ജാമ്യം കിട്ടി, അൻവർ ജയിൽ മോചിതനായി
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെ ഇന്നലെ രാത്രി 8.30ന് പി.വി.അൻവർ എം.എൽ.എ ജയിൽ മോചിതനായി. ഞായറാഴ്ച രാത്രി 9.38ന് അൻവറിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു.
അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 50,000 രൂപയുടെ ആൾജാമ്യത്തിലും പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയിലുമാണ് ജാമ്യം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം. തെളിവുകൾ നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുത്. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശിച്ചു.
എം.എൽ.എയെന്ന നിലയിൽ ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു.
Source link