ഗ്രീൻ ഹൈഡ്രജൻ, അമോണിയ കമ്പനികളുമായി നിക്ഷേപത്തിന് ചർച്ച
പി രാജീവ് (സി.പി.എം)
തിരുവനന്തപുരം: ഗ്രീൻ ഹൈഡ്രജൻ,അമോണിയ ഉത്പാദക കമ്പനികളുമായി കേരളത്തിൽ നിക്ഷേപത്തിന് ചർച്ച നടക്കുന്നതായി മന്ത്രി പി. രാജീവ്. ഇവയ്ക്ക് സംഭരണിക്ക് അടക്കം വൻതോതിൽ ഭൂമിയേറ്റെടുക്കും. കൊച്ചി തുറമുഖത്തിനടത്തും തിരുവനന്തപുരത്തും ഇതിനായി ഭൂമി കണ്ടെത്തി. ലോജിസ്റ്റിക്സ് നയം,കയറ്റുമതി നയം എന്നിവ ഉടൻ പ്രഖ്യാപിക്കും. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് കൊല്ലം വരെ നീളുന്ന വ്യവസായ ഇടനാഴി പദ്ധതി കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ തലസ്ഥാന വികസനത്തിനുള്ള മാസ്റ്റർപ്ലാനും തയ്യാറായി. ഇലക്ട്രോണിക്സ്,മെഡിക്കൽ,ഫാർമസി,ലോജിസ്റ്റിക്സ് പാർക്കുകൾക്കുള്ള മാസ്റ്റർപ്ലാനായിട്ടുണ്ട്. വ്യവസായ ഇടനാഴിക്ക് ഭൂമിയേറ്റെടുക്കാനും കിഫ്ബിയുടെ അനുമതിയായി.
വിഴിഞ്ഞം ഇടനാഴിയിൽ പരമാവധി വ്യവസായങ്ങൾ കൊണ്ടുവരും. മൂന്നര വർഷം കൊണ്ട് 43,000കോടി നിക്ഷേപം വന്നതായും വിഴിഞ്ഞം കോൺക്ലേവിലും വൻതോതിൽ നിക്ഷേപം വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്,കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ,എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ,തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link