# 2006ൽ കുറ്റപത്രം സമർപ്പിച്ചു
# വിചാരണ തുടങ്ങിയത് 2018ൽ
# വാദം കേട്ടത് അഞ്ച് ജഡ്ജിമാർ
കണ്ണൂർ:പത്തൊൻപത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റിജിത്ത് വധക്കേസിൽ നീതി നടപ്പാകുന്നത്.2005 ഒക്ടോബർ മൂന്നിന് കണ്ണപുരം ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തു വച്ചാണ് കൊലപ്പെടുത്തിയത്. റിജിത്തിന്റെ കൂടെയുണ്ടായിരുന്ന നികേഷിന്റെ പരാതിയിലായിരുന്നു കണ്ണപുരം പൊലീസ് കേസെടുത്തത്.
2006 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയത് 2018ൽ മാത്രമാണ്.ധാരാളം കേസുള്ളതുകൊണ്ട് വിചാരണ നീണ്ടുപോവുകയായിരുന്നു.മൊത്തം അഞ്ച് ന്യായാധിപന്മാർ വാദം കേട്ടു.
2018 ഒക്ടോബർ മൂന്നിന് അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി ആർ.എൽ.ബൈജു മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്.മൂന്ന് സാക്ഷികളുടെ ചീഫ് വിസ്താരം കഴിഞ്ഞപ്പോൾ കോടതി പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപണമുണ്ടായി.
സംഭവ സ്ഥലത്തു നിന്നു ലഭിച്ച ആയുധം ഉറ തുറന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കാണിച്ചത് നിയമ പ്രകാരമല്ലെന്നും മാർക്ക് ചെയ്യരുതെന്നും പ്രതിഭാഗം വാദിച്ചു. കോടതി അംഗീകരിച്ചില്ല. കോടതി മാറ്റത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
വിചാരണ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിലേക്ക് മാറ്റി.ജഡ്ജി ഹാരിസ് കേസ് പരിഗണിച്ചു.സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കേസ് ഏറ്റെടുത്തു.കൊവിഡ് ലോക്ഡൗണിന് മുൻപ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെയായിരുന്നു കേസ്.കൊവിഡ് കാലത്ത് മൂന്ന് വർഷം വിചാരണ മുടങ്ങി. ജഡ്ജി സിറിൻ ജോസും അരമണിക്കൂർ വാദം കേട്ടു.നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ആഗസ്റ്റ് ഒൻപതിനാണ് വിചാരണ വീണ്ടും ആരംഭിച്ചത്.അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി റൂബി കെ.ജോസാണ് വാദം കേട്ട് വിധി പറഞ്ഞത്.
പ്രതികൾക്ക് വധശിക്ഷ
പ്രതീക്ഷിച്ചിരുന്നു: അമ്മ ജാനകി
തലശേരി: മകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അമ്മ ജാനകി. മകനെ എനിക്ക് തിരികെ കിട്ടില്ലെന്നതിനാൽ വിധി സന്തോഷമോ സംതൃപ്തിയോ നൽകുന്നില്ല. എങ്കിലും, അവർക്കെല്ലാം വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവരെയാരെയും സമൂഹത്തിലേക്ക് മടങ്ങാൻ അനുവദിക്കരുത്. ഒരു അമ്മയ്ക്കും ഇത്തരമൊരു നഷ്ടം സഹിക്കേണ്ടി വരരുത്. അക്രമങ്ങളിൽ നിന്നും ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണം. മനുഷ്യനെ പച്ചയ്ക്ക് നുറുക്കുന്ന പ്രാകൃതവും മൃഗീയവുമായ മനസ് രാഷ്ട്രീയക്കാർ ഇനി ഒരിക്കലും കൊണ്ടു നടക്കരുത്. മകന് നീതി ലഭിക്കാൻ 19 വർഷം കാത്തിരുന്നു. ഈ ദിവസത്തിനായി 17 വർഷം ഭർത്താവും കാത്തിരുന്നു. രണ്ടുവർഷം മുമ്പ് അദ്ദേഹം മരിച്ചു. പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് റിജിത്തിന്റെ സഹോദരി ശ്രീജയും പറഞ്ഞു.
നാടക നടനായും ഫുട്ബാൾ
താരമായും തിളങ്ങിയ റിജിത്ത്
കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന നിലയിൽ മാത്രമായിരുന്നില്ല കൊല്ലപ്പെട്ട റിജിത്ത് നാട്ടിൽ സാന്നിദ്ധ്യമറിയിച്ചിരുന്നത്. മികച്ച നാടക നടനെന്ന നിലയിലും ഫുട്ബാൾ താരമെന്ന നിലയിലും നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. നാട്ടിൽ അവതരിപ്പിച്ച മിക്ക നാടകങ്ങളിലും പ്രധാന വേഷം ചെയ്തിരുന്നത് റിജിത്ത് ആയിരുന്നുവെന്ന് നാട്ടുകാർ ഓർമ്മിക്കുന്നു.
മഴ തന്നെ മഴ,ചാത്തമ്പള്ളി കണ്ടൻ എന്നീ നാടകങ്ങളിലാണ് റിജിത്ത് അവസാനം വേഷമിട്ടത്. ചാത്തമ്പള്ളി കണ്ടനിൽ പ്രധാന കഥാപാത്രമായിരുന്നു. കേരളോത്സവങ്ങളിലും റിജിത്ത് തിളങ്ങിയിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് കലാ കായിക രംഗത്തും സജീവമായിരുന്നു.വീട്ടിലെ ചുറ്റുപാടിൽ പഠനം തുടരാൻ കഴിയാതെ വന്നതോടെ നിർമ്മാണ തൊഴിലാളിയായി.
മരിക്കുന്ന സമയത്ത് ചുണ്ട മോഡേൺ സ്പോർട്സ് അൻഡ് ആർട്സ് ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു. സി.പി.എം ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ ചുണ്ട യൂണിറ്റ് കമ്മിറ്റി അംഗം,നിർമ്മാണ തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
മേൽക്കോടതിയെ
സമീപിക്കുമെന്ന് ബി.ജെ.പി
കണ്ണൂർ: കേസിൽ മേൽ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ .രഞ്ജിത്ത് പറഞ്ഞു. പ്രതികളുടെ നിരപരാധിത്വം ഞങ്ങൾ തെളിയിക്കും. ഇത്രയേറെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാൻ മാത്രമുള്ള യാതൊരു തെളിവുകളും ഈ കേസിൽ ഇല്ല. അതുകൊണ്ടുതന്നെ മേൽ കോടതിയിൽ പ്രതികളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് പറഞ്ഞു.
Source link