ടി സതീശനെ ഒഴിവാക്കിയിട്ടില്ല.

 പണ്ട് താങ്കളെ നായർ ആയി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നതായി പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസംഗം ഒരുതരത്തിൽ ആ ഒരു ബ്രാൻഡിംഗ് അല്ലേ?

ഒരിക്കലുമല്ല,

 എൻ.എസ്.എസിന്റെ പുത്രനാണ് രമേശ് ചെന്നിത്തല എന്നാണ് പറഞ്ഞത്?

എന്നെക്കുറിച്ച് മാത്രമല്ല ഗണേഷ് കുമാറിനെക്കുറിച്ചും പറഞ്ഞു. ഞാൻ ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിലാണ് പഠിച്ചത്. ആ പ്രദേശങ്ങളിലൊക്കെ ബന്ധമുണ്ട്. അങ്ങനെ ആ അർത്ഥത്തിൽ പറഞ്ഞതാണ്, അല്ലാതെ മറ്റൊരു അർത്ഥമില്ല.

 പുത്രനാണെങ്കിൽ അച്ഛന്റെ കാര്യം നോക്കിയാൽ മതിയല്ലോ എന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്?

വെള്ളാപ്പള്ളി നടേശനുമായി എനിക്ക് നല്ല ബന്ധമാണ്. ഇപ്പോഴല്ല 40 വർഷമായുണ്ട്.

 പക്ഷേ വിമർശകർ പറയുന്നത് താങ്കൾ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ ഈഴവ സമുദായത്തിൽപ്പെട്ടവർക്ക് അവസരങ്ങൾ കുറവായിരുന്നു എന്നാണ്?

ഞാനാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ കൊടുത്തത്. ഞാൻ അല്ലാതെ വേറെ ആരും കൊടുത്തിട്ടില്ല. ജയിക്കുക ,തോൽക്കുക എന്നുള്ളത് വേറൊരു കാര്യം.

 പി.സി.സി പ്രസിഡന്റിനെ മാറ്റിനിർത്തിയാൽ, നേരത്തെ സൂചിപ്പിച്ച പ്രധാന നേതാക്കളെല്ലാം ഒരെ സമുദായാംഗങ്ങളാണ്. അത് അവർ ആരുടെയും തെറ്റുമല്ല, പക്ഷേ മറ്റു സമുദായത്തിൽപ്പെട്ടവർക്ക് വളരാൻ അവസരം കുറവാണോ?

അല്ല അവസരം നമ്മൾ കൊടുക്കുന്നുണ്ട്. ഓരോ ജില്ലകൾ എടുത്തു നോക്കിയാൽ തന്നെ വിവിധ സമുദായത്തിൽപ്പെട്ടവർക്ക് സീറ്റുകൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. കൊടുക്കുമ്പോൾ അവസരത്തിനൊത്ത് പ്രവർത്തിച്ച് മുന്നോട്ടു വരാൻ ശ്രദ്ധിക്കേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണ്.

 ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താങ്കൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ വലിയ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നു. പക്ഷേ തിരഞ്ഞെടുപ്പിൽ അതത്ര പ്രതിഫലിച്ചു കണ്ടില്ല. ?

ആ അഞ്ചു വർഷക്കാലം കേരള ചരിത്രത്തിലെ ഒരു പ്രതിപക്ഷ നേതാവിന് ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും, അത് പിൻവലിപ്പിക്കുകയും ചെയ്തു.

 പക്ഷേ സ്വർണക്കടത്ത് ആരോപണം കേന്ദ്ര അന്വേഷണ ഏജൻസികൾ പല രീതിയിൽ അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല?

അവിടെയാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഐക്യം.

 അവർ തമ്മിൽ അന്തർധാര ഉണ്ടായിരുന്നോ?

അന്നുമുണ്ട്, ഇന്നുമുണ്ട് ഇനി നാളെയും ഉണ്ടാവും.

 അങ്ങനെയാണെങ്കിൽ ഏറ്റവും ഭയക്കേണ്ടത് 2026 ലെ തിരഞ്ഞെടുപ്പിലല്ലേ?

ജനങ്ങളെ അണിനിരത്തിഞങ്ങൾ നേരിടും. ഒരു സംശയവും വേണ്ട.

 ആര് മുൻകൈ എടുക്കും?

പാർട്ടിയുടെ ലീഡർഷിപ്പ് ആണ് മുൻകൈ എടുക്കേണ്ടത്. ഞാൻ ലീഡർഷിപ്പിലുണ്ടായിരുന്ന കാലത്ത് ഞാൻ തന്നെ മുൻകൈ എടുത്തിരുന്നു. ഇപ്പോഴത്തെ ആളുകൾ അതിനു മുൻകൈ എടുക്കണം.

​​​​​​​

 കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതുണ്ടോ?

പാർട്ടി ഹൈക്കമാന്റിൽ അതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ഇതുവരെ ഉണ്ടായില്ല.

​​​​​​​ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ കെ. സുധാകരന്റെ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?

മെച്ചപ്പെട്ട പ്രവർത്തനമാണ്. അപാകതയൊന്നും പറയാനില്ല.

​​​​​​​ പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തെ എങ്ങനെ കാണുന്നു?

മെച്ചപ്പെട്ട പ്രവർത്തനമാണ്.

​​​​​​​ പ്രവർത്തക സമിതിയിൽ സ്ഥിരാംഗം ആകാതിരുന്നത് താങ്കളെ വേദനിപ്പിച്ചിരന്നോ?

അത് വേദനിപ്പിച്ചു എന്നുള്ളത് സത്യമാണ്. അക്കാര്യത്തിൽ എന്നോട് ഒരു അനീതി ചെയ്തു എന്നുള്ള ഫീലിംഗ് എനിക്കുണ്ട്. അത് മാത്രമല്ല പ്രതിപക്ഷ നേതൃ സ്ഥാനം എന്നോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ ഒഴിഞ്ഞിരുന്നേനെ. ഉമ്മൻചാണ്ടി ഇക്കാര്യം കെ.സി വേണഗോപാലിന്റെ വീട്ടിൽ പോയി ചോദിച്ചു. ഖാർഗെ ജി വന്നപ്പോൾ അദ്ദേഹത്തോട് ചോദിച്ചു. നേതൃത്വത്തിന് അങ്ങനെയൊരു താല്പര്യമുണ്ടായിരുന്നെങ്കിൽ നമ്മൾ അപ്പോഴേ ഒഴിഞ്ഞേനേ. Unceremonious ആയി പെരുമാറി എന്നൊരു ഫീലിംഗ്സ് എനിക്കുണ്ട്. അതിനുശേഷവും ഞാൻ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാൻ ഈ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. 19 വർഷം മുമ്പിരുന്ന പോസ്റ്റിലേക്ക് പിന്നെയും എന്നെ വയ്ക്കുമ്പോൾ സ്വാഭാവികമായും വേദന ഉണ്ടാകില്ലേ. അപ്പോഴും ഞാൻ ഒന്നും പറയാതെ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തത്.

​​​​​​​ വി.ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ തർക്കമുണ്ടായാൽ കെ.സി .വേണുഗോപാൽ സമന്വയ സ്ഥാനാർഥിയായി വരാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു?

അതൊക്കെ നിങ്ങളുടെ ഭാവന വിലാസങ്ങളാണ്. ഇവരെ രണ്ടുപേരെയും ഞാൻ ഒത്തിരി സഹായിച്ചിട്ടുള്ളതാണ്.

​​​​​​​ താങ്കൾക്ക് ശേഷം വന്നിട്ടുള്ളവരാണ് അവർ?

ഞാൻ കൊണ്ടുവന്നതാണെന്ന് ഒന്നും പറയുന്നില്ല. ഞാൻ അവരുടെ ഗോഡ്ഫാദർ ആണെന്നും പറയുന്നില്ല. അങ്ങനെയുള്ള ഒരു അവകാശവാദം എനിക്കില്ല. പക്ഷേ, ഓരോ കാലഘട്ടത്തിലും യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും കെ.പി.സി.സിയിലുമൊക്കെ പ്രവർത്തിച്ചപ്പോൾ എന്റേതായി ചെറിയ ചെറിയ സഹായങ്ങളൊക്കെ ഞാൻ അവർക്ക് ചെയ്തിട്ടുണ്ട് . അവരാരും എനിക്ക് അതീതരാണെന്നുള്ള വിശ്വാസം എനിക്കില്ല.​​​​​​​

​​​​​​​ ദീർഘ നാളായി പാർട്ടിക്കു വേണ്ടി സംസ്ഥാന- ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അങ്ങനെ ഒരാൾ മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റാണോ?

ഞാൻ അങ്ങനെ കെട്ടിയിറക്കിയ ഒരാളൊന്നുമല്ലല്ലോ. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ആയിട്ട് പ്രവർത്തനം ആരംഭിച്ചതാണ്. പാർട്ടി എനിക്ക് ഒരുപാട് അവസരം തന്നു. എല്ലാം ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിച്ചിട്ടുള്ള ഒരാളാണ് ഞാൻ. നാളെ ഞാൻ എന്താകണമെന്ന് ആഗ്രഹിക്കുന്നത് എന്റെ പാർട്ടിയാണ്. പാർട്ടി എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. പക്ഷേ എന്നെ അവഗണിച്ചപ്പോഴും ഞാൻ ഒരു പ്രതികരണവും നടത്തിയിട്ടില്ല . ഞാൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് ഗവൺമെന്റുണ്ടായി. അന്ന് രണ്ടര വർഷം ഞാൻ മന്ത്രിയാകാതെ ഇരുന്ന ആളാണ്. അധികാരത്തിന്റെ പിന്നാലെ പോവുകയാണെങ്കിൽ എനിക്ക് ആ സമയത്ത് മന്ത്രി ആകാമായിരുന്നു. അത് എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാൽ എനിക്ക് എന്റേതായ കാരണമുണ്ട് അത് ഇപ്പോൾ പറയാൻ കഴിയില്ല. ​​​​​​​

നമ്മൾ ജനങ്ങളുടെ ഇടയിൽ അല്ലേ പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് നമ്മളെ ഇഷ്ടമാണ്. ഞാനിപ്പോൾ എവിടെപ്പോയാലും വലിയ ആൾക്കൂട്ടമാണ്. ജനങ്ങളുടെ പിന്തുണയാണ് അത് തെളിയിക്കുന്നത്. അത് ജനങ്ങളുടെ സ്‌നേഹമാണ്. നമ്മൾ ഒരു ദിവസം പാരച്യൂട്ട് വഴി വന്ന ആളൊന്നുമല്ലല്ലോ.

​​​​​​​ താങ്കൾക്ക് കിട്ടുന്ന ഈ പിന്തുണ കോൺഗ്രസ് നേതൃത്വത്തിൽ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നണ്ടോ?

എന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ പാർട്ടിക്ക് ഗുണകരമാണ്.


Source link
Exit mobile version