കൈയിൽ കാശുണ്ടെന്ന് കരുതി സ്ത്രീകളെ പരസ്യമായി അവഹേളിക്കാമെന്ന ബോബി ചെമ്മണ്ണൂരിന്റെ നിലപാട് അസ്ഥാനത്തായെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പുരാണകഥാപാത്രമായ കുന്തി ദേവിയുമായി നടി ഹണി റോസിനെ ബോബി ചെമ്മണ്ണൂർ എന്തിനാണ് താരതമ്യം ചെയ്തതെന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ ഹണി റോസ് തന്റെ നിലപാട് വ്യക്തമാക്കിയതിൽ പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത് പണിക്കർ. ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ശ്രീജിത്ത് പണിക്കർ നടത്തിയിരിക്കുന്നത്.
‘അങ്ങനെ അവസാനം നടി ഹണി റോസ് തേങ്ങ ഉടച്ചിരിക്കുകയാണ്. പലപ്പോഴും ബോബി ചെമ്മണ്ണൂരിന്റെ പരാമർശം സോഷ്യൽമീഡിയയിലൂടെ കണ്ടിട്ടുണ്ട്. അതിനുപിന്നാലെ നിരവധി ചർച്ചകളും വന്നിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ, ഹണിയെ തന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും അവിടെ വച്ച് ചില പരാമർശങ്ങൾ നടത്തിയതുമാണ് പ്രശ്നങ്ങളുടെ തുടക്കം. ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന ധാരണ ഹണിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴായിരിക്കാം മനസിലായിട്ടുളളത്. മഹാഭാരതത്തിലെ കുന്തി ദേവിയായിട്ടാണ് ബോബി ചെമ്മണ്ണൂർ ഹണിയെ താരതമ്യം ചെയ്തത്. എന്തിനാണ് നടിയെ ഒരു പുരാണ കഥാപാത്രവുമായി താരതമ്യം ചെയ്തതെന്ന് ബോബി ചെമ്മണ്ണൂർ വീണ്ടും ആവർത്തിക്കുകയും ചെയ്തിരുന്നു.
ചില വീഡിയോകളിൽ ബോബി കൈകൊണ്ട് ചില മോശം ആംഗ്യങ്ങളും കാണിച്ചിട്ടുണ്ട്. അയാൾ നടത്തിയതെല്ലാം അശ്ലീലം കലർന്ന പരാമർശങ്ങളായിരുന്നു. കടുത്ത സ്ത്രീവിരുദ്ധതയാണ് കാണിച്ചിരിക്കുന്നത്. ഒരു നടി ഉപഭോഗവസ്തുവാണ് എന്ന് കാണുന്ന ഒരുപാട് ആളുകളുണ്ട്. ഒരു ചടങ്ങിലേക്ക് പ്രതിഫലം കൊടുത്ത് നടിയെ ക്ഷണിച്ചാൽ അവർക്കെതിരെ എന്തും പറയാമെന്ന് കരുതുന്ന കുറച്ചധികം ആളുകളും ഇവിടെയുണ്ട്. ഇതെല്ലാം തെറ്റാണെന്ന് ബോബി തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.
ബോബിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള പ്രസ്താവനകൾ ഉണ്ടാകുന്നത് ആദ്യമല്ല. കുറേ ഞരമ്പ് രോഗികൾ ബോബിയുടെ പ്രസ്താവനകൾ പിന്തുണയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഒരാൾ ബിസിനസുകാരനാണ്, അല്ലെങ്കിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു, കാശുണ്ട് എന്നുളളതുകൊണ്ട് ഒരു സ്ത്രീയെ പരസ്യമായി അവഹേളിക്കാനുളള സ്വാതന്ത്ര്യം കിട്ടണമെന്ന് വരില്ല. ഇതിനെതിരെ പ്രതികരിക്കാൻ ആരും വരാത്തതുകൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂർ ഈ നിലപാട് തുടർന്നത്. എന്നാൽ ഹണി റോസിന്റെ കാര്യത്തിൽ ഈ ചിന്ത അസ്ഥാനത്തായി’- ശ്രീജിത്ത് വ്യക്തമാക്കി.
Source link