കണ്ണൂർ: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അപകടസമയം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായി സംശയം. അപകടസമയത്ത് ബസ് ഡ്രൈവർ നിസാമുദ്ദീൻ ഫോണിൽ വാട്‌സാപ്പ് ഉപയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കണ്ണൂർ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
ചിന്മയ വിദ്യാലയത്തിലെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികൾക്ക് പരിക്കേറ്റു. ഡ്രെെവർക്കും പരിക്കേറ്റിരുന്നു.
നിസാമുദ്ദീൻ വാട്‌സാപ്പ് ഉപയോഗിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. ഇന്നലെ വൈകിട്ട് 4.03ന് വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇതേസമയത്ത് തന്നെയാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ താൻ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീൻ പറയുന്നത്. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്‌ലോഡാകാൻ വൈകിയതാകാമെന്നും ഇയാൾ പറഞ്ഞു. അമിതവേഗത്തിലല്ല വാഹനമോടിച്ചത്. വളവ് എത്തുന്നതിന് മുൻപുതന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്‌നെസ് ഇല്ലായിരുന്നുവെന്നും നിസാമുദ്ദീൻ പറഞ്ഞു.
അതേസമയം, അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. അപകടകാരണം ഡ്രെെവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ശ്രീകണ്ഠാപുരം പൊലീസ് ഡ്രെെവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
Source link