KERALAM

ബഹിരാകാശത്തെ വിത്തുകൾക്ക് ഇലകൾ വിരിഞ്ഞു ദൃശ്യം പങ്കുവെച്ച് ഐ.എസ്.ആർ.ഒ

തിരുവനന്തപുരം:സ്പെഡെക്സ് ദൗത്യത്തിനൊപ്പം പോയെം 4 പ്ളാറ്റ് ഫോമിൽ ഐ.എസ്.ആർ.ഒ. ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു. ഇന്നലെ എക്സ് പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. 5 മുതൽ 7 ദിവസം വരെ നീളുന്ന പരീക്ഷണത്തിലാണ് എട്ട് വിത്തുകൾ മുളപ്പിച്ചത്.

സ്പെഡെക്സ് വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ അഗ്രഭാഗം ഉപയോഗിച്ചാണ് പോയെം 4 എന്ന ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ ഉണ്ടാക്കിയത്.അതിൽ ഒരുക്കിയ പ്രത്യേക ക്യാബിനിലാണ് വിത്ത് മുളപ്പിച്ചത്. ബഹിരാകാശത്തെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ (മൈക്രോ ഗ്രാവിറ്റി) സസ്യങ്ങളുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപിച്ച് വെറും നാല് ദിവസത്തിനുള്ളിൽ തന്നെ പയർ വിത്തുകൾ മുളച്ചിരുന്നു.

ബഹിരാകാശത്ത് സസ്യങ്ങൾ എങ്ങനെ വളരുമെന്ന് മനസിലാക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാകും. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിലെ വിളവ് ഉത്പാദനം ഉൾപ്പെടെയുള്ള ഭാവി പരീക്ഷണങ്ങൾക്കും ഇത് നിർണായകമാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം.താപനില, മണ്ണിന്റെ ഈർപ്പം, ഓക്സിജൻ സാന്ദ്രത, കാർബൺ ഡൈ ഓക്‌സൈഡ് സാന്ദ്രത, ക്യാമറ ഇമേജിങ് ഉൾപ്പെടെയുള്ള ഘടകങ്ങൾ നിയന്ത്രിച്ചുകൊണ്ടായിരുന്നു പരീക്ഷണം.

ഡിസംബർ 30നാണ് ഇന്ത്യയുടെ ആദ്യ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്സ് വിക്ഷേപിച്ചത്.


Source link

Related Articles

Back to top button