ആരാണ് സൂപ്പര്‍താരം?
ആരാണ് സൂപ്പര്‍താരം? എങ്ങനെയാണ് ഒരു സൂപ്പര്‍താരത്തെ നിര്‍വചിക്കുക ? ഒരാള്‍ സൂപ്പര്‍താരമായി എന്ന് ഉറപ്പിക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാം? സാധാരണഗതിയില്‍ ഒരു പ്രത്യേക നടന്റെ സാന്നിധ്യം കൊണ്ട് മാത്രം വലിയ വിഭാഗം ആളുകള്‍ തിയറ്ററുകളില്‍ വരുകയും അങ്ങനെ അയാളുടെ പടത്തിന് സ്ഥിരമായി നിശ്ചിതശതമാനം ഇനീഷ്യൽ കലക്‌ഷൻ ലഭ്യമാകുകയും സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും നടന്റെ താരപ്രഭാവത്തില്‍ പടത്തിന് വലിയ തോതിലുളള കലക്‌ഷൻ ലഭിക്കുകയും നല്ല അഭിപ്രായമുളള സിനിമകളില്‍ ഇതര താരങ്ങളില്‍ നിന്ന് വിഭിന്നമായി ഭീമമായ കലക്‌ഷൻ ലഭ്യമാക്കുകയും ഒക്കെ ചെയ്യുന്നത്ര താരപ്രഭാവമുളളവരെയാണ് ഈ ഗണത്തില്‍ പെടുത്തുക. ഇവരുടെ പടങ്ങള്‍ക്ക് സാറ്റലൈറ്റ്-ഒ.ടി.ടി പരിഗണനയിലും ഓവര്‍സീസ്-ഡബ്ബിങ് റൈറ്റസ് അടക്കമുളള ഇതര ബിസിനസുകളിലും വളരെ ഉയര്‍ന്ന വിലയ്ക്ക് വിറ്റു പോകുന്നു. അതിന് കാരണമായി പറയപ്പെടുന്നത് ഇത്തരം താരങ്ങളുടെ സിനിമകള്‍ എത്ര മോശമാണെങ്കില്‍ പോലും അത് കാണാന്‍ ഗണ്യമായ വിഭാഗം പ്രേക്ഷകര്‍ ഉണ്ടെന്നതാണ്. അങ്ങനെ സിനിമയ്ക്ക് മുകളില്‍ താരം വളരുന്നതോടെയാണ് സൂപ്പര്‍സ്റ്റാര്‍ഡം എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
ഹീറോയിസം പരമാവധി ബൂസ്റ്റ് ചെയ്യപ്പെടുന്ന ആക്ഷന്‍ ഓറിയന്റഡ് മാസ് മസാലപടങ്ങളിലൂടെയാണ് കാലാകാലങ്ങളില്‍ ശരാശരി നടന്‍മാര്‍ പോലും സൂപ്പര്‍താരങ്ങളായി വളര്‍ന്നിട്ടുളളത്. അക്ഷയ്കുമാറും ചിരഞ്ജീവിയും അല്ലു അര്‍ജുനും രജനീകാന്തും എം.ജി.ആറുമൊന്നും അപാരമായ അഭിയശേഷിയുളളവരോ ഔട്ട്‌സ്റ്റാന്‍ഡിങ് എന്ന് വിശേഷിപ്പിക്കാവുന്നവരോ അല്ല. മറിച്ച് അഭിനയകലയുടെ കൊടുമുടികള്‍ കയറിയ കമലഹാസനും മറ്റും നില്‍ക്കെ രജനികാന്തും അജിത്തും വിജയിയും അടക്കമുളള സാധാരണ നടന്‍മാര്‍ സൂപ്പര്‍താര സിംഹാസനത്തില്‍ അവരോധിതരായി. വിജയ്‌യുടെ പടങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശമാര്‍ക്കറ്റുകളില്‍ പോലും ഉയര്‍ന്ന സ്വീകാര്യതയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. രജനിചിത്രങ്ങള്‍ക്ക് ജപ്പാനിലും ചൈനയിലുമെല്ലാം ബിസിനസുണ്ട്.
താരപദവിയും നടന്റെ അഭിനയശേഷിയും തമ്മില്‍ പുലബന്ധം പോലുമില്ല. എന്നാല്‍ ഒരേ സമയം മികച്ച നടനും സൂപ്പര്‍താരവുമായിരിക്കുക എന്ന അപൂര്‍വതയ്ക്ക് ഉത്തമോദാഹരണമാണ് മമ്മൂട്ടിയും മോഹന്‍ലാലും.മലയാളത്തില്‍ മറ്റൊരു താരത്തിനും ചിന്തിക്കാനാവാത്ത ബിസിനസുളള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഇതര താരങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതിന്റെ കാരണം പരിശോധിക്കാം. പുലിമുരുകന്‍ എന്ന സിനിമ അതിന്റെ തിരക്കഥയുടെ ഘടന പരിശോധിച്ചാല്‍ ശരാശരി നിലവാരം മാത്രമുളള സിനിമയാണ്. എന്നാല്‍ മോഹന്‍ലാല്‍ എന്ന വലിയ താരം പുലിമുരുകനായി വരികയും വൈശാഖ് എന്ന സംവിധായകന്റെ കിടിലം മേക്കിംഗും കൂടി ചേര്‍ന്നതോടെ 150 കോടി രൂപയില്‍ പരം വിവിധ വിപണികളില്‍ നിന്നും സ്വന്തമാക്കി.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പടം 100 കോടി ക്ലബ്ബും കടന്ന് ഇത്ര ഭീമമായ കളക്ഷന്‍ നേടുന്നത്.ഇതേ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രമാകട്ടെ കലക്‌ഷനില്‍ പുലിമുരുകന്റെ മുകളില്‍ പോയി. ഈ രണ്ട് പടങ്ങളിലും മേക്കിങ് നന്നായിരുന്നുവെങ്കിലും പ്രമേയപരമായി നൂറുശതമാനം പുതുമയൊന്നുമുണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ ഹീറോയിസം ഉയര്‍ത്തിപ്പിടിച്ച് ആളുകള്‍ക്ക് രസിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ മാസ് മസാല ചിത്രങ്ങള്‍ മാത്രമായിരുന്നു രണ്ടും. മണിച്ചിത്രത്താഴ് പോലെ മൗലികമായ ക്ലാസിക് സ്വഭാവമുളള സിനിമകള്‍ക്ക് പോലും സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയാത്തിടത്ത് മാസ് പടങ്ങള്‍ അനായാസം ഇത് സാധിച്ചെടുക്കുന്നു. ഹീറോയിസത്തോടുളള മനുഷ്യമനസിന്റെ ആരാധനാഭാവമാണ് ഇവിടെ സമർഥമായി കൈകാര്യം ചെയ്യപ്പെടുന്നത്.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സൂപ്പര്‍സ്റ്റാര്‍ഡം : അന്നും ഇന്നും…
മലയാളത്തില്‍ ആദ്യമായി സൂപ്പര്‍സ്റ്റാര്‍ എന്ന പദം ഉപയോഗിച്ചത് ആരെന്ന് വ്യക്തമല്ല. മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വിശേഷണം ഉയര്‍ന്നുവന്നതെന്നത്. 80 കളിലാണ് ഈ പദപ്രയോഗത്തിന് പ്രചുരപ്രചാരം ലഭിക്കുന്നത്. അതിന് മുന്‍പ് വിവിധ കാലഘട്ടങ്ങളിലായി ഇവിടെ സൂപ്പര്‍താരങ്ങളുണ്ടായിരുന്നു. അഭിനയിച്ച സിനിമകളില്‍ ഭൂരിപക്ഷവും ഹിറ്റുകളാക്കിയ, ഏറ്റവുമധികം പടങ്ങളില്‍ നായകനായി വന്ന് ലോക റെക്കാര്‍ഡിട്ട പ്രേംനസീറിനെ എന്തുകൊണ്ട് സൂപ്പര്‍താരം എന്ന് വിശേഷിപ്പിക്കുന്നില്ല എന്നതിനും ഉത്തരമുണ്ട്. നസീര്‍ സിനിമകള്‍ക്ക് പലപ്പോഴും മിനിമം ഗ്യാരണ്ടിയുണ്ടായിരുന്നെങ്കിലും നസീറിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഇതര താരങ്ങളില്‍ നിന്ന് വിഭിന്നമായി സിനിമകള്‍ക്ക് അസാധാരണമായ കലക്‌ഷന്‍ ലഭിച്ച ചരിത്രമില്ല. അതിലുപരി ആക്‌ഷന്‍ സ്വഭാവമുളള പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലുടെ ഹീറോയിസം പ്രൊജക്ട് ചെയ്യുന്ന പടങ്ങള്‍ ചെയ്യാന്‍ നസീര്‍ എന്ന ചോക്ലേറ്റ് നായകന് കഴിഞ്ഞതുമില്ല.
കാഴ്ചയില്‍ പൗരുഷം തോന്നുന്ന ഭാവഹാവാദികളുണ്ടെന്ന് പറയപ്പെടുന്ന, അഭിനയചക്രവര്‍ത്തിയെന്ന് പരസ്യമായി വിശേഷിപ്പിക്കപ്പെടുന്ന, അഭിനയചാതുര്യത്തില്‍ നസീറിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സത്യനും സൂപ്പര്‍താരമായില്ല. അദ്ദേഹം അഭിനയിച്ചു എന്നതിന്റെ പേരില്‍ മാത്രം ജനലക്ഷങ്ങള്‍ തിയറ്ററില്‍ തളളിക്കയറുകയോ പടങ്ങള്‍ ആവര്‍ത്തിച്ച് കാണുകയോ അങ്ങനെ കലക്‌ഷനില്‍ വന്‍മുന്നേറ്റം സൃഷ്ടിക്കുകയോ ചെയ്യുന്ന പതിവുണ്ടായിട്ടില്ല. ഇവരില്‍ പലരുടെയും സിനിമകള്‍ വന്‍വിജയം നേടിയത് സിനിമകളുടെ മികവ് കൊണ്ടായിരുന്നു. നടന്റെ പോപ്പുലാരിറ്റി അതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടാവാമെന്ന് മാത്രം. നസീറിനും സത്യനും ശേഷം മധുവും സോമനും സുകുമാരനും വിന്‍സന്റും രവികുമാറും രാഘവനുമെല്ലാം നായകന്‍മാരായി വന്നപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.
ഈ പൊതുധാരയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഒരു വലിയ മുന്നേറ്റം പിന്നീട് നാം കാണുന്നത് ജയന്റെ കാലത്താണ്. അങ്ങാടി അടക്കമുളള സിനിമകള്‍ 100 ലധികം ദിവസങ്ങള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുകയും വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ജയന്റെ മുന്‍കാലസിനിമകള്‍ക്കൊന്നും ലഭിക്കാത്ത ഹൈപ്പും കയ്യടിയും അങ്ങാടിക്ക് ലഭിച്ചു. അതുവരെ ഇതരനായകന്‍മാരെ പോലെ തന്നെ സിനിമകളുടെ മികവില്‍ വിജയങ്ങള്‍ കൊയ്ത ജയന്‍ ഹീറോ ഓറിയന്റഡ് ആക്ഷന്‍ സിനിമകളിലുടെ മറ്റൊരു സിംഹാസനത്തിന് ഉടമയായി. അദ്ദേഹം ഡബിള്‍ റോളില്‍ അഭിനയിച്ച മനുഷ്യമൃഗവും അങ്ങാടിയും ചാകരയും മീനും ഒരേ വര്‍ഷമാണ് റിലീസ് ചെയ്തത്. മൂന്നും വന്‍ഹിറ്റുകള്‍. ജയനെ നായകനാക്കി സ്‌ഫോടനം, തുഷാരം എന്നീ ബിഗ്ബജറ്റ് സിനിമകളുടെ ഷൂട്ട് തുടങ്ങാനുളള മുന്നൊരുക്കങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സംഭവിക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് അദ്ദേഹം എത്തിപ്പെടുമായിരുന്നു.
അക്കാലത്ത് അത്തരം പദസംജ്ഞകള്‍ ഇല്ലായിരുന്നതു കൊണ്ട് കൂടിയാവാം ജയന്‍ ആ തലത്തില്‍ വിശേഷിപ്പിക്കപ്പെടാതെ പോയത്. യഥാർഥത്തില്‍ മരിക്കുന്നതിന് തൊട്ടുമുന്‍പുളള വര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം അത്തരമൊരു പദവിയില്‍ എത്തിപ്പെട്ടിരുന്നു. അന്നും ഇന്നും ജയന്റെ ആരാധകവൃന്ദം നിലനില്‍ക്കുന്നു എന്നതും ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സംഭവമാണ്. കാരണം ജയനെ അക്കാലത്ത് ആരാധിച്ചിരുന്നവര്‍ ഇന്ന് സപ്തതി പിന്നിട്ടവരാകാം. അപ്പോള്‍ സമൂഹമാധ്യമങ്ങളിലുടെയും മറ്റും സിനിമകള്‍ കണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന യുവതലമുറയില്‍ പലരും ജയന്‍ മരിക്കുന്ന കാലത്ത് ജനിച്ചിട്ടു പോലുമില്ല എന്നതാണ് കൗതുകം.എന്നിട്ടും അദ്ദേഹം വിശേഷണങ്ങളില്ലാത്ത സൂപ്പര്‍സ്റ്റാര്‍/എവര്‍ഗ്രീന്‍ സ്റ്റാറായി തുടരുന്നു.
മമ്മൂട്ടിയും സുമലതയും ‘ന്യൂഡൽഹി’ സിനിമയിൽ
ആവനാഴിയിലുടെ മമ്മൂട്ടി, പിന്നീട് മോഹൻലാൽ
സാങ്കേതികമായി പറഞ്ഞാല്‍ രജനീകാന്തും ചിരഞ്ജീവിയുമെല്ലാം സൂപ്പര്‍സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹരായി നിലകൊളളുന്ന കാലത്ത് വാസ്തവത്തില്‍ മലയാളത്തിന്റെ സ്വന്തം എന്ന് പറയാവുന്ന ഒരു സൂപ്പര്‍താരം ഉണ്ടായിരുന്നില്ല. അഥവാ ആ തലത്തില്‍ വിശേഷിപ്പിക്കപ്പെട്ട താരം ഉണ്ടായില്ല. ഈ ദുരവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. സന്ധ്യയ്ക്ക് വിരിഞ്ഞ പുവ്, കൂടെവിടെ, കാണാമറയത്ത് എന്നീ ഹിറ്റുകളുടെ പിന്‍ബലത്തില്‍ നിന്ന മമ്മൂട്ടിയെ അതിരാത്രം, ആവനാഴി എന്നീ ആക്ഷന്‍ ഓറിയന്റഡ് മാസ് മസാലപ്പടങ്ങള്‍ ഹീറോയിസത്തിന്റെയും താരാധനയുടെയും ഉത്തുംഗസോപാനത്തിലെത്തിച്ചു. ഗർജിക്കുന്ന ക്ഷുഭിതനായ നായകന്‍, പൗരുഷം നിറഞ്ഞ രൂപഭാവഹാവാദികള്‍, ശബ്ദഗാംഭീര്യം..ഇതെല്ലാം മമ്മൂട്ടിക്ക് മുതല്‍ക്കൂട്ടായി. അതിരാത്രത്തിലെ നല്ലവനായ ഡോണും ആവനാഴിയിലെ പരുക്കനായ പോലീസ് ആഫീസറും അദ്ദേഹത്തിന് വലിയ കയ്യടികള്‍ക്കൊപ്പം കൂറ്റന്‍ ആരാധകവൃന്ദത്തെയും നേടിക്കൊടുത്തു. പിന്നീട് അങ്ങോട്ട് പൗരുഷം തുളുമ്പുന്ന കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടിയല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാതായി.
മോഹന്‍ലാലിനെ സൂപ്പര്‍താരപദവിയില്‍ അക്കാലത്ത് ആരും തന്നെ ചിന്തിച്ചിട്ടേയില്ല. ആദ്യകാലത്ത് ഒരു വശം ചരിഞ്ഞുളള നടത്തവും നേരിയ ഹാസ്യരസമുള്ള മാനറിസങ്ങളും മറ്റുമായി ഒരു നാണം കുണുങ്ങി ഇമേജില്‍ കുടുങ്ങി പോയ മോഹന്‍ലാലിന്റെ ഉളളിലെ കരുത്തുറ്റ നായകനെ ആദ്യമായി കണ്ടെത്തിയത് സംവിധായകന്‍ ശശികുമാറാണ്. അദ്ദേഹം തന്റെ പത്താമുദയം, ചാള്‍സ് ശോഭരാജ് എന്നീ പടങ്ങളില്‍ ലാലിനെ ആക്‌ഷന്‍ഹീറോയായി അവതരിപ്പിച്ചു. ഈ സിനിമകള്‍ സാമാന്യം നല്ല സാമ്പത്തിക വിജയം നേടുകയും ചെയ്‌തെങ്കിലും ഒരു സുപ്പര്‍താരത്തിന്റെ ലെവലിലേക്ക് സിനിമയുടെ കലക്‌ഷനോ ലാലിന്റെ ജനപ്രീതിയോ ഉയര്‍ന്നില്ല. ആക്‌ഷന്‍ഹീറോയായി ലാലിനും തിളങ്ങാന്‍ കഴിയുമെന്ന പ്രതീതി ജനിപ്പിച്ചുവെന്ന് മാത്രം. ചില ദൗത്യങ്ങള്‍ ഒരു നിമിത്തമെന്നോണം ചിലരിലുടെ സംഭവിക്കണമെന്ന് ഒരു വിശ്വാസമുണ്ട്. അതുപോലെ ശശികുമാറിന്റെ ശിഷ്യനായ തമ്പി കണ്ണന്താനത്തിനായിരുന്നു ആ നിയോഗം കാലം കാത്തുവച്ചിരുന്നത്. തമ്പി ആത്മസുഹൃത്തായ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന പടമാണ് രാജാവിന്റെ മകന്‍. എന്നാൽ എന്തു കൊണ്ടോ അതു നടന്നില്ല.
MOHANLAL
വളരെ സ്‌റ്റെലിഷായ ആക്‌ഷന്‍ഹീറോയെ മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ ശരിയാകുമോ എന്ന് തിരക്കഥാകൃത്തിന് പോലും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ലാലിന്റെ അടുത്ത സുഹൃത്തായ തമ്പിക്ക് അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. ആദ്യദിനത്തില്‍ ശൂന്യമായ സീറ്റുകള്‍ കണ്ട് തകര്‍ന്നു പോയ തമ്പി രണ്ടാം ദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് ചെയ്യുന്നത് കണ്ട് അമ്പരന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ജനനം സംഭവിക്കുകയായിരുന്നു. പടം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി എന്നതിനപ്പുറം താരാരാധനയുടെ ഗിരിഗൃംഗങ്ങളിലേക്ക് ഉയര്‍ന്നു മോഹന്‍ലാല്‍ എന്ന നടന്‍. പിന്നീടങ്ങോട്ടുളള ലാലിന്റെ യാത്ര സിനിമാ പ്രേമികള്‍ക്ക് ചിരപരിതം. മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്കായിരുന്നു ലാലിന്റെ വളര്‍ച്ച. ആദ്യത്തെ 50 കോടി, 100 കോടി, 150 കോടി, 200 കോടി ക്ലബ്ബ് സിനിമകളെല്ലാം ലാലിന്റെ ക്രഡിറ്റിലാണുളളത്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഏകലവ്യനിലൂടെ സുരേഷ് ഗോപി സൂപ്പര്‍താര പദവിയിലേക്ക്..
ഇന്നലെ, എന്റെ സൂര്യപുത്രിക്ക് അടക്കമുളള സിനിമകളില്‍ സോഫ്റ്റ് ഹീറോയായി വന്ന സുരേഷ് ഗോപിയെ ഒരു ക്ഷുഭിതനായകനായി ആ ഘട്ടത്തില്‍ ആരും കണ്ടിട്ടേയില്ല. സുരേഷിനെ വ്യക്തിപരമായി അടുത്തറിയുന്ന സുഹൃത്ത് കൂടിയായ ഷാജി കൈലാസാണ് തലസ്ഥാനം എന്ന സിനിമയിലുടെ അദ്ദേഹത്തെ ആ തലത്തില്‍ അവതരിപ്പിച്ച് പരീക്ഷണം നടത്തിയത്. തലസ്ഥാനം ഹിറ്റായെങ്കിലും ആദ്യന്തം നായകന്‍ നിറഞ്ഞു നില്‍ക്കുന്ന ഏകലവ്യന്‍ എന്ന മെഗാപ്രൊജക്ട് വരികയും കെ.ടി.സി പോലെ ഒരു വമ്പന്‍ ബാനര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ അതില്‍ സുരേഷ്‌ഗോപിയെ പരീക്ഷിക്കാന്‍ ഷാജിക്ക് ധൈര്യം വന്നില്ല. മമ്മൂട്ടിയെയാണ് നായകവേഷത്തിലേക്ക് പരിഗണിച്ചത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാതെ വന്നപ്പോള്‍ അവസരം സുരേഷിലേക്ക് തന്നെ എത്തിപ്പെട്ടു. അന്നേവരെ ആരും ചെയ്യാത്ത തരത്തില്‍ പോലീസ് വേഷത്തിന് ഒരു പുതിയ വ്യാഖ്യാനം തന്നെ നല്‍കി സുരേഷ്‌ഗോപി. അവിശ്വസനീയമായ കലക്‌ഷനാണ് ആ സിനിമ നേടിയെടുത്തത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുളള സുരേഷിന്റെ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നാലെ വന്ന കമ്മീഷണര്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ സൂരേഷ്‌ഗോപി എന്ന മറ്റൊരു സൂപ്പര്‍താരം കൂടി സംഭവിച്ചു.
സുരേഷ് ഗോപി
ജയറാം എന്തുകൊണ്ട് സൂപ്പര്‍താരമായില്ല?
സൂപ്പര്‍താരപദവിയിലേക്ക് മാസ് ആക്ഷന്‍ പടങ്ങളല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് തിരിച്ചറിഞ്ഞ നടന്‍ ജയറാമും തന്റെ സമകാലികരുടെ പാത പിന്‍പറ്റി മറുപുറം പോലുളള പടങ്ങളിലൂടെ അതിനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ജയറാമിനെ ആ തലത്തില്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല. പിന്നീട് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന മേജര്‍ ഹിറ്റിലുടെ ജയറാം വലിയ താരമായി ഉയര്‍ന്നു. അക്കാലത്ത് മിനിമം ഗ്യാരണ്ടിയുളള നടന്‍ എന്ന നിലയില്‍ ജയറാം ചിത്രങ്ങള്‍ക്ക് തീയറ്റര്‍ ഉടമകള്‍ക്കിടയിലും ടിവി ചാനലുകളിലും വലിയ സ്വീകാര്യതയുണ്ടായി. എന്നാല്‍ ഒരു ഘട്ടത്തിലും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തെ തേടിയെത്തിയില്ല. കുടുംബസദസുകളൂടെ പ്രിയങ്കരന്‍ എന്നതിനപ്പുറം ഒരു മാസ് ഹീറോ എന്ന നിലയിലേക്ക് ഉയരാന്‍ പര്യാപ്തമായ കഥാപാത്രങ്ങളിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും തയ്യാറായില്ല എന്നതാവാം കാരണം.
ജയറാം
സൂപ്പര്‍സ്റ്റാറായില്ലെങ്കിലും സൂപ്പറാണ് മുകേഷ്
കാഴ്ചയില്‍ സുന്ദരനായ മുകേഷ് നല്ല പേഴ്‌സനാലിറ്റിയുളള നടനാണ്. അഭിനയത്തില്‍ ഹ്യൂമര്‍ അടക്കം തനത് ശൈലിയില്‍ അവതരിപ്പിക്കാനുളള സവിശേഷമായ കഴിവുമുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളായ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ നായകനും മുകേഷാണ്. അദ്ദേഹം നായകതുല്യവേഷത്തിലെത്തിയ റാംജിറാവു സ്പീക്കിങ് കലക്‌ഷനില്‍ ചരിത്രം സൃഷ്ടിച്ചതിന് പുറമെ വാണിജ്യ സിനിമയുടെ സമീപനങ്ങള്‍ക്ക് മാറ്റം സൃഷ്ടിച്ച സിനിമയാണ്. മലപ്പുറം ഹാജി, കൗതുകവാര്‍ത്തകള്‍..അങ്ങനെ എത്രയോ ഹിറ്റുകള്‍ മുകേഷിന്റെ കരിയറിലുണ്ടായി. എന്നിട്ടും ഒരു ഘട്ടത്തിലും സൂപ്പര്‍താരം എന്ന വിശേഷണം ഉണ്ടായില്ലെന്ന് മാത്രമല്ല ആ തലത്തില്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ ചലച്ചിത്രവ്യവസായവും തയ്യാറായില്ല. അതിന്റെ കാരണം ലളിതമാണ്. ഒരു മാസ് ആക്ഷന്‍ത്രില്ലര്‍ സിനിമകളില്‍ പരീക്ഷിക്കാന്‍ പറ്റിയതായിരുന്നില്ല മുകേഷിന്റെ ബോഡി ലാംഗ്വേജും മാനറിസങ്ങളുമെന്നതു കൊണ്ടാവാം ആ ജനുസിലുളള പടങ്ങളില്‍ അദ്ദേഹം കാസ്റ്റ് ചെയ്യപ്പെട്ടില്ല. സൂപ്പര്‍താരം എന്ന വിശേഷണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പോലും ഒരിക്കല്‍ മുകേഷ് പരസ്യമായി പറയുകയുണ്ടായി. മാത്രമല്ല സൂപ്പര്‍താരമാകാത്തതു കൊണ്ട് താന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നുവെന്നും ഇപ്പോള്‍ നായകനായി മാത്രമല്ല മറ്റ് നായകന്‍മാരുടെ പടങ്ങളില്‍ ഉപനായകനായും അഭിനയിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വതസിദ്ധമായ തമാശ മട്ടില്‍ അദ്ദേഹം പറഞ്ഞു.
മുകേഷ് (ചിത്രം: മനോരമ)
അയലത്തെ വീട്ടിലെ ദിലീപ്
സല്ലാപം അടക്കം മികച്ച വിജയം കൊയ്ത സിനിമകളിലെ നായകവേഷം കൊണ്ട് തന്നെ താരമൂല്യം കൈവരിച്ചിരുന്ന ദിലീപിന്റെ കരിയറില്‍ അദ്ദേഹം പോലും പ്രതീക്ഷിക്കാതെ പൊടുന്നനെ സംഭവിച്ച പടുകൂറ്റന്‍ ഹിറ്റായിരുന്നു മീശ മാധവന്‍. 1 കോടി 45 ലക്ഷത്തില്‍ തീര്‍ത്ത പടം 15 കോടിയിലധികം നേടി. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പുളള 15 കോടി എന്നത് ഇന്നത്തെ ഏത് കോടി ക്ലബ്ബില്‍ വരുമെന്ന് അനുമാനിക്കാവുന്നതേയുളളു. ആ നിലയില്‍ കണക്കാക്കുമ്പോള്‍ ദിലീപിനെയും സൂപ്പര്‍താരപദവിയില്‍ പരിഗണിക്കപ്പെടേണ്ടതാണ്. കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട, പഞ്ചാബി ഹൗസ്..എന്നിങ്ങനെ എത്രയോ ഹിറ്റുകളുണ്ടായി അദ്ദേഹത്തിന്റെ കരിയറില്‍. ഒരു കാലത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരുന്ന സിനിമകള്‍ ദിലീപ് നായകനായി വന്നതായിരുന്നു. തീയറ്റര്‍ ഷെയറിലും ദിലീപ് സിനിമകള്‍ സൂപ്പര്‍താരങ്ങളെ മറി കടന്ന കാലമുണ്ടായിരുന്നു.
എന്നിട്ടും ജനപ്രിയനായകന്‍ എന്ന ടാഗ് ലൈനിനപ്പുറം സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടാത്തതിന്റെ കുറവ് പരിഹരിക്കാന്‍ ജോഷിയുടെ ലയണ്‍, ഷാജി കൈലാസിന്റെ ഡോണ്‍ എന്നീ ചിത്രങ്ങളില്‍ ആക്ഷന്‍ ഹീറോയായി അദ്ദേഹം അരങ്ങേറി. ഡോണ്‍ ബോക്‌സോഫീസില്‍ തലകുത്തി വീണപ്പോള്‍ ലയണ്‍ വലിയ വിജയം നേടിയെങ്കിലും ദിലീപിനെ ഒരു ആക്ഷന്‍ഹീറോ പരിവേഷത്തില്‍ ഏറ്റെടുക്കാന്‍ ആരാധകര്‍ തയാറായില്ല. എന്നും ബോയ് ദി നെക്‌സ്റ്റ് ഡോര്‍ ഇമേജായിരുന്നു അദ്ദേഹത്തിന്.
പൃഥ്വിരാജിന്റെ പുതിയമുഖം
ഒരു ഫയര്‍ബ്രാന്‍ഡ് ഹീറോയ്ക്ക് വേണ്ട ഗൗരവവും ഉയരവും ലുക്കും എല്ലാമുളള പൃഥ്വിരാജിനെ വളരെ ചെറുപ്രായത്തില്‍ തന്നെ ആ തലത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമം നടത്തിയ സംവിധായകനാണ് വിനയന്‍. സത്യം അടക്കമുളള പടങ്ങളില്‍ ഗർജിക്കുന്ന പോലീസ് ഒാഫിസര്‍ വേഷങ്ങളൊക്കെ നല്‍കി വിനയന്‍ ആവുന്നത്ര പയറ്റിയെങ്കിലും ഫലം കണ്ടില്ല. പല പടങ്ങളും സാമാന്യവിജയം നേടിയെങ്കിലും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെയേ പ്രേക്ഷകര്‍ പരിഗണിച്ചുളളു. കുറച്ചുകൂടി മുതിര്‍ന്ന ശേഷം തീരെ പ്രതീക്ഷിക്കാതെ നവാഗതനായ ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖം എന്ന ചിത്രത്തിലെ ആക്‌ഷന്‍ഹീറോയായി പൃഥ്വിരാജ് കസറി. റാംഗോപാല്‍ വര്‍മ്മയുടെ ശിവ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് ആക്‌ഷന്‍ മാസ് പടത്തിന്റെ ചുവട് പിടിച്ചു വന്ന പുതിയ മുഖത്തിലെ ഫൈറ്റ് സീനുകളില്‍ അടക്കം പൃഥ്വിരാജ് പൊളിച്ചടുക്കി. ഇതാ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ എന്ന് പലരും എഴുതി. പിന്നീട് റോബിന്‍ഹുഡ് അടക്കമുളള നിരവധി സിനിമകളിലെ അമാനുഷിക മുഖമുളള ആംഗ്രി യങ്മാന്‍ വേഷങ്ങളിലുടെ പൃഥ്വി സൂപ്പര്‍താരപദവിയിലേക്ക് എത്തി. അപ്പോഴും വിശേഷണങ്ങള്‍ക്കപ്പുറം വൈവിധ്യമുളള റോളുകളില്‍ പ്രത്യക്ഷപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
പൃഥ്വിരാജ്
ചുണ്ടിനും കപ്പിനുമിടയില്‍ യുവതാരങ്ങൾ
ആകാരം കൊണ്ടും ക്ഷുഭിതനായകന്റെ മാനറിസങ്ങള്‍ രസാവഹമായി അവതരിപ്പിക്കാനുളള കഴിവ് കൊണ്ടും ആ സ്ഥാനത്ത് എത്താന്‍ കെല്‍പ്പുളള നടന്മാരാണ് നിവിന്‍പോളിയും ടൊവിനോയും ദുല്‍ക്കറും. ആക്‌ഷന്‍ ഹിറോ ബിജുവിലെ ചൂടന്‍ പോലീസ് ആഫീസര്‍ കഥാപാത്രം മാത്രം മതി നിവിനിലെ ഫയര്‍ മനസിലാക്കാന്‍. പടം വന്‍ഹിറ്റായെങ്കിലും നിവിന്‍ സൂപ്പര്‍താരപദവിയില്‍ പരിഗണിക്കപ്പെട്ടില്ല. ഓംശാന്തി ഓശാന, തട്ടത്തിന്‍ മറയത്ത്, നേരം, പ്രേമം, 1983 എന്നിങ്ങനെ എത്രയോ ഹിറ്റുകളുണ്ടായി ആ സമയത്ത് നിവിന്റെ കരിയറില്‍. എന്നാല്‍ ആ ഘട്ടത്തിലൊന്നും സൂപ്പര്‍സ്റ്റാര്‍ പരിവേഷം അദ്ദേഹത്തിന് ലഭിക്കാതെ പോയതിന്റെ കാരണം ലളിതം. ഒരു സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കാന്‍ പാകത്തിലുളള മാസ് ആക്ഷന്‍ഹീറോ കഥാപാത്രമായിരുന്നില്ല ഈ സിനിമകളിലൊന്നും അദ്ദേഹം അവതരിപ്പിച്ചത്.
നിവിൻ പോളി
മാര്‍ക്കോ ഒരുക്കിയ ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന പടത്തിലുടെ വലിയ മുന്നേറ്റം നിവിന്‍ ആഗ്രഹിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് വലിയ മുന്നേറ്റം സൃഷ്ടിച്ച നടനാണ് ദുല്‍ക്കര്‍. കുറുപ്പ് എന്ന മെഗാഹിറ്റ് കൂടി സംഭവിച്ചതോടെ വിപണന മൂല്യത്തില്‍ രണ്ട് മാറ്റങ്ങളാണ് സംഭവിച്ചത്. ഒന്ന് കേരളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലുണ്ടായ നടന്‍ (ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം). രണ്ട് തമിഴിലും തെലുങ്കിലും സ്വീകാര്യതയുണ്ടായ താരം. സ്വാഭാവികമായും സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്കുളള അദ്ദേഹത്തിന്റെ യാത്ര എളുപ്പമായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. നിരവധി ആളുകള്‍ അടങ്ങുന്ന ഒരു ടീം തന്നെ തിരക്കഥാ സെലക്ഷന്‍ പോലുളള കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. ആ കൂട്ടായ്മയുടെ ഫലമായിരുന്നു കിംഗ് ഓഫ് കൊത്ത എന്ന ആക്ഷന്‍ചിത്രം. ദുല്‍ക്കറിന്റെ വളരെ വ്യത്യസ്തമായ മുഖം അനാവരണം ചെയ്ത കൊത്തയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. മേക്കിംഗിലും വലിയ പാളിച്ചകള്‍ ഉണ്ടായതായി പറയാനാവില്ല. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ തിരക്കഥ സിനിമയെ ആകെ ഉലച്ചു. പ്രതീക്ഷിച്ച ഹൈപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല ദുല്‍ക്കര്‍ അതുവരെ ആർജിച്ച എല്ലാ നേട്ടങ്ങളെയും കൊത്ത കാറ്റില്‍ പറത്തി. പിന്നീട് മലയാള സിനിമയില്‍ അദ്ദേഹം വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ശക്തമായ തിരക്കഥയുടെ പിന്‍ബലം ഉണ്ടായിരുന്നാല്‍ ഉറപ്പായും ദുല്‍ക്കറിന്റെ ജാതകം മറ്റൊന്നായി മാറുമായിരുന്നു. ഇന്നും ഉയര്‍ന്ന സ്വീകാര്യതയുളള പാന്‍ ഇന്ത്യന്‍ ആക്ടറായി തുടരുകയാണ് ദുല്‍ക്കര്‍. എന്നാല്‍ സൂപ്പര്‍താരപദവിയിലേക്കുളള യാത്രയില്‍ അദ്ദേഹത്തിനും കാലിടറി.
ആകാരം കൊണ്ടും അഭിനയശേഷി കൊണ്ടും ഒരു സൂപ്പര്‍താരത്തിന് വേണ്ടി എല്ലാ യോഗ്യതകളുമുളള ആളാണ് ടൊവിനോ. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം തേടിയിട്ടുമുണ്ട്. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തലത്തില്‍ ബ്രഹ്‌മാണ്ഡ കളക്ഷനും തരംഗവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. 100 കോടി കടന്ന 2018 എന്ന സിനിമയുടെ ക്രഡിറ്റ് മുഴുവന്‍ പ്രളയം കൊണ്ടുപോയി. അല്ലെങ്കിലും ഒരു മാസ് മസാല ചിത്രമായിരുന്നില്ല അത്. കയ്യടി സിനിമകള്‍ ലക്ഷ്യമാക്കി നീങ്ങാതെ തനിക്ക് ഇണങ്ങുന്ന വേഷങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കുഞ്ചാക്കോ ബോബന്‍ സൂപ്പര്‍താരപദവിയേക്കാള്‍ മൂന്‍തൂക്കം നല്‍കുന്നത് ഒരു സേഫ് ഹീറോയായി കഴിയുന്നതിലാണെന്ന് തോന്നുന്നു. സൂപ്പര്‍താരമെന്ന് വിളിക്കപ്പെടാതെ തന്നെ സൂപ്പര്‍താരവും പാന്‍ഇന്ത്യന്‍താരവും മികച്ച അഭിനേതാവുമെല്ലാമായി വ്യാപകമായി ആദരിക്കപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. ആവേശം പോലുളള തട്ടുപൊളിപ്പന്‍ ഹിറ്റുകള്‍ മുതല്‍ ട്രാന്‍സ് പോലുളള വഴിമാറി നടത്തങ്ങളും കുമ്പളങ്ങി നൈറ്റ്‌സ്, ദൃക്‌സാക്ഷിയും തൊണ്ടിമുതലും, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെ വലിയ പരിവര്‍ത്തനം സൃഷ്ടിച്ച സിനിമകളും ചെയ്ത ഫഹദിന്റെ കണ്ണ് വാസ്തവത്തില്‍ താരമുല്യത്തേക്കാളുപരി അഭിനയത്തില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളിലാണ്. അഭിനയസാധ്യതയുണ്ടെങ്കില്‍ വില്ലന്‍വേഷങ്ങളിലും കാമിയോ റോളുകളിലും പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് മടിയില്ല. പരമ്പരാഗത ധാരണകള്‍ മാറ്റി വച്ചാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ഫഹദ് ഫാസില്‍.
ഒരു കാലത്ത് എല്ലാവരും എഴുതി തളളിയ നടനായിരുന്നു ഉണ്ണി മുകുന്ദന്‍. രൂപസൗന്ദര്യത്തികവും പൗരുഷവും സ്‌റ്റൈലിഷായ മാനറിസങ്ങളും ബോഡിലാംഗ്വേജും സ്വന്തമായുളള ഉണ്ണിയുടെ കരിയറില്‍ ഇടയ്‌ക്കൊക്കെ മല്ലു സിംഗ് പോലെ വിജയചിത്രങ്ങളുണ്ടായെങ്കിലും അതിന്റെയെല്ലാം ക്രഡിറ്റ് പലര്‍ക്കായി വിഭജിച്ചുപോയി. ഒരു സോളോ ആക്‌ഷന്‍ഹീറോ ക്യാരക്ടര്‍ ചെയ്ത് വിജയിക്കാനുളള ശ്രമങ്ങള്‍ കാര്യമായ വിജയം കണ്ടില്ല. മേപ്പടിയാന്‍, മാളികപ്പുറം എന്നീ പടങ്ങളില്‍ ഉണ്ണി നന്നായി അഭിനയിച്ചുവെങ്കിലും ഉണ്ണിയിലെ ഫയര്‍ പൂര്‍ണ്ണമായി ചൂഷണം ചെയ്യാന്‍ പറ്റിയ സിനിമകളുണ്ടായില്ല. അതിനുളള മറുപടിയാണ് ഏറ്റവും ഒടുവില്‍ റിലീസായ മാര്‍ക്കോ. ആ കഥാപാത്രത്തിന്റെ പശ്ചാത്തല കഥ ആരെയും വിസ്മയിപ്പിക്കുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമാണ്. തിയറ്ററുകളില്‍ ശരാശരി പ്രകടനം കാഴ്ച വച്ച മിഖായേല്‍ എന്ന ഹനീഫ് അദേനി ചിത്രത്തിലെ ഒരു കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ തന്നെ അവതരിപ്പിച്ച മാര്‍ക്കോ. ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത് നായകനിരയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു പടം ചെയ്യാന്‍ നിര്‍മ്മാതാവും സംവിധായകനും കാണിച്ച തന്റേടം അന്യാദൃശമാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും പൃഥ്വിരാജിനും ശേഷം സൂപ്പർ സ്റ്റാർ പദവിയിൽ ഇനിയാര് എന്ന ചോദ്യത്തിനുളള ഉത്തരം തേടുകയാണ് മലയാള സിനിമ. മറ്റൊരു പേര് ഇതിനിടയില്‍ കടന്നു വരണമെങ്കില്‍ കാലം ഏറെയെടുക്കും. തീവ്രമായ പരിശ്രമങ്ങളും ഭാഗ്യവും എല്ലാം ഒത്തുവരണം. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൂപ്പര്‍താരപദവി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒരേ സമയം പല ഘടകങ്ങള്‍ സമന്വയിക്കപ്പെടണം. ദുൽഖറോ, ടൊവീനോയൊ, നിവിനോ, ഉണ്ണിയോ ആരുമാകാം അത്.
Source link