തലശേരി: സി.പി.എം പ്രവർത്തകൻ റിജിത്ത് ശങ്കരനെ (26) വെട്ടിക്കൊന്ന കേസിൽ ഒൻപത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഏഴും എട്ടും പ്രതികൾ സഹോദരങ്ങളാണ്.
ഇരുപത് കൊല്ലത്തോളം മുമ്പുള്ള കേസിലാണ് തലശേരി അഡി. ജില്ല സെഷൻസ് മൂന്നാം കോടതി ജഡ്ജി റൂബി കെ.ജോസിന്റെ വിധി. പത്തു പ്രതികളിൽ മൂന്നാം പ്രതി ചുണ്ടയിലെ കൊത്തിലതാഴെ വീട്ടിൽ അജേഷ് വിചാരണക്കാലത്ത് വാഹനാപകടത്തിൽ മരിച്ചിരുന്നു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (57), കൊത്തിലതാഴെ വീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ സി.പി.രഞ്ജിത്ത് (44), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (52), പുതിയപുരയിൽ പി.പി.രാജേഷ് (46), വടക്കേവീട്ടിൽ ഹൗസിൽ വി.വി.ശ്രീകാന്ത് (47), സഹോദരൻ വി.വി.ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഹൗസിൽ ടി.വി.ഭാസ്‌കരൻ (67) എന്നിവർക്കാണ് ജീവപര്യന്തം.
സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്തിനെ 2005 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിനായിരുന്നു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവരോടൊപ്പം വീട്ടിലേക്ക് മടങ്ങവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിലെ പഞ്ചായത്ത് കിണറിന് സമീപത്ത് വച്ചാണ് ആക്രമിച്ചത്. സമീപത്തെ ക്ഷേത്രത്തിൽ ആർ.എസ്.എസ് ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം.
കൊലപാതകം, വധശ്രമം, അന്യായമായി സംഘംചേരൽ, സംഘം ചേർന്ന് ലഹളയുണ്ടാക്കൽ, തടഞ്ഞുവയ്‌ക്കൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്‌തതായി കോടതി കണ്ടെത്തി. ആദ്യത്തെ ആറു പ്രതികൾക്ക് ആയുധം കൈവശംവച്ച കുറ്റത്തിന് മൂന്ന് വർഷം കഠിന തടവും വിധിച്ചു. പിഴത്തുക റിജിത്തിന്റെ അവകാശികൾക്ക് നൽകണം.
അഡ്വ. ബി.പി.ശശീന്ദ്രൻ
സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. വളപട്ടണം സി.ഐ ആയിരുന്ന ടി.പി.പ്രേമരാജനാണ് കേസന്വേഷിച്ചത്. വിധികേൾക്കാൻ റിജിത്തിന്റെ അമ്മ ജാനകിയും സഹോദരി റീജയും പാർട്ടിപ്രവർത്തകരുമെത്തിയിരുന്നു.
നിർണ്ണായകമായി
സാക്ഷിമൊഴി, രക്തകറ
# റിജിത്തിന്റെ ഒപ്പമുണ്ടായിരുന്ന വെട്ടേറ്റ മൂന്നുപേരുടെ മൊഴികളാണ് നിർണ്ണായകമായത്.നേരിട്ടുള്ള സാക്ഷിമൊഴികൾ കേസിന് ബലം നൽകി.
# കൊലപ്പെടുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിയിരുന്നു. റിജിത്തിന്റെ രക്തക്കറ പ്രതികളുടെ വസ്ത്രത്തിൽ നിന്നു കണ്ടെടുത്തു
#രണ്ടാം പ്രതി ജയേഷിന്റെ ഒറ്റ കുത്താണ് മരണത്തിനിടയാക്കിയത്. മറ്റ് പ്രതികളുടെ സഹായത്തോടെയാണ് കുത്തിയത്. ഇത് പ്രോസിക്യൂഷന് സ്ഥാപിക്കാൻ കഴിഞ്ഞു
വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചത്.ഒരു രാഷ്ട്രീയ പാർട്ടിയും കൊലക്കത്തി എടുക്കാനും കൊല ചെയ്യാനും പാടില്ല,എല്ലാ രാഷ്ട്രീയക്കാർക്കും ഇതൊരു പാഠമാകണം
-ജാനകി
റിജിത്തിന്റെ അമ്മ
മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ സന്തോഷം
-ബി.പി.ശശീന്ദ്രൻ,
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ
Source link