പിഎ  അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിലെ കത്തിക്കരിഞ്ഞ മൃതദേഹം, ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പി എ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാഫലം പുറത്ത്. മൃതദേഹം പി എ അസീസ് കോളേജ് ചെയർമാൻ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നത്. ഫലം താഹയുടെ കുടുംബത്തിന് കൈമാറി.

കഴിഞ്ഞ ഡിസംബർ 31നാണ് കോളേജ് വളപ്പിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ 8.30ഓടെ കോളേജിലെ നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടത്തിലെ ഹാളിൽ തീ പടരുന്നതുകണ്ട് കോളേജ് ജീവനക്കാരൻ ഓടിയെത്തി ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ശരീരം പൂർണമായി കത്തി അമരുകയായിരുന്നു. പൊലീസിലും ഫയർഫോഴിസിലും വിവരം അറിയിക്കുകയും ചെയ്തു.

താഹയുടെ മൊബൈൽ ഫോൺ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. കാറും കോളേജിലുണ്ടായിരുന്നു. ഒരു മാസമായി കോളേജിലെ ഓഫീസിലായിരുന്നു താമസം. 60 കോടിയോളം രൂപയുടെ നികുതി ബാദ്ധ്യത താഹയ്ക്ക് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നുണ്ടായ മനോവിഷമത്താലുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്‌ച കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊല്ലം പള്ളിമുക്കിലായിരിക്കും ഖബറടക്കം. ഭാര്യ: ശോഭിത താഹ,​ മക്കൾ: ഡോ.സനോജ് താഹ (കിംസ് ആശുപത്രി)​, ​ഡോ.സൂരജ് താഹ (മുംബയ്)​.


Source link
Exit mobile version