കേരളകൗമുദി വാർത്തകൾക്ക് സാമൂഹിക പ്രസക്തി: മന്ത്രി അനിൽ
പ്രതിഭാപുരസ്കാരവും ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് അവാർഡും വിതരണം ചെയ്‌തു
തിരുവനന്തപുരം: രാജവാഴ്ചയിൽ നിന്നും ജനാധിപത്യ കേരളം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദിനപത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിഭാ പുരസ്കാരങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് അവാർഡുകളും സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും ദേശീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും നിസ്തുലമായ പങ്കുവഹിച്ച ദിനപത്രമാണ് കേരളകൗമുദി. ഇടതുപക്ഷത്തിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കുണ്ട്. സാമൂഹിക പ്രസക്തിയോടെ വാർത്തകൾ അവതരിപ്പിക്കുകയും ജനങ്ങളെ സജീവമാക്കേണ്ട സാമൂഹിക വിഷയങ്ങളിൽ നിർണായകമായ അഭിപ്രായം ഭയലേശമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. വാർഷികാഘോഷ വേളയിൽ വിവിധ മേഖലയിലെ വ്യക്തിത്വങ്ങളെയും തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധികളെയും ആദരിക്കുന്നത് മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,നെടുമങ്ങാട് നഗരസഭ കൗൺസിലർ എസ്.ഷമീർ പത്താംകല്ല് എന്നിവർ ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് അവാർഡും എൻ.ഐ.ടി.വി.ഇ ഡയറക്ടർ എൻ.കൃഷ്ണൻ,വിതുര ചായം ഭദ്രകാളി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. വിജയൻ നായർ, നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ, ചന്ദ്രോദയം ബിൽഡേഴ്‌സ് എം.ഡി എസ്.ജയചന്ദ്രൻ, അലുക്കോ റോക്കിംഗ് സിസ്റ്റം എം.ഡി രാജേന്ദ്രൻ അലുകോ, എസ്.ജി സ്‌പെഷ്യൽ സ്കൂൾ മാനേജർ എസ്.ചന്ദ്രൻ, ആറ്റിങ്ങൽ കരാട്ടെ ഫൗണ്ടർ ആൻഡ് ഹെഡ് കോച്ച് വി. സമ്പത്ത്, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാരായ മഹേഷ് എം.ടി, അഡ്വ. അശ്വതി മഹേഷ്, സൈബർ ഡയൽ എം.ഡി ഹരിദാസ്, സാമൂഹ്യ പ്രവർത്തകൻ അലക്സ് ജെയിംസ് എന്നിവർ പ്രതിഭാ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.
സ്റ്റാച്യു മൗര്യ രാജധാനിയിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ അദ്ധ്യക്ഷനായി. ചീഫ് മാനേജർ എസ്.വിമൽകുമാർ സന്നിഹിതനായി. ജനറൽ മാനേജർ അയ്യപ്പദാസ്.എ.ജി സ്വാഗതവും, നെടുമങ്ങാട് ലേഖകൻ എസ്.ടി. ബിജു നന്ദിയും പറഞ്ഞു.
Source link