കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വിട്ടുവീഴ്ച പാടില്ല. തീർത്ഥാടകരെയും വാഹനങ്ങളെയും കടത്തിവിടുന്നതിൽ നിയന്ത്രണം വേണം. നിയന്ത്രണങ്ങളെക്കുറിച്ച് കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ദൃശ്യ-പത്രമാദ്ധ്യമങ്ങളിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
തിരക്ക് നിയന്ത്രണം, ഭക്ഷണവിതരണം, വാഹനപാർക്കിംഗ് എന്നിവയിലടക്കം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ അഡ്വ. ജി. ബിജു അറിയിച്ചു.
ബുക്കിംഗിൽ 12 മുതൽ നിയന്ത്രണം
12 മുതൽ 16 വരെ വെർച്വൽ – സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിക്കും. ഒരു ദിവസം 5000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ്. മകരവിളക്ക് ദിവസമായ 14ന് വെർച്വൽക്യൂ ബുക്കിംഗ് 40,000 ആയിരിക്കും. 12ന് 60,000, 13ന് 50,000 എന്നിങ്ങനെയും 15, 16 തീയതികളിൽ 65,000 വീതവും നൽകും.
അന്നദാനമണ്ഡപത്തിൽ ദിവസം 30,000 പേർക്ക് ഭക്ഷണം നൽകും. 13, 14 തീയതികളിൽ പാണ്ടിത്താവളത്തിൽ ഒരു നേരം 5000 പേർക്കുവീതം 5 നേരം 25,000 പേർക്ക് അന്നദാനം ഉണ്ടാവും.
സന്നിധാനം, പാണ്ടിത്താവളം, മരക്കൂട്ടം, ശരംകുത്തി, അപ്പാച്ചി മേട് എന്നിവിടങ്ങളിൽ സ്ട്രെച്ചർ സർവീസിന് കൂടുതൽപേരെ നിയോഗിച്ചതായും അറിയിച്ചു.
ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 12ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം 14ന് ശബരിമലയിൽ എത്തും.
39,02,610 ഭക്തർ ഈ ഉത്സവകാലത്ത് ശബരിമലയിലെത്തി. കഴിഞ്ഞവർഷം ഇതേസമയം എത്തിയത് 35,12,691 പേരാണെന്നാണ് കണക്ക്.
Source link