മുഖ്യമന്ത്രി ഹണിയെ വിളിച്ചു, തൊട്ടുപിന്നാലെ ബോബി കസ്റ്റഡിയിൽ, പൊലീസ് നീക്കങ്ങൾ അതീവ രഹസ്യം

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയ ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺവിളിച്ച് എല്ലാ നിയമ നടപടികൾക്കും പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബോബി ചെമ്മണ്ണൂരിന് ഇളവുകൾ ഒന്നും നൽകേണ്ടെന്നും ശക്തമായ നടപടികൾ സ്വീകരിക്കാനും പൊലീസ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഹണിറോസിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.

വിശദമായ ചോദ്യംചെയ്യലിനുശേഷം ബോബിയുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ബോബിക്കെതിരെയുളള പരമാവധി തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്നലെത്തന്നെ ബോബി വയനാട്ടിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതോടെ പ്രത്യേക അന്വേഷണസംഘം അങ്ങോട്ടേക്ക് പുറപ്പെട്ടു. ഒപ്പം ബോബി രക്ഷപ്പെടാതിരിക്കാനായി വയനാട് പൊലീസിനെയും വിവരം അറിയിച്ചു. നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ഇന്നുരാവിലെ മേപ്പാടിയിലെ എസ്റ്റേറ്റിനോടനുബന്ധിച്ച റിസോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുംവരെ പുറത്താരും ഒന്നും അറിഞ്ഞില്ല. ഒളിവിൽ പോകാനും മുൻകൂർ ജാമ്യം നേടാനും ബോബി ശ്രമിക്കുന്നു എന്നും മനസിലാക്കിയ പൊലീസ് അതിനൊന്നിനും ഇടനൽകാതെതായിരുന്നു വിവാദ വ്യവസായിയെ പൂട്ടിയത്.

സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടിയുടെ പരാതി അന്വേഷിക്കുന്നത്. പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചതും.


Source link
Exit mobile version