‘ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയില്ല’: ഡൽഹിയെ ആവരണം ചെയ്ത് അധികാരത്തർക്കം

ഡൽഹിയെ ആവരണം ചെയ്ത് അധികാരത്തർക്കം | മനോരമ ഓണ്‍ലൈൻ ന്യൂസ്- Delhi Elections | Delhi Politics | Manorama Online News

‘ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയില്ല’: ഡൽഹിയെ ആവരണം ചെയ്ത് അധികാരത്തർക്കം

മനോരമ ലേഖകൻ

Published: January 09 , 2025 11:12 AM IST

1 minute Read

അരവിന്ദ് കേജ്‍രിവാള്‍ (ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ), നരേന്ദ്ര മോദി (പിടിഐ), രാഹുൽ ഗാന്ധി (ചിത്രം: രാഹുൽ ആർ.പട്ടം)

ന്യൂഡൽഹി ∙ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിക്കഴിഞ്ഞു. ഭരണം പിടിക്കാൻ രാഷ്ട്രീയപാർട്ടികൾ വാക്പോരും പ്രചാരണങ്ങളുമായി തെരുവിലിറങ്ങുമ്പോഴും അധികാരത്തർക്കം പുകമഞ്ഞുപോലെ ഡൽഹിയെ ആവരണം ചെയ്തുനിൽക്കുകയാണ്. കേന്ദ്രവും ഡൽഹി സർക്കാരും തമ്മിൽ കാലാകാലങ്ങളായി തുടരുന്നതാണ് ഈ തർക്കം. സംസ്ഥാനപദവിയിലെ അപൂർണതയാണ് തർക്കങ്ങൾക്കു കാരണമാകുന്നത്. സംസ്ഥാനമാണ്, പക്ഷേ പൂർണ സംസ്ഥാന പദവിയില്ല. കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ട്, എന്നാൽ, പൂർണമായും കേന്ദ്രഭരണ പ്രദേശവുമല്ല. ‘ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല’ എന്നു പഴഞ്ചൊല്ല് കൃത്യം.

കേജ്‌രിവാളിൽ തുടങ്ങി അതിഷി വരെ

ആദ്യ എഎപി സർക്കാർ രാജിവച്ചിറങ്ങിയതിന് പിന്നാലെ നിലവിൽ വന്ന രാഷ്ട്രപതിഭരണം ഒരു വർഷം നീണ്ടു. 70തിൽ 67 സീറ്റുകളും നേടിയതിന്റെ കരുത്തിലായിരുന്നു പിന്നീട് എഎപി സർക്കാരിന്റെ ഭരണവും പോരാട്ടവും. ഭരണത്തിൽ ലഫ്.ഗവർണർ വഴി കേന്ദ്രം പിടിമുറുക്കുന്നുവെന്ന് ആരോപിച്ച് തുടർച്ചയായി തർക്കങ്ങളുണ്ടായി. ലഫ്.ഗവർണറുടെ ഓഫിസിൽ മുഖ്യമന്ത്രിയും സംഘവും കുത്തിയിരിപ്പ് സമരം നടത്തുന്നതിലേക്ക് വരെയെത്തി. 2020ൽ അധികാരത്തിലെത്തിയശേഷം എഎപിയുടെ പ്രതിഛായ തകർത്ത മദ്യനയ അഴിമതിക്കേസിലും അധികാരത്തർക്കങ്ങളുടെ വിവിധ തലങ്ങൾ ദൃശ്യമായി. ജയിലിൽനിന്ന് ഭരിക്കുമെന്ന വെല്ലുവിളിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ലഫ്.ഗവർണർ വി.കെ.സക്സേന ഇടഞ്ഞതോടെ തർക്കം കോടതി കയറി. കേജ്‌രിവാളിനു പിന്നാലെയെത്തിയ അതിഷിയും മാർഷൽ നിയമന വിവാദത്തിൽ ഉൾപ്പെടെ ലഫ്.ഗവർണറോട് തർക്കിച്ചിരുന്നു.
പഴയ ‘പാർട്ട് സി’ സംസ്ഥാനം

ഡൽഹി രാജ്യതലസ്ഥാനമായത് 1911 ഡിസംബർ 12ന് ബ്രിട്ടിഷ് ഭരണകാലത്താണ്. ചീഫ് കമ്മിഷണറുടെ പ്രവിശ്യയെന്നാണ് ഡൽഹി അന്ന് അറിയപ്പെട്ടിരുന്നത്. ചീഫ് കമ്മിഷണർക്ക് വിജ്ഞാപനങ്ങളിറക്കാനുള്ള അധികാരം നൽകിയത് 1915ലെ ഡൽഹി നിയമമാണ്. പിന്നീട്, 1919ലേയും 1935ലേയും ‘ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം’ ഡൽഹിയെ കേന്ദ്രം ഭരിക്കുന്ന മേഖലയായി നിലനിർത്തി. 1950ൽ ഭരണഘടന നിലവിൽ വന്നതോടെ ഡൽഹി ‘പാർട്ട് സി’ സംസ്ഥാനമായി മാറി. എന്നാൽ 1956ലെ ഏഴാം ഭരണഘടനാ ഭേദഗതിയിലൂടെ പാർട്ട് ‘എ’ മുതൽ ‘ഡി’ വരെയുള്ള സംസ്ഥാനങ്ങൾ ഇല്ലാതാവുകയും സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നിവ മാത്രമാവുകയും ചെയ്തു. അതോടെ, ഡൽഹി കേന്ദ്രഭരണപ്രദേശമായി. അന്നു ഡൽഹിയിൽ നിയമസഭയും മന്ത്രിസഭയുമുണ്ടായിരുന്നില്ല.
കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമസഭകളും മന്ത്രിസഭകളും ഉൾപ്പെടുത്തിക്കൊണ്ട് 1963ൽ നിയമം പാസാക്കിയെങ്കിലും അത് ഡൽഹിക്ക് ബാധകമായിരുന്നില്ല. 1966ലെ ഡൽഹി ഭരണ നിയമമാണ് മെട്രോപ്പൊലിറ്റൻ കൗൺസിൽ വഴി പരിമിതമായ രീതിയിലെങ്കിലും ഇവിടെ സർക്കാരുണ്ടാക്കാൻ വഴിതെളിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 56 അംഗങ്ങളും നാമനിർദേശം ചെയ്യപ്പെടുന്ന 5 പേരുമടങ്ങുന്നതായിരുന്നു കൗൺസിൽ. അതിന് നിയമനിർമാണത്തിനുള്ള അധികാരമുണ്ടായിരുന്നില്ല.

പിന്നീട്, 1987ൽഡൽഹി കേന്ദ്രഭരണപ്രദേശമായി തുടരണമെന്നും എന്നാൽ നിയമസഭയും മന്ത്രിസഭയും വേണമെന്നും ബാലകൃഷ്ണൻ കമ്മിറ്റി ശുപാർശ ചെയ്തു. ഡൽഹിക്ക് പ്രത്യേക പദവി നൽകാൻ ഭരണഘടനാ ഭേദഗതി വേണമെന്നും കമ്മിറ്റി പറഞ്ഞു. മെട്രോപ്പൊലിറ്റൻ കൗൺസിലിനു പകരം ഡൽഹി നിയമസഭയുണ്ടാകാൻ വഴിതെളിച്ചത് 1991ൽ വന്ന ഭരണഘടനാ ഭേദഗതിയാണ്.
ഡൽഹി ദേശീയ തലസ്ഥാന മേഖലാ നിയമവും 1991ൽ നിലവിൽ വന്നു. 1991ലെ ഭരണഘടനാ ഭേദഗതിയിലാണ് ഡൽഹിക്ക് പ്രത്യേക പദവി നൽകിയത്. ഡൽഹിയുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകളടങ്ങുന്ന 239 എഎ, 239 എബി എന്നിവയാണ് ചേർത്തത്. കേന്ദ്രവും ഡൽഹി സർക്കാരുമായുള്ള അധികാരത്തർക്ക വിഷയം വരുമ്പോഴെല്ലാം കോടതികൾ പരിശോധിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഈ വകുപ്പുകളാണ്.

English Summary:
Delhi Politics: Delhi’s incomplete statehood fuels a long-standing power struggle between the central and Delhi governments

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-parties-aap rmddenhbdoet1j9huqcglag6c


Source link
Exit mobile version