KERALAM

പുഷ്‌പ 2 പ്രദർശനത്തിനിടെയുണ്ടായ അപകടം; ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിരക്കിൽപെട്ട് ഗുരുതരമായി പരിക്കേറ്റ ഒൻപതുവയസുകാരൻ ശ്രീതേജയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് നടൻ ശ്രീതേജയെ സന്ദർശിച്ചത്. നടന്റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു.

ഡിസംബ‌ർ നാലാം തീയതി ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു അപകടം നടന്നത്. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി എത്തിയതോടെ ജനം തള്ളിക്കയറുകയായിരുന്നു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചു. കുട്ടിയുടെ മുഴുവൻ ചികിത്സാച്ചെലവും വഹിക്കുമെന്ന് അല്ലു അർജുൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീതേജ് അല്ലു അർജ്ജുന്റെ കടുത്ത ആരാധകനാണ്. പുഷ്പയിലെ അല്ലു അർജ്ജുന്റെ ‘ഫയർ ആക്ഷൻ’ ഡാൻസ് കളിക്കുന്ന ശ്രീതേജിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ദിലീപ് രാജുവിനൊപ്പമാണ് അല്ലു അർജുൻ ആശുപത്രിയിലെത്തിയത്. സന്ദർശനം രഹസ്യമാക്കണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തി നോട്ടീസ് അയയ്ക്കുകയും ചെയ്തു. അല്ലു അർജുൻ ആശുപത്രിയിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അല്ലു നേരത്തെ കുട്ടിയെ സന്ദർശിക്കാത്തതിന് വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി നടന്റെ പിതാവ് രംഗത്തെത്തിയിരുന്നു. അപകടം നടന്നതിന് പിറ്റേദിവസം തന്നെ കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം സന്ദർശനം ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം.


Source link

Related Articles

Back to top button