KERALAM

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വധു ബാത്ത്റൂമിലേക്ക് പോയി, സ്വർണവും പണവുമായി മുങ്ങി, ഒപ്പം അമ്മയും

ഗോരഖ്‌പൂർ: വിവാഹച്ചടങ്ങിനിടെ ബാത്ത്റൂമിൽ പോയിവരാമെന്ന് പറഞ്ഞ് പോയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലായിരുന്നു സംഭവം. വധുവിനൊപ്പം അമ്മയും മുങ്ങിയിട്ടുണ്ട്. കർഷകനായ കമലേഷ് കുമാറിന്റെ രണ്ടാം വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിനും അമ്മയ്ക്കും വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ആദ്യഭാര്യയെ നഷ്ടമായതിനെത്തുടർന്നാണ് കമലേഷ് കുമാർ രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഭരോഹിയിലെ ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. ബ്രോക്കർക്ക് 30,000 രൂപ കമ്മിഷൻ നൽകിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതോടെ യുവതിക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കമലേഷ് കുമാർ വാങ്ങി നൽകി. ഇതെല്ലാം സന്തോഷപൂർവം അവർ സ്വീകരിക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകളുടെ ചെലവും കമലേഷ് കുമാറായിരുന്നത്രേ വഹിച്ചിരുന്നത്.

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ചടങ്ങുകൾ ആരംഭിക്കെ തനിക്ക് അത്യാവശ്യമായി ബാത്ത്റൂമിൽ പോകണമെന്നും ഇപ്പോൾ തിരിച്ചെത്താമെന്നും പറഞ്ഞ് വധു പോയി. ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിട‌ിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ അവരും മുങ്ങിയിരുന്നു. ഇരുവരും പ്ലാൻചെയ്ത് മുങ്ങിയതാണോ എന്ന് സംശയമുണ്ടെന്നാണ് കമലേഷ് കുമാറിന്റെ ബന്ധുക്കൾ പറയുന്നത്.

എന്നാൽ തങ്ങൾക്ക് ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി നൽകിയാൽ അന്വേഷിക്കുമെന്നും അവർ പറഞ്ഞു. കുടുംബത്തെ പുനർനിർമ്മിക്കാനാണ് രണ്ടാം വിവാഹത്തിലൂടെ ശ്രമിച്ചതെന്നും പ്രതീക്ഷയെല്ലാം നഷ്ടമായെന്നുമാണ് കമലേഷ് കുമാർ പറയുന്നത്.


Source link

Related Articles

Back to top button