ഇടുക്കിയിൽ കെഎസ്‌ആർടിസി ഡീലക്‌സ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം, മരിച്ചവർ മാവേലിക്കര സ്വദേശികൾ
ഇടുക്കി: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. ഇടുക്കി പുല്ലുപാറയിൽ ഇന്ന് രാവിലെ ആറര മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. അരുൺ ഹരി (40), രമ മോഹൻ (55),സംഗീത്(45), ബിന്ദു ഉണ്ണിത്താൻ (55) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്‌പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താൻ (55) ന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്.
ഇടുക്കിയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലാണ് അപകടസ്ഥലം. 30 അടി താഴ്‌ചയിലേക്ക് ബസ് മറിയുകയായിരുന്നു.മാവേലിക്കരയിൽ നിന്നും കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ,മധുര എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയി തിരികെവന്ന സംഘം സഞ്ചരിച്ച ഡീലക്‌സ് ബസാണ് അപകടത്തിൽ പെട്ടത്. 34 യാത്രക്കാർ അപകടസമയം ബസിലുണ്ടായിരുന്നു മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു. അപകടം നടന്നയുടൻ ബസിലുള്ളവരെ പുറത്തെത്തിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്. ബസ് ഉയർത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
തഞ്ചാവൂരിൽ നിന്ന് തിരികെ മാവേലിക്കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇന്ന് പുലർച്ചെ അഞ്ചോടെ മാവേലിക്കരയിൽ എത്തേണ്ട ബസാണിത്. ആറര മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കുള്ളവരെ പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം താഴേക്ക് പതിച്ച ബസ് ഒരു മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവായി. 30 അടി താഴ്‌ചയിലാണ് ബസ് മരത്തിൽ തങ്ങി നിന്നത്. ബസിന്റെ ബ്രേക്ക് നഷ്‌ടമായതാണ് അപകട കാരണം എന്ന് ഡ്രൈവർ പറഞ്ഞതായാണ് വിവരം. വലിയ വളവുകളുള്ള ഇവിടെ കഴിഞ്ഞ ദിവസവും അപകടം നടന്നിരുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് മുൻപ് അപകടത്തിൽ പെട്ടത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , ഇടുക്കി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി. ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധുക്കൾക്ക് 9447659645….ഹാഷിം9645947727…എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Source link