ഗുരുദേവ ദർശനം ലോകത്തെ പഠിപ്പിച്ച് ഫാ. ജോർജ് തടത്തിൽ

കൊച്ചി: ഫാ. ഡോ. ജോർജ് തടത്തിൽ. വത്തിക്കാനിലെ മലയാളി പുരോഹിതൻ. ഇന്ന് ശ്രീനാരായണഗുരുദേവ ദർശനത്തിന്റെ ആഗോളപ്രചാരകൻ.

തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിന് ശേഷം അതേപാതയിൽ സഞ്ചരിച്ച ഏക മഹാത്മാവ് ശ്രീനാരായണഗുരുവാണെന്ന് ഫോ.തടത്തിൽ പഠിപ്പിക്കുന്നു.

16-ാം വയസിൽ പയ്യന്നൂർ ഏഴിമലയിലെ ശ്രീനാരായണാശ്രമം (ഗുരുകുലം) സന്ദർശിച്ചതോടെയാണ് ഫാ. തടത്തിൽ ഗുരുദേവ ദർശനത്തിൽ ആകൃഷ്ടനായത്. ജ്യേഷ്ഠൻ റിട്ട. എസ്.പി ലൂക്കോസിനെ ജോലിസ്ഥലത്ത് കാണാനുള്ള അവധിക്കാല യാത്രയിലായിരുന്നു സന്ദർശനം. ആശ്രമ പ്രസിദ്ധീകരണമായ ‘ഗുരുസന്ദേശം” മാസികയിൽ നിന്ന് ഗുരുവിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചു. ആശ്രമത്തിലെ വിദേശ സന്യാസി സ്വാമി മിക്കിൽ നിന്ന് നടരാജഗുരുവിനെക്കുറിച്ചും പഠിച്ചു.

1996ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം.ഫില്ലിന് തിരഞ്ഞെടുത്ത വിഷയം ‘ദ മേക്കിംഗ് ഒഫ് എ ട്രഡീഷൻ: ദ വിഷൻ ഒഫ് നടരാജഗുരു” എന്നതായിരുന്നു. പി.എച്ച്ഡി. ചെയ്തപ്പോൾ, ‘എ സ്റ്റഡി ഒഫ് ശ്രീനാരായണഗുരു മൂവ്മെന്റ് ഇൻ ദ ലിറ്ററേച്ചർ ഒഫ് നിത്യചൈതന്യ യതി” വിഷയമാക്കി. യതിയെ പരിചയപ്പെടാനും ഫേൺഹിൽ ഗുരുകുലത്തിൽ പലതവണ താമസിക്കാനും അവസരം ലഭിച്ചത് ഏറെ സ്വാധീനിച്ചു.

1920കളിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ കുടുംബത്തിൽ 1963ലാണ് ഫാ. തടത്തിൽ ജനിച്ചത്. പിതാവ് പരേതനായ എബ്രഹാം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഏഴ് സഹോദരങ്ങളിൽ ആറാമനാണ്.

വത്തിക്കാൻ ഡോൺബോസ്കോ ഗ്ലോബൽ എഡ്യൂക്കേഷന്റെ ഉന്നതവിദ്യാഭ്യാസ വിഭാഗം തലവനുമാണ് ഫാ. തടത്തിൽ. 23 വർഷം ഡാർജിലിംഗ് സലേഷ്യൻ കോളേജ് പ്രിൻസിപ്പലായിരുന്നു. 2023ലാണ് സഭ വത്തിക്കാനിലേക്ക് നിയോഗിച്ചത്.

ഏകലോക മാനവികത

ഏറ്റവും മഹത്തരം

ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം നേപ്പാളി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് ഫാ. തടത്തിൽ. ഗുരുദേവ ദർശനം അടിസ്ഥാനമാക്കി ഒട്ടനവധി പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഏകലോക മാനവികത ഏറ്റവും മഹത്തരമായ സന്ദേശമെന്ന് വിദേശ സർവകലാശാലകളിലടക്കം പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ശ്രീനാരായണഗുരു, ഗാന്ധിജി, ഡോ. അംബേദ്കർ എന്നിവരുടെ മതസൗഹാർദ്ദ സന്ദേശങ്ങൾ പ്രമേയമാക്കി പുതിയ പുസ്തകത്തിന്റെ രചനയിലാണ്. ഗുരുവിന്റെ കൃതികൾ കേരളത്തിന്റെ ഭഗവത്ഗീതയാണെന്ന് ഫാ. തടത്തിൽ പറഞ്ഞു.


വൈരുദ്ധ്യങ്ങളെ എത്രത്തോളം തരണം ചെയ്യേണ്ടതുണ്ട്, എങ്ങനെ തരണം ചെയ്യണം എന്ന സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിന് നൽകിയത്

ഫാ.ഡോ. ജോർജ് തടത്തിൽ


Source link
Exit mobile version