മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്നു
ശബരിമല: ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്ക് ഉത്സവത്തിനായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്‌നി പകർന്നു. ഇതിനുശേഷം ഇരുമുടിക്കെട്ടുമായി കാത്തുനിന്ന തീർത്ഥാടകർ പതിനെട്ടാംപടി കയറി.
മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ ബി. മുരാരിബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്നുമുതൽ പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11വരെയും നട തുറന്നിരിക്കും.
മകരസംക്രമ പൂജകൾക്ക് മുന്നോടിയായി സന്നിധാനത്ത് 12ന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകളും 13ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 14നാണ് മകരവിളക്ക്. അന്ന് വെെകിട്ട് 5നാണ് നടതുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 14 മുതൽ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നെള്ളത്തും 15മുതൽ സന്നിധാനത്ത് പടിപൂജയും ആരംഭിക്കും. 18വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള അവസരം. 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി നട അടയ്ക്കും. രാജപ്രതിനിധി പതിനെട്ടാം പടി ഇറങ്ങി തിരുവാഭരണ പേടകങ്ങൾക്കൊപ്പം മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും.
Source link