വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതിപ്പട്ടികയിൽ, കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സി ബി ഐ. ബലാത്സംഗ പ്രേരണാക്കുറ്റമാണ് ചുമത്തിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ പ്രദേശവാസികളടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയാണുണ്ടായത്. വിശദമായ അന്വേഷണം നടത്തണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതിയാക്കിയത്.

കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും ഇതിനാലാണ് ബലാത്സംഗ പ്രേരണക്കുറ്റം ചുമത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചു. യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയിരുന്നു നേരത്തെ റിപ്പോർട്ട് നൽകിയത്.

അതേസമയം, കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളെ കണ്ടില്ലെന്നും വാളയാർ പെൺകുട്ടികളുടെ മാതാവ് പ്രതികരിച്ചു. കേസിൽ അട്ടിമറി നടന്നിട്ടുണ്ട്. നിയമപോരാട്ടം തുടരും. ഭീഷണിക്ക് വഴങ്ങില്ല. കിട്ടിയവരെ പ്രതിയാക്കുകയാണ്. സർക്കാരും സി ബി ഐയും ഒത്തുകളിക്കുകയാണിവിടെ. പ്രതികരിക്കില്ലെന്ന് അവർ കരുതിക്കാണും. ശരിയായി അന്വേഷിച്ചാൽ കേസ് തെളിയിക്കാനാകുമെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


മാതാപിതാക്കൾ പ്രതികൾ തന്നെയാണെന്ന് മുൻ സമരസമിതി നേതാവ് ബാലമുരളി പ്രതികരിച്ചു. മാതാപിതാക്കളുടെ നിയമപോരാട്ടം നാടകമാണ്. കുട്ടിയെ പീഡിപ്പിക്കുന്ന രണ്ടാനച്ഛൻ കണ്ടിട്ടും പൊലീസിനോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.


Source link
Exit mobile version