മണിക്കൂറിൽ 180 കിലോമീറ്റർ സ്‌പീഡിൽ ചീറിപ്പായുന്ന വന്ദേ ഭാരതിലെ യാത്ര ദേ ഇങ്ങനെ ആയിരിക്കും, വൈറൽ വീഡിയോ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഇപ്പോഴിതാ വന്ദേ ഭാരതിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മണിക്കൂറിൽ 180 കിലോമീറ്റർ സ്‌പീ‌ഡിൽ പോകുന്ന വന്ദേ ഭാരതിന്റെ ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.

ഒരു ബോർഡിൽ ഒരു ഗ്ളാസ് വെള്ളം വച്ചിരിക്കുന്നത് ദൃശ്യത്തിൽ കാണാം. സമീപത്തായി ഒരു മൊബൈൽ ഫോണുമുണ്ട്. ഇതിന്റെ സ്‌ക്രീനിൽ ട്രെയിനിന്റെ സ്‌പീഡ് വ്യക്തമാക്കുന്നുണ്ട്. ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ സ്‌പീഡിൽ പോയിട്ടും ഒരു തുള്ളിപോലും ഗ്ളാസിൽ നിന്ന് തൂകി പോകുന്നില്ല. ഹൈ സ്‌പീഡ് ട്രെയിനിലെ സുഖകരമായ യാത്രയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

രാജസ്ഥാനിൽ 40 കിലോമീറ്റർ ദൂരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ വിവിധ ട്രയൽ റണ്ണുകളിൽ വന്ദേ ഭാരത് സ്ളീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന വലിയ നേട്ടം കൈവരിച്ചിരുന്നു. ട്രെയിൻ രാജ്യത്തിന് സമർപ്പിക്കുന്നതിന് മുൻപ് ഈ മാസം അവസാനംവരെ ട്രയൽ റൺ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഈ വിജയകരമായ പരീക്ഷണങ്ങളിലൂടെ, കാശ്‌മീർ മുതൽ കന്യാകുമാരിവരെ, ഡൽഹി മുതൽ മുംബയ് വരെ, ഹൗറ മുതൽ ചെന്നൈ വരെയുള്ള ദീർഘദൂര യാത്രകളിലും മറ്റനവധി റൂട്ടുകളിലും ലോകോത്തര യാത്രാനുഭവം റെയിൽ യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്ന് മന്ത്രാലയം പറഞ്ഞു.

ഓട്ടോമാറ്റിക് വാതിലുകൾ, സൗകര്യപ്രദമായ ബെർത്തുകൾ, ഓൺബോർഡ് വൈഫൈ, വിമാനത്തിന് സമാനമായ രൂപകൽപ്പന തുടങ്ങിയ സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, റെയിൽവേ സുരക്ഷാ കമ്മിഷണർ ട്രെയിനിന്റെ പരമാവധി വേഗത വിലയിരുത്തും. അവസാനഘട്ട ട്രയൽ റണ്ണിനുശേഷം മാത്രമേ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി ഇൻഡക്ഷൻ, റെഗുലർ സർവീസുകൾക്കായി ട്രെയിൻ ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറുകയുള്ളൂ.

TAGS: NEWS 360, NATIONAL, NATIONAL NEWS, VANDE BHARAT TRAIN, 180 KILOMETER SPEED, VIRALVIDEO


Source link

Exit mobile version