KERALAM

ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒമ്പത് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം 

കണ്ണൂർ: കണ്ണപുരത്തെ ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ (26) വധിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (57), കൊത്തിലതാഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ സി.പി.രഞ്ജിത്ത്‌ (44), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (52), പുതിയപുരയിൽ പി.പി.രാജേഷ്‌ (46), വടക്കേവീട്ടിൽ ഹൗസിൽ വി.വി.ശ്രീകാന്ത്‌ (47), സഹോദരൻ വി.വി.ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ ഹൗസിൽ ടി.വി.ഭാസ്‌കരൻ (67) എന്നിവരെയാണ്‌ കേസിൽ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌.

പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും ഈ വിധിയിൽ ആശ്വാസമുണ്ടെന്നും റിജിത്തിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും കൊലക്കത്തി എടുക്കരുതെന്നും ഈ വിധി മറ്റുള്ളവർക്ക് പാഠമാണെന്നും അമ്മ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ (147), തടഞ്ഞുവയ്‌ക്കൽ (341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്തിനെ 2005 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിനായിരുന്നു കൊലപ്പെടുത്തിയത്. ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പഞ്ചായത്ത് കിണറിന് സമീപത്തു വച്ച് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.


Source link

Related Articles

Back to top button