ഏഴാം നിലയിൽ നിന്ന് വീണു: എം.ബി.ബി.എസ് വിദ്യാർത്ഥിനിക്ക് ഹോസ്റ്റലിൽ ദാരുണാന്ത്യം
പറവൂർ: ഹോസ്റ്റലിലെ ഏഴാംനിലയിൽ നിന്ന് കേബിൾ ഡക്ടിലൂടെ താഴേക്ക് വീണ് എം.ബി.ബി.എസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ രണ്ടാംവർഷ വിദ്യാർത്ഥി കെ. ഫാത്തിമത് ഷഹാനയാണ് (21) മരിച്ചത്. കണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർമഹലിൽ മജീദിന്റെയും സറീനയുടെയും മകളാണ്. ഷഹാനയുടെ കബറടക്കം ഇന്ന് ചൂളിയാട് പഴയ പള്ളിയിൽ നടക്കും.
കോളേജ് വളപ്പിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ട് മണിക്ക് മരിച്ചു.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ആറരയ്‌ക്ക് കളമശേരി പാലയ്‌ക്കാമുഗൾ ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വച്ചു. ഇവിടെയാണ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. പിതാവിന് ഗൾഫിലാണ് ജോലി.
സുരക്ഷാ വീഴ്ചയുണ്ടോയോയെന്ന് പരിശോധിക്കുമെന്ന് ചെങ്ങമനാട് പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. ആലുവ ഡിവൈ.എസ്.പിയും സംഘവും സ്ഥലത്തെത്തിയിരുന്നു.
അപകടം ലിഫ്റ്റിൽ
മടങ്ങാൻ നിൽക്കവേ
# അഞ്ചാംനിലയിൽ താമസിച്ചിരുന്ന ഫാത്തിമത് ഷഹാന സഹപാഠികളെ കാണാനാണ് പത്ത് മണിയോടെ ഏഴാം നിലയിലെത്തിയത്. വൈകുന്നേരങ്ങളിൽ പല നിലകളിലും കൂട്ടുകാരികൾ ഒന്നിച്ചുകൂടുന്നത് പതിവാണ്. കുറച്ചുനേരം സാറ്റുകളിച്ചശേഷം 11ന് മടങ്ങാൻ ലിഫ്റ്റ് കാത്തുനിൽക്കവേ തൊട്ടടുത്തുള്ള കേബിൾ ഡക്ടിന്റെ നാലടി ഉയരമുള്ള സുരക്ഷാ കൈവരിയിൽ പിന്തിരിഞ്ഞുനിന്ന് പിടിച്ച് ആടുന്നത് കൂട്ടുകാരികൾ കണ്ടിരുന്നു. ഇതിനിടെ കൈവരിക്ക് മുകളിലൂടെ ഡക്ടിലേക്ക് വീഴുകയായിരുന്നു. ഡക്ടിന്റെ മേൽഭാഗം അടച്ചിരുന്ന, ഓരോ നിലയിലെയും സിമന്റ് ബോർഡുകൾ തകർത്ത് ഒന്നാം നിലയുടെ മുകളിലെ തട്ടിലേക്ക് പതിച്ചു. ശബ്ദംകേട്ടാണ് ഒപ്പമുണ്ടായിരുന്നവർ അറിഞ്ഞത്.
# സുരക്ഷാ സംവിധാനമായി കെട്ടിയ കൈവരിയിൽ കയറി ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളേജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കേബിളുകൾ കടന്നുപോകുന്ന ഒരുമീറ്റർ സമചതുരത്തിലെ ഡക്ടിലേക്ക് വീഴാതിരിക്കാൻ എല്ലാ നിലകളിലും ഇരുമ്പ് കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.
Source link