കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ഇല്ല. എറണാകുളം സിജെഎം കോടതി 2 ആണ് ജാമ്യം നിഷേധിച്ചത്. പതിനാലുദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്.
ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദ്യേശ്യത്തോടെ തന്നെയാണ് ബോബി കയ്യിൽ പിടിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയിൽ പറഞ്ഞതുപോലെ സ്പർശിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജുവലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ മനസിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകൻ വാദിച്ചു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതിൽവച്ച് ബോബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇന്നലെ രാവിലെ വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്.
Source link