KERALAM

‘തുടർച്ചയായി അശ്ളീല അധിക്ഷേപങ്ങൾ’; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെൻട്രൽ പൊലീസിന് നടി പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’,- ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.

​​​ നേരത്തെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ഹണി റോസ് മുൻപ് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. ആ വ്യക്തി പിന്നീട് ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുന്നുവെന്നും ഹണി റോസ് ആരോപിച്ചിരുന്നു.


Source link

Related Articles

Back to top button