കനേഡിയന്‍ പ്രധാനമന്ത്രിക്ക് നേരേയുള്ള ആഭ്യന്തരശീതയുദ്ധം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന അവസരത്തിലാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച രാജിവെച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി പാര്‍ട്ടിക്കുള്ളിലും പുറത്തും ട്രൂഡോ പാര്‍ട്ടിനേതാവായി തുടരുന്നതില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹം ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. ഇനി ഒട്ടും മുന്നോട്ടുപോകാന്‍ ആവാത്തനിലയില്‍ ഈ രാഷ്ട്രീയചതുരംഗക്കളിയിലെ ‘അരശി’ല്‍പ്പെട്ടതിനാലാണ് ട്രൂഡോ പൊടുന്നനെ നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പക്ഷേ, ഈ രാജിപ്രഖ്യാപനത്തിലൂടെ പെട്ടെന്ന് ഭരണരംഗത്ത് ഒരു മാറ്റവുമുണ്ടാകുന്നില്ല എന്നത് രസകരവും ശ്രദ്ധേയവുമായ കാര്യമാണ്. ഇക്കഴിഞ്ഞ ദിവസമാണ് ട്രൂഡോ, ഗവര്‍ണര്‍ ജനറലായ മേരി സൈമണെ സന്ദര്‍ശിച്ച്, താന്‍ പാര്‍ട്ടിനേതൃസ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയും പാര്‍ലമെന്റിന്റെ ഒഴിവുനീട്ടലിനായി (prorogation) അഭ്യര്‍ഥന നടത്തുകയും ചെയ്തത്. അത് തത്ത്വത്തില്‍ നേടിയെടുത്തതിനുശേഷമാണ് ട്രൂഡോ രാജിപ്രസ്താവന നടത്തിയത് എന്നുള്ളതാണ് ഇതിലെ തന്ത്രപ്രധാനമായ നീക്കം. ഇതുമൂലം ഈ ജനുവരി 20-ന് കൂടേണ്ടിയിരുന്ന നിര്‍ണായകമായ നിയമനിര്‍മാണസഭാകാലം മാര്‍ച്ച് 24 വരെ ട്രൂഡോയ്ക്കും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കും ആശ്വാസകരമായ രീതിയില്‍ നീട്ടിക്കിട്ടി എന്നുള്ളത് ശ്രദ്ധേയമാണ്.
Source link