ബന്ദിമോചനം: 34 പേരുടെ പട്ടിക കൈമാറി ഹമാസ്, ഇവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ ?
ജറുസലേം: ഇസ്രയേലുമായി വൈകാതെ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്ന കരാറിന്റെ ഭാഗമായി 34 ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇവരുടെ പട്ടിക ഹമാസ് കൈമാറി. എന്നാല്‍, ഇവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന വിവരം ഹമാസ് നല്‍കിയിട്ടില്ലെന്ന് ഇസ്രയേല്‍ തിങ്കളാഴ്ച പറഞ്ഞു. 2024 ജൂലായില്‍ മധ്യസ്ഥര്‍വഴി ഇസ്രയേല്‍ കൈമാറിയതാണ് 34 ബന്ദികളുടെ പട്ടികയെന്നും ഹമാസ് ഉണ്ടാക്കിയതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു.ഇസ്രയേല്‍ നല്‍കിയ പട്ടികയിലെ 34 പേരെയും ബന്ദിമോചനക്കരാറിന്റെ ആദ്യഘട്ടമായി വിട്ടയക്കാന്‍ തീരുമാനിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോട് ഹമാസ് പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയുമാകും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുക. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് 251 പേരെയാണ് ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോയത്. ഇതില്‍ 80 പേരെ 2023 നവംബറിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ക്കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.
Source link