ഇന്ത്യയിൽ എച്ച്എംപിവി രോഗബാധിതർ ആറായി; ഹണിറോസിന് പിന്തുണയുമായി ‘അമ്മ’– പ്രധാനവാർത്തകൾ | മനോരമ ഓൺലൈൻ ന്യൂസ് – Latest News | Breaking News
TODAY’S RECAP
ഇന്ത്യയിൽ എച്ച്എംപിവി രോഗബാധിതർ ആറായി; ഹണിറോസിന് പിന്തുണയുമായി ‘അമ്മ’– പ്രധാനവാർത്തകൾ
ഓൺലൈൻ ഡെസ്ക്
Published: January 06 , 2025 07:47 PM IST
Updated: January 06, 2025 07:54 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ആശങ്കയായി ഇന്ത്യയിലും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചതും കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതും ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്ത കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
തമിഴ്നാട്ടിലും എച്ച്‌എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ കൊൽക്കത്തയിലും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.
ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പി.വി.അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം. പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഡിഐജിക്കു സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണു കോടതി തീരുമാനം.
സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘‘ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ അഭിനേത്രി കൂടിയായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.’’– വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി.
എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പരാമർശം. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വിജയന്റെ വീട്ടിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. 9 ജവാന്മാർ വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോയ ജവാന്മാരും വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
English Summary:
Today’s Recap : Major Events Happened on 06-01-2025
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list en52f8nhfoko4autvn0fe5924 mo-news-world-countries-india-indianews mo-news-common-keralanews
Source link