32 ദിവസം കൊണ്ട് 1831 കോടി; ബോക്‌സ്ഓഫിസിൽ ബാഹുബലി 2നെ മറികടന്ന് പുഷ്പ 2
ഇന്ത്യൻ ബോക്‌സ്ഓഫിസ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കിക്കൊണ്ട് അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’. ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്‌ഷന്‍ നേടുന്ന ചിത്രമായി മാറിയ ‘പുഷ്പ 2: ദ റൂൾ’ 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്‌ഷൻ സ്വന്തമാക്കി. ഇതോടെ ബാഹുബലി 2ന്‍റെ കലക്‌ഷനെയും ചിത്രം മറികടന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്‌ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്‌ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ആയിരം കോടിയും നേടി.
ഹിന്ദി പതിപ്പും റെക്കോർഡുകൾ തൂത്തുവാരുകയുണ്ടായി. 806 കോടിയാണ് പുഷ്പ 2വിന്റെ ഹിന്ദി പതിപ്പിന്റെ കലക്‌ഷൻ. 800 കോടി നെറ്റ് കലക്‌ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമായും പുഷ്പ 2 മാറുകയുണ്ടായി.
ലോകമെമ്പാടുമുള്ള 12,500ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കമാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ഒരുക്കിയത്. അത് ഏറെ ഫലം കണ്ടു എന്നാണ് കലക്‌ഷൻ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്.
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ഈ കഥയുടെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.
Source link