ഗുരുദർശനത്തിന്റെ അന്തർധാര സനാതന ധർമ്മം: തുഷാർ
കോട്ടയം : ഗുരുദർശനത്തിന്റെ അന്തർധാര സനാതന ധർമ്മം തന്നെയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയുടെയും സമഭാവനയുടെയും സനാതന പാരമ്പര്യത്തെ ജനകീയമാക്കാനാണ് ഗുരുദേവനടക്കമുള്ള ഗുരുപരമ്പരകൾ ശ്രമിച്ചത്. സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നവരാണ് ഗുരുദേവനെ ഹിന്ദുവിരോധിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. 1102 മേടം 26 ന് പള്ളാത്തുരുത്തിയിൽ കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ 24-ാമത് വാർഷിക യോഗത്തിൽ ഗുരു സനാതന ധർമ്മത്തെ ഉയർത്തിക്കാട്ടി. സനാതന ധർമ്മത്തിന്റെ ആവിഷ്‌കാരമാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവന്റെ മഹദ്‌വചനം. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണ ഗുരുവിന് സനാതന ധർമ്മവുമായി ഒരു ബന്ധവുമില്ലെന്നാണ് ചിലർ പറയുന്നത്. ഹിന്ദു മതത്തിലെ ദേവി – ദേവന്മാരെ പ്രകീർത്തിച്ച് മുപ്പതിലേറെ കീർത്തനങ്ങളാണ് മഹാഗുരു രചിച്ചത്. ‘പലമതസാരവുമേകം” എന്ന് ഗുരു പഠിപ്പിച്ചത് സനാതനധർമ്മത്തിലെ അടിസ്ഥാനതത്വങ്ങളിലൂന്നിയാണ്. സങ്കുചിത താത്പര്യങ്ങൾ മൂലം സനാതനധർമ്മത്തെക്കുറിച്ച് വികലമായ ധാരണകൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർമാരായ പി.ടി.മന്മഥൻ, പി.എസ്.എൻ.ബാബു, സി.എം.ബാബു, സന്ദീപ് പച്ചയിൽ, കോട്ടയം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഭാരവാഹികളായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, സുരേഷ് പരമേശ്വരൻ, വി.ശശികുമാർ എന്നിവർ സംസാരിച്ചു.
Source link