തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാൻ. ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു
പീരുമേട് പുല്ലു പാറയിൽ താഴ്ചയിലേക്ക് മറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ്
പീരുമേട് (ഇടുക്കി): തീർത്ഥ യാത്രാസംഘം സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പീരുമേടിനടുത്ത് പുല്ലുപാറ ചെക്ക്പോസ്റ്റിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകളടക്കം നാലു പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് പരിക്കേറ്റു. 34 യാത്രികരും മൂന്ന് ജീവനക്കാരുമടക്കം 37 പേരാണ് ബസിലുണ്ടായിരുന്നത്. മാവേലിക്കര സ്വദേശികളായിരുന്നു തീർത്ഥ യാത്രാസംഘം.
ഞായറാഴ്ച പുലർച്ചെ മൂന്നിന് മാവേലിക്കര ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തീർത്ഥയാത്രയ്ക്ക് പോയി മടങ്ങവേ ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് കാരണം.
മാവേലിക്കര പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ മോഹനൻ നായരുടെ ഭാര്യ രമ മോഹനൻ (62), തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തിൽ സംഗീത് സോമൻ (42), മറ്റം വടക്ക് കാർത്തിക വീട്ടിൽ അരുൺ ഹരി (37), കൊറ്റാർകാവ് കൗസ്തുഭത്തിൽ ജി.കൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ബിന്ദു ഉണ്ണിത്താൻ (54) എന്നിവരാണ് മരിച്ചത്. തഞ്ചാവൂർ, മധുര ക്ഷേത്രങ്ങളിലും കമ്പത്തുമടക്കം സന്ദർശനം നടത്തിയശേഷം മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്നു.
കൊട്ടാരക്കര- ഡിണ്ടുഗൽ ദേശീയപാതയിൽ കടുവാപ്പാറ വളവിൽ എത്തിയപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഇക്കാര്യം യാത്രക്കാരോട് വിളിച്ചു പറഞ്ഞ ഡ്രൈവർ റോഡിന്റെ ഇടതുവശത്തെ തിട്ടയിലിടിച്ച് നിറുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം വിട്ട് വലത്തേക്ക് തിരിഞ്ഞ് ക്രാഷ് ബാരിയറിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചശേഷം പിറകുവശം തെന്നി താഴേക്ക് പതിക്കുകയായിരുന്നു. ആയിരം അടിയോളം താഴ്ചയുണ്ട് ഈഭാഗത്ത് കൊക്കയ്ക്ക്. 30 അടി താഴ്ചയിൽ നാല് റബർ മരത്തിൽ ബസ് തങ്ങി നിൽക്കുകയായിരുന്നു.
പരിക്കേറ്റവരെ മുണ്ടക്കയത്തെയും പാലായിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഗീത് സോമന്റെ ഭാര്യ ഹരിത ഹരി. മക്കൾ: സൗരവ്,സിദ്ധാർത്ഥ്. അരുൺഹരി അവിവാഹിതനാണ്. രമാ മോഹന്റെ മക്കൾ: മനു, രേഷ്മ. മരുമക്കൾ: വിജി, നന്ദു. ബിന്ദു ഉണ്ണിത്താന്റെ മക്കൾ: ദേവി കൃഷ്ണൻ, ദീപ കൃഷ്ണൻ. മരുമക്കൾ: രാകേഷ്, ഡോ.വിഷ്ണു.
സംഗീത് സോമന്റെ സംസ്കാരം ഇന്ന് രാവിലെ 10നും ബിന്ദു നാരായണന്റെ സംസ്കാരം ഉച്ചക്ക് 2നും നടക്കും. അരുൺ ഹരിയുടെ സംസ്കാരം നാളെ ഉച്ചക്ക് 2നും രമാ മോഹന്റെ സംസ്കാരം വൈകിട്ട് 3നും നടക്കും.
Source link