പയർ വിത്ത് മുളപൊട്ടി
തിരുവനന്തപുരം: സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് ശുഭകരമായ തുടക്കം. ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലാണ് വികസിപ്പിച്ചത്.
അതേസമയം, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ സംഗമം ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശനിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും.
ഇതിനായി ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ളാറ്റ്ഫോമാക്കി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ പരീക്ഷിച്ചത്.
ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്പെയ്സ് റോബോട്ടിക് ആം എന്ന യന്ത്രക്കൈകളാണ്. നിലയത്തിലേക്ക് അയയ്ക്കുന്ന വസ്തുക്കൾ പിടിച്ചെടുത്ത് നിർദ്ദിഷ്ട സ്ഥാനത്ത് സ്ഥാപിക്കാനും പരിസരത്തുകൂടി പോകുന്ന പാഴ്വസ്തുക്കൾ നീക്കാനും യന്ത്രക്കൈ ഉപയോഗിക്കും. അറ്റകുറ്റപ്പണികൾക്കും ഈ സാങ്കേതികവിദ്യ അനിവാര്യമാണ്.ഭാവിയിൽ പേടകങ്ങളിൽ ഇന്ധനം നിറയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കാനാകും.പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ,സെൻസറുകൾ,പ്രത്യേകംതയ്യാറാക്കിയ സോഫ്റ്റ്‌വേർ എന്നിവയൊക്കെ ഈയന്ത്രക്കൈയ്ക്കുണ്ട്. ഡിജിറ്റൽ ട്വിൻ മോഡൽ ഉപയോഗിച്ചാണിവ പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്.
യന്ത്രക്കൈ കറങ്ങി
180 ഡിഗ്രി വരെ
#പ്ളാറ്റ് ഫോമിൽ ഉറപ്പിച്ച യന്ത്രക്കൈ 180ഡിഗ്രി വരെ ചുറ്റി. ഇലക്ട്രിക് സംവിധാനം,സെൻസർ, ക്യാമറ, നാവിഗേഷൻ തുടങ്ങിയവ പ്രവർത്തന ക്ഷമം
# സമീപ ദിവസങ്ങളിൽ യന്ത്രക്കൈ പുറത്തേക്ക് നീട്ടി സമാന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാഴ്വസ്തുക്കൾ പിടിച്ചെടുക്കും # പാഴ്വസ്തുവിന്റെ അതേവേഗത്തിൽ പ്ളാറ്റ് ഫോം സഞ്ചരിച്ചാണ് ഇതു നിറവേറ്റുന്നത്. ചന്ദ്രയാൻ 4 ദൗത്യത്തിലും ഇതുപയോഗിക്കും
ബഹിരാകാശത്ത്
പയർവിത്ത് മുളച്ചു
പി.എസ്.എൽ.വി ഓർബിറ്റൽ എക്സിപിരിമെന്റൽ മൊഡ്യൂൾ എന്ന പോയെം 4ൽ 24 പരീക്ഷണങ്ങളാണ് നടത്തുന്നത്.
ബഹിരാകാശത്ത് പേടകത്തിനുള്ളിൽ പയർവിത്ത് മുളപ്പിച്ചു. ഭൂമിയിലെ അന്തരീക്ഷമൊരുക്കിയ ചെറിയ കാബിനിലാണ് പയർവിത്ത് മുളച്ചത്. എട്ട് വിത്തുകളാണുള്ളത്. ആവശ്യമായ അളവിൽ ഓക്സിജനും കാർബൺഡൈഓക്‌സൈഡും ഇതിലുണ്ട്. നിരീക്ഷിക്കാൻ ക്യാമറയും. നാലുദിവസം കൊണ്ടു പയർവിത്ത് മുളപൊട്ടിയത് ചരിത്രനേട്ടമാണ്. ദിവസങ്ങൾക്കുള്ളിൽ കാർബൺഡൈഓക്‌സൈഡ് തീരും. അതോടെ വിത്തും നശിക്കും.
ഗുരുത്വാകർഷണത്തിന്റെ ദിശ,സൂര്യപ്രകാശം എന്നിവയോടു പ്രതികരിച്ച് സസ്യങ്ങൾ വളർച്ച ക്രമീകരിക്കുന്നത് എങ്ങനെയെന്നു പഠിക്കുകയാണ് ലക്ഷ്യം.തുമ്പയിലെ വി.എസ്.എസ്.സി.തയ്യാറാക്കിയ കോംപാക്ട് റിസർച്ച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ് സംവിധാനമുപയോഗിച്ചാണിത് സാധ്യമാക്കിയത്.
സംഗമ പേടകങ്ങൾ
5 കി.മീ അരികെ
# ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ച് ഒറ്റ ഉപഗ്രഹമാക്കുന്നതിനുള്ള പരീക്ഷണമായ സ്പെഡെക്സ് എന്ന സ്പെയ്സ് ഡോക്കിംഗ് എക്സ്പെരിമെന്റിന് ഒറ്റ വിക്ഷേപണത്തിലൂടെ രണ്ട് ഉപഗ്രഹങ്ങളെ ഡിസംബർ 30നാണ് അയച്ചത്
# ഇരുപത് കിലോമീറ്റർ അകലം പാലിക്കുന്ന തരത്തിലായിരുന്നു വിക്ഷേപണം . നിയന്ത്രണവിധേയമായി പരസ്പരം അടുത്തുകൊണ്ടിരിക്കുന്ന ഇവ തമ്മിലുള്ള അകലം അഞ്ചു കിലോമീറ്ററായി കുറഞ്ഞു
Source link