KERALAM

അറസ്റ്റ് ചെയ്തതിന് പിണറായി വിജയന് നന്ദി, സർക്കാരിന്റെ ലക്ഷ്യം നടന്നില്ലെന്ന് പി വി അൻവർ

മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സർക്കാരിന്റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎൽഎ. കോടതിയുടെ ഇടപെടൽ കാരണം സർക്കാരിന്റെ ഗൂഢലക്ഷ്യം നടന്നില്ല. അറസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്നും എംഎൽഎ പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയിൽ അനുഭവം അത്ര നല്ലതല്ലായിരുന്നു. ഒരു ദിവസത്തിനുള്ളിൽ ജയിലിൽ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. പിണറായി വിജയനെതിരെ ഇത്രയും വ്യക്തമായി പറയുമ്പോൾ ഒതുക്കുകയല്ലാതെ പറഞ്ഞ കാര്യത്തിൽ നടപടിയുണ്ടാകുന്നില്ല. ഇല്ലായ്‌മ ചെയ്യുമെന്ന് പണ്ടേ കരുതിയതാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റ് നടന്നത്. എന്നാലത് പൊളിഞ്ഞുപോയി. ജുഡീഷ്യറിയുടെ ഇടപെടൽ കൊണ്ട് അത് നടന്നില്ല.

പിണറായിസം അവസാനിപ്പിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. ഈ ദുർഭരണത്തെ താഴെയിറക്കണം. അതിന് യുഡിഎഫുമായും അതിനായി സഹകരിക്കുന്ന ജനാധിപത്യ മതേതരത്വ ശക്തികളുമായും യോജിച്ചുള്ള പോരാട്ടത്തിൽ അതിന്റെ പോരാളിയായി ഞാൻ ഒപ്പമുണ്ടാവും. ഈ അറസ്റ്റുകൊണ്ട് പിണറായിക്ക് എന്താണ് നേടാനായത്. ഞാൻ സന്തോഷവാനാണ്. പിണറായിയോട് നന്ദിയുമുണ്ട്. കാരണം ഈ വിഷയം ഇത്രയും കത്തി ജ്വലിച്ചത് അതുകൊണ്ടാണ്’- പി വി അൻവർ പറഞ്ഞു.

നിലമ്പൂ‌ർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെ ഇന്നലെ രാത്രി 8.30നാണ് പി വി അൻവർ ജയിൽ മോചിതനായത്. ഞായറാഴ്ച രാത്രി 9.38നാണ് അൻവറിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു.

അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. 50,000 രൂപയുടെ ആൾജാമ്യത്തിലും പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയിലുമാണ് ജാമ്യം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം. തെളിവുകൾ നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുത്. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശമുണ്ട്.


Source link

Related Articles

Back to top button