KERALAM

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളെ ജയിലിന് മുന്നിൽ വരവേറ്റ് സി.പി.എം നേതാക്കൾ

 അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ കോടതി ശിക്ഷിച്ച പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിൽ സി.പി.എം പ്രവർത്തകരുടെ വരവേൽപ്പ്. ജയിലിൽ പ്രതികൾക്ക് വായിക്കാൻ പി.ജയരാജൻ അദ്ദേഹം എഴുതിയ പുസ്തകം നൽകി.

മുൻ എം.എൽ.എയും കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗം മണികണ്ഠൻ ഉൾപ്പെടെയുള്ള അഞ്ച് പേരെ കണ്ട് സംസാരിച്ചതായി ജയരാജൻ പറഞ്ഞു.

തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾക്ക് കാണാൻ സൗകര്യം ഇതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നൽകിയത്. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് ജയിൽ മാറ്റം. പ്രിയ സഖാവേ ലാൽ സലാം…..പിന്നോട്ടില്ല…പിന്നോട്ടില്ല….പൊലീസ് വാഹനത്തിൽ നിന്ന് കെ.വി. കുഞ്ഞിരാമൻ പുറത്തിറങ്ങിയപ്പോൾ ജയിലിന് മുന്നിൽ തടിച്ചു കൂടിയ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി,. തുടർന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. തിരിച്ച് കുഞ്ഞിരാമനും പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നാലെ വാഹനത്തിൽ നിന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന പ്രതികളെയെല്ലാം മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ അഭിവാദ്യം ചെയ്തു. . നൂറു കണക്കിന് സി.പി.എം പ്രവർത്തകർ ജയിലിനു പുറത്തുണ്ടായിരുന്നു.

ഭയപ്പെടില്ലെന്ന്

പി.ജയരാജൻ

കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്ന് ജയരാജൻ പ്രതികരിച്ചു. കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണ്. അതു കണ്ടൊന്നും കമ്മ്യൂണിസ്റ്റുകാർ ഭയപ്പെടില്ല.

കണ്ണപുരത്ത് പത്ത് ആർ.എസ്.എസ്സുകാർ ചേർന്ന് വെട്ടിക്കൊന്ന റിജിത്തിന്റെ വീട്ടിൽ പോയിട്ടാണ് ഇവിടേക്ക് വരുന്നത്..ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കോളേജിനകത്ത് കയറി അവിടത്തെ വിദ്യാ‌ർത്ഥിയല്ലാത്ത ഒരു കോൺഗ്രസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. ആ കൊലക്കേസിലെ പ്രതിയെ കോൺഗ്രസ് നേതാക്കൾ കൂട്ടി നടന്നപ്പോൾ ധാ‌ർമ്മിക ബോധം എവിടെപ്പോയി?. സി.പി.എംകാർ കൊല്ലപ്പെടുമ്പോൾ ധാർമ്മിക ബോധം കാശിക്കു പോയോ ? കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ- ജയരാജൻ ചോദിച്ചു.

ഇപ്പോൾ കോടതി വിധി വന്നിട്ടുണ്ട്, നിയമപരമായ പോരാട്ടത്തിന്റെ വഴി അവ‌‌‌ർക്കുണ്ട്. തീർച്ചായായും അങ്ങനെയുള്ള വിധി പലതും പിന്നീടുള്ള ഉപരി കോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് തെളിയിച്ചിട്ടുണ്ട്. അതിനുള്ള അവസരങ്ങൾ വിനിയോഗിക്കുമെന്നാണ് പ്രതികളായ സഖാക്കൾ ‌തങ്ങളോട് പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് മുന്നോട്ട് പോകുമെന്നും ജയരാജൻ പറഞ്ഞു.


Source link

Related Articles

Back to top button