എന്റെ എം. ടി കഥകൾ: സോഹൻലാൽ എഴുതുന്നു
ഇനിയെന്ത് എന്നറിയാതെ വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു സമയം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അന്ന് പ്രതീക്ഷ നൽകിയത് എം.ടിയാണ്.
അമൃത ടി വി യിൽ ജോലി ചെയ്യുമ്പോഴാണ് തിലകൻ നായകനായ ‘ഓർക്കുക വല്ലപ്പോഴും’ എന്ന സിനിമ ഞാൻ ചെയ്തത്. ആ സിനിമ യുടെ ഡിവിഡിയും എം.ടിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. തിരക്കഥയിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ സിനിമ ഒന്നുകൂടി നന്നാകുമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായം പറയുകയും ചെയ്തതാണ്.
‘ഓർക്കുക വല്ലപ്പോഴും’ റിലീസ് ആയതിനു പിന്നാലെ എന്റെ രണ്ടാമത്തെ സിനിമ അനൗൺസ് ചെയ്യപ്പെട്ടു. ദീദി ദാമോദരൻ തിരക്കഥയെഴുതി, തമ്പി ആന്റണിയും പ്രകാശ് ബാരെയും ചേർന്നു നിർമിക്കുന്ന ജയസൂര്യ നായകനാവുന്ന ‘ജിഹാദ്’ എന്നു പേരിട്ട ചിത്രം. ചിത്രീകരണം തുടങ്ങും മുൻപെ ചില പ്രത്യക സാഹചര്യങ്ങൾ കാരണം ആ സിനിമ ഞങ്ങൾ കൂട്ടായി ഉപേക്ഷിച്ചു. മറ്റൊരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കാം എന്ന് എല്ലാവരും പരസ്പരം ഭംഗി വാക്കു പറഞ്ഞു പിരിഞ്ഞു. എങ്കിലും, എന്റെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് പോയി. രണ്ടാം സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചത് പോലെ ‘ഞാൻ സിനിമാ സംവിധായകനായി’ എന്ന അഹങ്കാരത്തിൽ അമൃത ടി വി യിലെ ജോലി രാജി വച്ചിരുന്നു.
അങ്ങനെ ഇനിയെന്തു എന്നാലോചിച്ചു കിടന്ന നാളുകളിലൊന്നിലാണ് എം. ടി സാറിനെ വിളിക്കാൻ തോന്നിയത്. ജീവിതത്തിൽ വന്ന മാറ്റങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ തോന്നിയ എന്തോ ഒരു ധൈര്യത്തിൽ ‘സാറിന്റെ ഒരു കഥ എനിക്ക് സിനിമയാക്കാൻ തരുമോ’ എന്നു ചോദിച്ചു.
“പുതുതായൊന്നും എഴുതാൻ വയ്യ. എന്റെ കഥകളിലേതെങ്കിലും അനുയോജ്യമായത് ഉണ്ടോ എന്ന് നോക്കൂ,” എം. ടി. യുടെ ആ വാക്കുകൾ, ഡിപ്രെഷന്റെ വരമ്പിലൂടെ നടന്നു തുടങ്ങിയിരുന്ന എന്റെ ജീവിതത്തെ പെട്ടെന്ന് വാക്കുകളുടെ ഉത്സവ നാളുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എം. ടി. യുടെ സിനിമയാക്കാത്ത കഥകൾ തിരഞ്ഞു തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയിലും യൂണിവേഴ്സിറ്റി ലൈബ്രറിയിലും ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാലയിലും ദിവസങ്ങളോളം ഇരുന്നു. പണ്ട് ഇന്ത്യാവിഷനിൽ വച്ച് ചെയ്തിരുന്നതുപോലെ തിരുവനന്തപുരത്തു നിന്ന് രാവിലെ ജനശതാബ്ദി ട്രെയിനിൽ കയറി കോഴിക്കോട് കൊട്ടാരം റോഡിൽ ഓട്ടോയിൽ ചെന്നിറങ്ങി ഓരോ ആഴ്ചയും വായിച്ച കഥകളെ കുറിച്ച് എം.ടി യോട് പറഞ്ഞു തുടങ്ങി.
എപ്പോഴും സർ എന്നെ ക്ഷമയോടെ കേട്ടു. പക്ഷെ എനിക്ക് ഇഷ്ടം തോന്നിയ കഥകളെല്ലാം സിനിമകളായി മാറി കഴിഞ്ഞവയായിരുന്നു. അങ്ങനെയാണ്, എം.ടി.സാറിന്റെ മുന്നിലിരുന്നപ്പോഴാണ്, ആന്തോളജി എന്ന ആശയം മനസ്സിൽ ഉദിച്ചത്. അപ്പോൾ തന്നെ ‘അത് നന്നാവും’ എന്ന് എം.ടി പറഞ്ഞു. എം. ടിയുടെയും തകഴിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കഥകൾ കോർത്തിണക്കിയ ഒരു സിനിമ എന്ന തീരുമാനത്തിൽ അന്നത്തെ ചർച്ച അവസാനിച്ചു.
തൊട്ടടുത്ത ദിവസം എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എം.ടി എന്റെ ഫോണിലേക്കു വിളിച്ചു. “കഥകൾ തിരഞ്ഞെടുക്കുമ്പോൾ അതിനൊരു പൊതു സ്വഭാവം കൊണ്ട് വരുന്നത് നല്ലതാണ്,” ആമുഖമൊന്നുമില്ലാതെ എം.ടി പറഞ്ഞു: “ബന്ധങ്ങൾ എന്നൊക്കെ പറയും പോലെ…”
ഭാര്യാഭർതൃ ബന്ധത്തിന്റെ മൂന്നു തലങ്ങളിലൂടെ… മൂന്നു കുടുംബങ്ങളിലൂടെ… മൂന്നു കഥകളിലൂടെ കടന്നു പോകുന്ന ‘കഥവീട്’ എന്ന സിനിമ ഉണ്ടായത് അങ്ങനെയാണ്. കുഞ്ചാക്കോബോബൻ, ലാൽ, ഋതുപർണ സെൻഗുപ്‌ത എന്നീ താരങ്ങൾ എം. ടിയുടെ കഥാപാത്രങ്ങളായ ‘കഥവീട്’ ഉണ്ടായത് അങ്ങനെയാണ്. സിനിമയുടെ റിലീസിന്റെ തലേ ദിവസം കൊച്ചിയിൽ വച്ച് എം.ടി യെ വീണ്ടും കണ്ടു. ആ പാദങ്ങളിൽ തൊട്ടു ഞാൻ നമസ്കരിച്ചു.
ഏതാനും വർഷങ്ങൾക്കു മുൻപ് തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും മലയാളത്തിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട സാഹിത്യകാരന്മാരെയും അഭിസംബോധന ചെയ്ത് എം.ടി. സർ ചെയ്ത ഒരു പ്രസംഗശകലം ഓർമ വരുന്നു.
“ഇപ്പോൾ… ഉറങ്ങി കിടക്കുമ്പോഴൊക്കെ കാരണവന്മാർ മുന്നിൽ വന്നു തുടങ്ങി!” തുഞ്ചത്തു എഴുത്തച്ഛൻ ഉൾപ്പടെ ഉള്ള മലയാളത്തിന്റെ കാരണവന്മാർ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് എം.ടി അന്ന് എടുത്തു പറഞ്ഞു: “അവർ വന്നു ചോദിച്ചു തുടങ്ങി; നിന്നെ എഴുതാൻ വേണ്ടിയല്ലേ അങ്ങോട്ട് വിട്ടത് പിന്നെ നീ ഇപ്പോൾ എന്താണ് അത് ചെയ്യാത്തത് എന്ന്!”
നാലുകെട്ടും മഞ്ഞും കാലവും അസുരവിത്തും രണ്ടാമൂഴവും എഴുതിയ എം.ടിയാണ് ഇത് പറയുന്നത്! മനുഷ്യ മനസ്സിന്റെ രഹസ്യ ഭൂമികകളിലേക്കു മലയാള സിനിമയെ കൂട്ടിക്കൊണ്ടുപോയ തിരക്കഥാകൃത്താണ് ഇങ്ങനെ സ്വയം ചോദിക്കുന്നത്! നേട്ടങ്ങളുടെ ഭാരം ചുമക്കാതെ എൺപതാം വയസിന്റെ നിറവിലും പുതിയ കഥകളിലേക്ക് പോകാൻ കുതിക്കുന്ന എം. ടിയുടെ മനസ്സ് അന്ന് ഞങ്ങൾ അവിടെ കണ്ടു.
എഴുതാൻ ബാക്കി വച്ച ഒരുപാടു കഥകൾ ആ മനസ്സിനെ അലട്ടിയിരുന്നിരിക്കണം…
എഴുതാതെ പോയ ആ കഥകൾ എം.ടിയെ തേടി ഇപ്പോഴും ഇവിടെ അലയുന്നുണ്ടായിരിക്കണം…
Source link