കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചയിലേയ്ക്ക് മാറ്റി. പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കിയാണ് ബോബി ജാമ്യഹർജി സമർപ്പിച്ചത്.
അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ചാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്‌ചയിലേയ്ക്ക് മാറ്റിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചിന്റേതാണ് നടപടി. പൊതുയിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേയെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണോ സംസാരിക്കേണ്ടത്. എല്ലാവർക്കും മാനാഭിമാനം ഉണ്ട്. സർക്കാരിന് മറുപടി നൽകാൻ സമയം നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
താൻ നിരപരാധിയാണെന്നും അടിയന്തരമായി ഹർജി പരിഗണിക്കണമെന്നുമാണ് ബോബി ജാമ്യഹർജിയിൽ ആവശ്യപ്പെട്ടത്. തനിക്കെതിരായി ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ല. അറസ്റ്റ് നിയമപരമല്ല. പരാതിക്കാരി തന്റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവുമുണ്ട്. പരാതിക്കാരി മാദ്ധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുകയാണ്. പരാതി നൽകും മുൻപ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എറണാകുളം ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.
Source link