ഹാജരാകേണ്ടത് എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയവർ
കൊച്ചി: പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ രാഷ്ട്രിയക്കാർക്ക് ശക്തമായ താക്കീതായി ഹൈക്കോടതിയുടെ അസാധാരണ നീക്കം. റോഡ് കൈയേറിയുള്ള നാലു പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം 17 പേർ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2ന് നേരിട്ട് ഹാജരാകണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കോടതി വിട്ടില്ല. ഇവരുൾപ്പെടെ 19 പേർക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകി. ഇതിൽ 17 പേരാണ് കോടതിയിൽ ഹാജരാകേണ്ടത്. ഗതാഗതവും കാൽനടയാത്രയും തടസപ്പെടുത്തിയുള്ള യോഗങ്ങളെ ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉൾപ്പെടെയുള്ളവരാണ് നേരിട്ട് ഹാജരാകേണ്ടത്. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പൊലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബ് എന്നിവർക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയെങ്കിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി.
വഞ്ചിയൂരിലെ സി.പി.എം സമ്മേളനം, സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ, തിരുവനന്തപുരം ബാലരാമപുരത്തെ ‘ജ്വാല വനിതാ ജംഗ്ഷൻ” പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപ്പറേഷൻ ധർണ എന്നിവയുമായി ബന്ധപ്പെട്ട് മരട് സ്വദേശി എൻ.പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. അഡിഷണൽ അഡ്വക്കേറ്റ് ജനറലിന്റെയടക്കം പ്രാഥമിക വാദംകേട്ട കോടതി, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. വഞ്ചിയൂരിലേത് പ്രതിഷേധ പരിപാടി പോലുമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. കോടതി സമുച്ചയത്തിനും പൊലീസ് സ്റ്റേഷനും സമീപത്തായിരുന്നു സമ്മേളനം.
നേരിട്ട് ഹാജരാകേണ്ടവർ
സി.പി.എം: എം.വി.ഗോവിന്ദൻ, എം.വിജയകുമാർ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, വി.കെ.പ്രശാന്ത്
സി.പി.ഐ: ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയചന്ദ്രൻ കല്ലിങ്കൽ(ജോയിന്റ് കൗൺസിൽ)
കോൺഗ്രസ്: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എം.എൽ.എ, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ
പൊലീസ് ഉദ്യോഗസ്ഥർ: തിരു. കമ്മിഷണറായിരുന്ന ഐ.ജി ജി.സ്പർജൻകുമാർ, കൊച്ചി കമ്മിഷണർ പുട്ട വിമാലാദിത്യ, തിരു.റൂറൽ എസ്.പി കിരൺ നാരായണൻ, സി.ഐമാരായ ഡി.ഗിരിലാൽ, അനീഷ് ജോയ്, എസ്.എച്ച്.ഒ പ്രജീഷ് ശശി
വഴി തടഞ്ഞുള്ള പരിപാടികൾ
1.ഡിസംബർ 5
വഞ്ചിയൂരിൽ സി.പി.എം പാളയം ഏരിയ സമ്മേളനം. റോഡിൽ സ്റ്റേജുകെട്ടി ഗതാഗതതടസമുണ്ടാക്കി. എം.വി.ഗോവിന്ദനും എം.എൽ.എമാരുമടക്കം വേദിയിൽ
2.ഡിസംബർ 10,11
ജോയിന്റ് കൗൺസിലിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ ധർണ. ഫുട്പാത്തും റോഡിന്റെ പകുതിയും തടസപ്പെടുത്തി. ഉദ്ഘാടകൻ ബിനോയ് വിശ്വം
3.ഡിസംബർ 11
കൊച്ചിയിലെ കോൺഗ്രസ് ധർണ. നടത്തിയത് ഫുട്പാത്ത് കൈയേറി
4.ജനുവരി മൂന്ന്
ബാലരാമപുരത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് തടഞ്ഞ് ‘ജ്വാല വനിതാ ജംഗ്ഷൻ” പരിപാടി. ഉദ്ഘാടനം റൂറൽ എസ്.പി കിരൺ നാരായണൻ
Source link