പാലക്കാട്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറുപേർ മരിച്ചവരിൽ മലയാളിയും. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. പാലക്കാട് വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനി നിർമല (52) ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമടങ്ങിയ ആറംഘ സംഘം ചൊവ്വാഴ്‌ചയാണ് തിരുപ്പതി ക്ഷേത്രത്തിലേയ്ക്ക് പോയത്.
തിക്കിലും തിലക്കിലുംപെട്ട് മരിച്ചവരിൽ നിർമലയുമുണ്ടെന്ന വിവരം ബന്ധുക്കൾ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. നാളെ നടക്കുന്ന വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിൽ വൻ തിരക്കുണ്ടാവുകയായിരുന്നു. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ആളുകൾ ഉന്തിത്തള്ളി കയറിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ടോക്കൺ വിതരണത്തിനായി ഒമ്പതിടത്തായി 94 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്.
ദേഹാസ്വാസ്ഥ്യമുണ്ടായ സ്‌ത്രീയെ പുറത്തെത്തിക്കാൻ ഗേറ്റ് തുറന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബി ആർ നായിഡു വ്യക്തമാക്കിയിരുന്നു. അപകടത്തിൽ മരണപ്പെട്ട ആറുപേരിൽ ഒരാളായ തമിഴ്‌നാട് സേലം സ്വദേശി മല്ലികയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബൈരാഗി പട്ടിക പാർക്കിലെ ടോക്കൺ കൗണ്ടറിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാനാണ് ഒരു ഗേറ്റ് തുറന്നത്. ഇതുകണ്ട ആളുകൾ ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ടിടിഡി ബോർഡ് അംഗമായ ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞിരുന്നു. ഭക്തരോട് മാപ്പ് ചോദിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Source link