ഇന്ത്യയ്ക്ക് പുതുവാതിൽ; പാക്കിസ്ഥാന് പ്രഹരം

ഇന്ത്യയ്ക്ക് പുതുവാതിൽ; പാക്കിസ്ഥാന് പ്രഹരം | മനോരമ ഓൺലൈൻ ന്യൂസ് – India-Taliban Relations Deepen: India’s engagement with the Taliban in Afghanistan marks a significant geopolitical shift | India News Malayalam | Malayala Manorama Online News

ഇന്ത്യയ്ക്ക് പുതുവാതിൽ; പാക്കിസ്ഥാന് പ്രഹരം

ആർ. പ്രസന്നൻ

Published: January 10 , 2025 01:42 AM IST

1 minute Read

താലിബാനുമായി കൈകൊടുത്ത് ഇന്ത്യ

വിക്രം മിശ്രി (File Photo: PTI)

ന്യൂഡൽഹി ∙ വീണ്ടും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാൻ ഇന്ത്യയിലേക്കും കൈനീട്ടി. ഇരുവരും സൂക്ഷിച്ചാണെങ്കിലും പരസ്പരം കൈപിടിച്ചു തുടങ്ങി. പാക്കിസ്ഥാനു വീണ്ടും ഉറക്കം കെടുത്തുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഭീകരരെന്നു വിളിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഔദ്യോഗികതലത്തിൽ ബന്ധങ്ങൾ സ്ഥാപിച്ചുതുടങ്ങിയതോടെ മധ്യേഷ്യയിലേക്കു വീണ്ടും ഇന്ത്യ ഒരു പടിവാതിൽ കണ്ടെത്തി. ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിക്രം മിശ്രി കഴിഞ്ഞദിവസം അഫ്ഗാൻ ആക്ടിങ് വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുമായി ദുബായിൽവച്ചു ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. 

അഫ്ഗാനിസ്ഥാനെ സുഹൃത്താക്കി നിർത്തുന്നതു വാണിജ്യനേട്ടങ്ങളെക്കാളുപരി ഇന്ത്യയുടെ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായാണു കരുതിപ്പോരുന്നത്. നിലവിൽ അഫ്ഗാനിസ്ഥാനിലേക്കു സഹായമായും വാണിജ്യപരമായും ധാന്യങ്ങളും മറ്റു സാമഗ്രികളും വിമാനമാർഗവും ഇറാനിലൂടെയുമാണ് ഇന്ത്യ അയയ്ക്കുന്നത്. ഇറാനിലെ ചാബഹാർ തുറമുഖത്തെ ഇന്ത്യൻ സജ്ജീകരണം പൂർണമായി പ്രവർത്തനയോഗ്യമായാൽ ഇതു പതിന്മടങ്ങാക്കാൻ സാധിക്കും. ഒപ്പം ചാബഹാറിൽനിന്ന് റഷ്യയിലേക്കും മറ്റു മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്കുനീക്കം സാധ്യമാകും. 

2021ൽ കാബൂളിൽ താലിബാൻ അധികാരത്തിലെത്തി അധികം താമസിയാതെ ഇന്ത്യയുമായി ബന്ധം തുടങ്ങിയിരുന്നു. എങ്കിലും അടുത്തകാലത്തായി പാക്ക്–അഫ്ഗാൻ ബന്ധം മോശമായിത്തുടങ്ങിയ പശ്ചാത്തലത്തിലാണു കൂടുതൽ മെച്ചപ്പെടാൻ തുടങ്ങിയത്. പാക്ക് താലിബാന്റെ ഭീകരപ്രവർത്തനം അഫ്ഗാൻ–പാക്ക് അതിർത്തിയിൽ പ്രശ്നം സൃഷ്ടിക്കുന്നു. 
അഫ്ഗാനിസ്ഥാനെ ശാക്തികപിൻമുറ്റമായി കണ്ടിരുന്ന പാക്കിസ്ഥാന് അടുത്തകാലത്തേറ്റ ഏറ്റവും കടുത്ത പ്രഹരമാണ് കാബൂൾ ഭരണകൂടം ഇന്ത്യയുമായി അടുത്തുതുടങ്ങിയത്. പാക്ക്–അഫ്ഗാൻ ബന്ധം വഷളായതോടെ ഇതുവരെ പൊലീസിങ് മാത്രം നടത്തിയിരുന്ന അഫ്ഗാൻ അതിർത്തിയിൽ കര–വ്യോമസൈന്യങ്ങളുടെ ചെറിയൊരു വിഭാഗത്തെയെങ്കിലും വിന്യസിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതമായി. ഇന്ത്യയുടെ മേലുള്ള സൈനികസമ്മർദം ഇതോടെ കുറയുന്നത് ആശ്വാസമാകും. ചൈനീസ് അതിർത്തിയിൽ സൈനികമായി കൂടുതൽ ശ്രദ്ധനൽകാനും ഇത് ഇന്ത്യയെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. 

ഇന്ത്യ താലിബാനുമായി അടുക്കുന്നത് റഷ്യയ്ക്കും താൽപര്യമാണ്. ബന്ധം സ്ഥാപിക്കാൻ റഷ്യ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അഫ്ഗാൻ ഭൂമിയിൽ യുഎസ് സ്വാധീനം തിരിച്ചുവരരുതെന്നാണു റഷ്യയുടെ ഉദ്ദേശ്യം. 

English Summary:
India-Taliban Relation: India’s engagement with the Taliban in Afghanistan marks a significant geopolitical shift

mo-news-common-taliban mo-news-common-malayalamnews mo-news-world-countries-pakistan r-prasannan 40oksopiu7f7i7uq42v99dodk2-list 2bq3v1tt8qs44itfkliuut49mr mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-afghanistan


Source link
Exit mobile version