KERALAM

മകരവിളക്ക്  മഹോത്സവം; ശബരിമലയിൽ സ്‌പോട്ട്  ബുക്കിംഗ്  കൗണ്ടറുകളുടെ  എണ്ണം  വർദ്ധിപ്പിക്കും

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണ് ഉള്ളത്. അവ പത്താക്കി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം.

ഡിസംബർ മുപ്പതിന് വെെകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 12നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക. 20ന് നട അടയ്ക്കും. കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ ശബരിമലയിൽ മണ്ഡലകാല സീസൺ പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ.

ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് കഴിഞ്ഞ ദിവസമാണ് പരിസമാപ്തിയായത്. ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു മണ്ഡലപൂജ. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.കൃഷ്ണകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, എ.ഡി.എം അരുൺ.എസ്.നായർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു.

നടയടച്ചതോടെ വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃഷ്ണകുമാർ കെ അറിയിച്ചിരുന്നു.


Source link

Related Articles

Check Also
Close
Back to top button