രണ്ടുവർഷം മുൻപ് നിശ്ചയിച്ച വിവാഹം, ഏകമകന്റെ വിവാഹവസ്‌ത്രമെടുക്കാൻ പോയ അമ്മ മടങ്ങിയത് ജീവനറ്റ ശരീരമായി
കണ്ണൂർ: രണ്ടുവർഷം മുൻപ് നിശ്ചയിച്ച ഏകമകന്റെ വിവാഹത്തിനായി വസ്‌ത്രമെടുക്കാൻ പോയ കുടുംബമാണ് അമ്മയുടെ ജീവനറ്റ ശരീരവുമായി മടങ്ങിയത്. കണ്ണൂർ ഉളിക്കൽ മാട്ടറ കാലാങ്കി കയ്യുന്നിപാറയിലെ തോമസിന്റെ ഭാര്യ കെ.ടി. ബീന (48), തോമസിന്റെ സഹോദരിയുടെ മകനും മംഗളൂരുവിൽ താമസക്കാരനുമായ എ.എ. ലിജോ (37) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. തോമസ്-ബീന ദമ്പതികളുടെ ഏകമകനായ ആൽബിന്റെ വിവാഹവസ്ത്രങ്ങളടക്കം എടുത്തുമടങ്ങവേയായിരുന്നു അപകടം.
പോളണ്ടിൽ ജോലി ചെയ്യുന്ന ആൽബിൻ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ക്രിസ്‌മസ് ദിനത്തിലാണ് നാട്ടിലെത്തിയത്. 11ന് ഒത്തുകല്യാണവും 18ന് വിവാഹവും നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു ലിജോ. എറണാകുളത്ത് നിന്ന് വിവാഹ വസ്ത്രമുൾപ്പെടെയുള്ളവ വാങ്ങിയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ലക്ഷ്യ ബസും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തോമസിനെയും ബീനയെയും ആൽബിനെയും ലിജോയെയും നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
600 കിലോമീറ്ററിലധികം സഞ്ചരിച്ച കുടുംബം വീട്ടിൽ എത്തുന്നതിന് 25 കിലോമീറ്റർ മാത്രം അകലമുള്ളപ്പോഴായിരുന്നു അപകടം. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. കാറിന്റെ ഡോറുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. മകനെയും മരുമകളെയും കൈപിടിച്ചുകയറ്റേണ്ട മുറ്റത്താണ് ബീനയുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നത്. ബീനയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് കാലാങ്കി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. പരിക്കേറ്റ ആൽബിനും പിതാവ് തോമസും ആശുപത്രിയിൽ ചികിത്സയിലാണ്.
Source link