കൊച്ചി/ മേപ്പാടി (വയനാട്): നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷണൽ ജുവലറി ഉടമയും വ്യവസായിയുമായ ബോബി ചെമ്മണൂർ അറസ്റ്റിൽ.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ഹണി റോസ് ഫോണിൽ പരാതിക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
പരാതി നൽകുംമുമ്പ് എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ ഹണി റോസ് നേരിൽ കണ്ടിരുന്നു.
എറണാകുളം സെൻട്രൽ അസി. കമ്മിഷണർ കെ. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അശ്വതി ജിജി രൂപം നൽകി. ചൊവ്വാഴ്ച രാത്രി 10.30ന് എസ്.ഐ അനൂപ് ചാക്കോ, എ.എസ്.ഐ ഷാജി, സി.പി.ഒ ഷിഹാബ് എന്നിവർ വയനാട്ടിലേക്ക് തിരിച്ചു. വയനാട് എസ്.പിയും സംഘവും തയ്യാറെടുത്തിരുന്നു.കോയമ്പത്തൂരിൽ ജുവലറി ഉദ്ഘാടനത്തിന് പോകേണ്ടതായിരുന്നു ബോബി.
ഞായറാഴ്ചയാണ് ബോബിയുടെ പേര് വെളിപ്പെടുത്താതെ, സമൂഹ മാദ്ധ്യമങ്ങളിലൂടെ ദ്വയാർത്ഥപ്രയോഗം നടത്തി അപമാനിക്കുന്നതായി ഹണി റോസ് ആരോപിച്ചത്. തുടർന്ന് സൈബർ ആക്രമണമുണ്ടായി. തിങ്കളാഴ്ച കമന്റുകളും സ്‌ക്രീൻഷോട്ടുകളും സഹിതം എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകി. 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളങ്ങി സ്വദേശിയായ 60കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
റോഡിൽ തടഞ്ഞ്
കസ്റ്റഡിയിലെടുത്തു
# ബോബി മേപ്പാടിയിലെ തൗസൻഡ് ഏക്കറിലും തൊള്ളായിരം കണ്ടിയിലുമായിരുന്നു.
മേപ്പാടി തൗസൻഡ് എക്കറിന് സമീപത്തെ അഞ്ച് റോഡിൽ വച്ചാണ് ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്തത്. പൊലീസുകാർ വന്ന വാഹനം ബോബിയുടെ വാഹനത്തിന് കുറുകെയിട്ട് തടഞ്ഞു.
# താങ്കൾക്കെതിരെ കേസുണ്ടെന്നും കസ്റ്റഡിയിലെടുക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൂർണമായും സഹകരിക്കുമെന്നും ഒളിവിൽ പോകുന്ന ആളല്ലെന്നും ബോബി പറഞ്ഞു. കെ.എൽ 07 ഡി.എ 9983 നമ്പർ കാറിലാണ് എ.ആർ.ക്യാമ്പിൽ എത്തിച്ചത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി എറണാകുളത്തേക്ക് കൊണ്ടുപോയി.
# എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ച് രാത്രി 7.20ന് അറസ്റ്റ് രേഖപ്പെടുത്തി.തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് ബോബി പറഞ്ഞു.
രാത്രി ലോക്കപ്പിൽ പാർപ്പിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. രാമൻപിള്ള അസോസിയേറ്റ്സിൽ നിന്നുള്ള അഭിഭാഷകർ എത്തി ബോബിയുമായി സംസാരിച്ചു.
രഹസ്യമൊഴി
രേഖപ്പെടുത്തി
ഹണി റോസിന്റെ രഹസ്യമൊഴി ഇന്നലെ വൈകിട്ട് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. നടപടി രണ്ടു മണിക്കൂർ നീണ്ടു. സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും അശ്ലീല പരാമർശത്തിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും പരാതിയിലുണ്ട്.
`ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള പോരാട്ടമാണ് നടത്തുന്നത്. മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി’
-ഹണി റാേസ്
Source link