ശബരിമലയില്‍ മദ്യ വില്‍പ്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശാസ്താ ഹോട്ടലിലെ ജീവനക്കാരനായ ബിജു (51) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ബിജു. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ബിജു ഓച്ചിറ മേമനയ്ക്കടുത്ത് നാടലയ്ക്കല്‍ വടക്കതില്‍ എന്ന വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്ന് വൈകുന്നേരം ജോലി ചെയ്യുന്ന ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് പൊലീസ് ഇയാളെ തൊണ്ടി സഹിതം പിടികൂടിയത്.

പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനവും പ്രദേശങ്ങളും. ഇവിടേക്ക് ഭക്തരെ കര്‍ശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാല്‍ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നീക്കം.

കഴിഞ്ഞയാഴ്ചയാണ് ശബരിമലയില്‍ തൂക്കത്തില്‍ തട്ടിപ്പ് കാണിച്ച് സാധനം വില്‍ക്കുന്ന കുറ്റത്തിന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങള്‍ നല്‍കുക, അമിതനിരക്ക് ഈടാക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളില്‍ കണ്ടെത്തി ലീഗല്‍ മെട്രോളജി വകുപ്പ് 181കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 10.87 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.


Source link
Exit mobile version