കാട്ടാക്കട അശോകൻ വധക്കേസ്; എട്ട് ആർഎസ്‌എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: സിപിഎം പ്രവർത്തകനും കാട്ടാക്കട സ്വദേശിയുമായ അശോകനെ കൊലപ്പെടുത്തിയ കേസിൽ എട്ട് ആർഎസ്‌എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. കേസിൽ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 15ന് ശിക്ഷ വിധിക്കും. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

2013 മേയ് അഞ്ചിനാണ് അശോകൻ കൊല്ലപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ ശംഭു പണം പലിശയ്ക്ക് നൽകിയത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. കേസിൽ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്നുവിളിക്കുന്ന അശോകൻ, പഴിഞ്ഞി എന്ന് വിളിപ്പേരുള്ള പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.


Source link
Exit mobile version