എപ്പോഴും കവിയായിരിക്കാൻ മോഹം: കെ.ജയകുമാർ
തിരുവനന്തപുരം : എല്ലാവരെയും സ്നേഹിച്ചും സേവിച്ചും ജീവിക്കാൻ കഴിയുക എന്നതാണ് ജീവിതസൗഭാഗ്യമെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പറഞ്ഞു. അങ്ങനെയൊരു ജീവിതം നയിക്കാൻ കഴിഞ്ഞ വ്യക്തിയാണ് പാച്ചല്ലൂർ സുകുമാരനെന്നും അദ്ദേഹം പറഞ്ഞു. പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ജയകുമാർ.
ഔദ്യോഗിക പരിവേഷം കുടഞ്ഞുകളഞ്ഞ് കവിയായി ജീവിക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. അത് എല്ലാവർക്കും മനസിലാകണമെന്നില്ല.ഗാനരചനയും ഉദ്യോഗജീവിതവും കവിതയെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി.ജി.പിയും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ അവാർഡ് സമ്മാനിച്ചു.കെ.ജയകുമാറിന്റെ സാഹിത്യലോകം വരും തലമുറകൾക്ക് പാഠപുസ്തകമാകുമെന്ന് ബി.സന്ധ്യ പറഞ്ഞു.
കവിയും ഐ.ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെ ഉപാസിക്കുന്ന കവിയാണ് ജയകുമാറെന്ന് ഇന്ദ്രബാബു പറഞ്ഞു. ബിജിമോൾ, അഖിൽ സി.എം, ആദിത് കൃഷ്ണ എന്നിവർ കെ.ജയകുമാറിൽനിന്ന് സാഹിത്യപുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ട്രസ്റ്റ് സെക്രട്ടറി അജിത് പാവംകോട്, രഘുനാഥൻ എം.എസ്, പാർവ്വതി നായർ എന്നിവർ സംസാരിച്ചു. കവിസംഗമത്തിൽ കുവനാട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സിന്ധുവാസുദേവ്, കല്ലയം മോഹനൻ, കെ.പി.ഗോപാലകൃഷ്ണൻ,ഹരിച്ചന്ദ്രബാബു, എസ്.ആർ.സി നായർ,കീഴാവൂർ സുകു.പ്രൊഫ.ടി.ഗിരിജ തുടങ്ങിയവർ കവിത ചൊല്ലി.
Source link