‘യുഡിഎഫിനൊപ്പം, മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ’; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പി വി അൻവർ
മലപ്പുറം: ജനകീയ വിഷയങ്ങളിൽ യുഡിഎഫിനൊപ്പമെന്ന് പി വി അൻവർ എംഎൽഎ. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ. മലയോര മേഖലയുടെ പ്രശ്‌നങ്ങൾ യുഡിഎഫ് ഏറ്റെടുക്കണമെന്നും പി വി അൻവർ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു.
സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്നും പി വി അൻവർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു.
‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.
മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അതിനാലാണ് ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായി മാറും. ഇത് അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ്. ഈ നിയമത്തിനെതിരെ ശക്തമായ സമരം നടത്തും. ഇത് മൂടിവയ്ക്കപ്പെട്ട ഭേദഗതിയാണ്. വനം മന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ടാണ്. മന്ത്രിയെ മാറ്റിയാൽ വന ഭേദഗതി നിയമം പാസാക്കാനാകില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാത്തത്’ -പി വി അൻവർ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി വി അൻവർ പാണക്കാട് സാദിഖലി തങ്ങളെ കാണും.
Source link