KERALAM

മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ.എസ്.ആർ.ടി.സി 5 ലക്ഷം നൽകും : മന്ത്രി

മാവേലിക്കര : പുല്ലുപാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ.എസ്.ആർ.ടി.സി 5 ലക്ഷം വീതം നൽകുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റു കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംഗീതിന്റെയും രമ മോഹനന്റെയും ബിന്ദു നാരായണന്റെയും വീടുകൾ മന്ത്രി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അപകടത്തിൽ മരിച്ച നാല് പേരുടേയും മൃതദേഹങ്ങൾ മാവേലിക്കരയിൽ എത്തിച്ചു. തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തിൽ സംഗീത് സോമന്റെ മൃതദേഹം വീട്ടിൽ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഗീത് സോമന്റെ മൃതദേഹത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാർ റീത്ത് സമർപ്പിച്ചു. മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരി, പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ മോഹനൻ നായരുടെ ഭാര്യ രമാ മോഹൻ എന്നിവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലും മാവേലിക്കര കൗസ്തുഭം വീട്ടിൽ ബിന്ദു നാരായണന്റെ മൃതദേഹം ഇടപ്പോൺ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.


Source link

Related Articles

Back to top button